അജിത്തിന് മതിയായി, പറയുന്നത് കേൾക്കുന്നയാൾ മതി, സിനിമയുടെ തോൽവിയൊന്നും നോക്കുന്നില്ല; വിമർശനം
സൂപ്പർതാരമാണെങ്കിലും ആരാധകരുടെ പരിധി വിട്ട സ്നേഹ പ്രകടനങ്ങളോടോ ആഘോഷത്തോടെ താൽപര്യമില്ലാത്ത നടനാണ് അജിത്ത് കുമാർ. കരിയറിൽ ഏറെക്കുറെ താൽപര്യം നശിച്ച ഘട്ടത്തിലാണ് അജിത്ത് ഇപ്പോഴുള്ളതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. പ്രായമായതും പഴയ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടതുമായിരിക്കാം കാരണമെന്നും വാദമുണ്ട്. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെ പുതിയ പ്രൊജക്ട് സംബന്ധിച്ചുള്ള വാർത്ത പുറത്ത് വന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ ഡയരക്ടർ ആദിക് രവിചന്ദ്രനുമായി അജിത്ത് വീണ്ടും ഒന്നിക്കുന്ന ഈ പ്രൊജക്ട് പ്രാരംഭ ഘട്ടത്തിലാണ്.
അജിത്തിനെതിരെ വിമർശനം ഉന്നയിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് സുബെെർ. അജിത്ത് സിനിമാ കരിയറിന് ഇപ്പോൾ പ്രാധാന്യം നൽകുന്നില്ലെന്ന് സുബെെർ പറയുന്നു. മീഡിയ സർക്കിൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അജിത്തിന് കംഫർട്ടബിളായ ഡയരക്ടറാണ് ആദിക്. തോൽവിയും ജയവും വിമർശനവുമൊന്നും കാര്യമാക്കുന്നില്ല. നമ്മളെ വെച്ച് പടമെടുക്കാൻ ഒരു സംവിധായകൻ വരുന്നു. പറയുന്നത് കേൾക്കാൻ ഒരു സംവിധായകനും.

അത് മതിയെന്ന നിലയിലേക്ക് അജിത്ത് എത്തിയിരിക്കുന്നു. വർഷത്തിൽ ഒരു പടം ചെയ്യാം, ടോർച്ചർ ചെയ്യാത്ത സംവിധായകൻ മതിയെന്ന് അജിത്ത് കരുതുന്നു. ഗുഡ് ബാഡ് അഗ്ലി മെെത്രി മൂവി മേക്കേർസിന് നഷ്ടമുണ്ടാക്കി. ഇനി അജിത്ത് ചിത്രത്തിന്റെ സംവിധായകനായി ആദിക് വേണ്ടെന്ന് മെെത്രി മൂവീസ് തീരുമാനിച്ചു. ഇതോടെ ആദിക് അജിത്ത് പ്രൊജക്ടുമായി മറ്റൊരു പ്രൊഡക്ഷൻ ഹൗസിനെ സമീപിക്കുകയായിരുന്നെന്നും മെെത്രി മൂവീസ് മേക്കേർസ് പറയുന്നു.
ഒരു വർഷം നാല് മാസം അജിത്ത് സിനിമ ചെയ്യും. ബാക്കിയുള്ള ആറ് മാസങ്ങളിൽ റേസിംഗിനും. കരിയറിൽ ഇത്രെയാെക്കെ മതി എന്ന തീരുമാനത്തിലേക്ക് അജിത്ത് എത്തി. ഗുഡ് ബാഡ് അഗ്ലിയിൽ അടിസ്ഥാനപരമായി ഒരു കഥയില്ല. പത്ത് ഫെെറ്റ് സീനുകൾക്ക് ഫെെറ്റ് മാസ്റ്ററുണ്ട്. അഞ്ച് പാട്ടുകൾക്ക് ഡാൻസ് മാസ്റ്ററുണ്ട്. എഡിറ്റർ എഡിറ്റ് ചെയ്യും. അഭിനേതാക്കൾ അഭിനയിക്കും.

ഇതിന് ഒരു സംവിധായകന്റെ ആവശ്യമെന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. നിങ്ങളെ വിശ്വസിച്ച് വരുന്ന ആരാധകരെ മാത്രമാണോ ഗൗനിക്കുന്നത്. അജിത്തിന് വലിയ ശമ്പളമാണ്. പ്രൊഡക്ഷൻ കോസ്റ്റും സംവിധായകന്റെ ശമ്പളവുമെല്ലാം കൂടുതൽ. എല്ലാ തരത്തിലുള്ള പ്രേക്ഷകരും വന്നാലല്ലേ നിർമാതാക്കൾക്ക് ലാഭമുള്ളൂ.
ഗുഡ് ബാഡ് അഗ്ലിക്ക് ആരാധകർ മാത്രമേ വന്നുള്ളൂ. അടുത്ത പടത്തിലെങ്കിലും ഇത് മാറുമോ എന്നാണ് ചോദ്യം. ഈ രീതിയിൽ അജിത്ത് കംഫർട്ടബിളാണ്. ഗുഡ് ബാഡ് അഗ്ലി പോലൊരു സിനിമ ചെയ്ത് വിമർശനം നേരിട്ടിട്ടും വീണ്ടും അതേ സംവിധായകനൊപ്പം അജിത്ത് സിനിമ ചെയ്യുകയാണെന്നും സുബെെർ വിമർശിച്ചു. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ അജിത്തിനെ കാണാറില്ല.
വിജയ് ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളുടെ ഓഡിയോ ലോഞ്ചും മറ്റും ആഘോഷ പൂർവമാണ് നടത്താറ്. എന്നാൽ അജിത്തിന് ഇതിൽ താൽപര്യമില്ല. സിനിമ കഴിഞ്ഞാൽ റേസിംഗിലേക്കും കുടുംബ ജീവിതത്തിലേക്കും അജിത്ത് ശ്രദ്ധ നൽകുന്നു. 54 കാരനാണ് അജിത്ത്. മുൻ നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. ശാലിനിയെയും അജിത്തിനെ പോലെ പൊതുവേദികളിൽ അധികം കാണാറില്ല. സോഷ്യൽ മീഡിയയിലേക്ക് പോലും അടുത്തിടെയാണ് ശാലിനി വന്നത്. 2000 ത്തിലാണ് ശാലിനിയും അജിത്തും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്.


Click it and Unblock the Notifications











