ആ ശ്രമം പാളിപ്പോയി, അവനോട് മാത്രം മാന്യമായെ ഞാൻ ഇടപെടാറുള്ളു, വളർന്ന് വരുന്ന ധ്യാനാണ് അവൻ; മക്കളെ കുറിച്ച് അജു
ഒരിടവേളയ്ക്കുശേഷം നിവിൻ പോളി-അജു വർഗീസ് കോമ്പോ തിയേറ്ററിൽ കാഴ്ചക്കാരെ നിറയ്ക്കുകയാണ്. ക്രിസ്മസ് റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ അഖിൽ സത്യൻ സിനിമ സർവം മായ മികച്ച പ്രതികരണമാണ് നേടുന്നത്. ഈ വർഷം റിലീസാകുന്ന നിവിന്റെ ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലർവാടി ആർട്സ് ക്ലബ് മുതൽ തുടങ്ങിയതാണ് അജു വർഗീസ്-നിവിൻ പോളി സൗഹൃദം.
ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും നല്ലൊരു ബോണ്ടിങ്ങുണ്ട്. പൊതുവേദികളിൽ കുടുംബത്തോടൊപ്പം അജു വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. അതുകൊണ്ട് തന്നെ അജുവിന്റെ മക്കളുടെ വിശേഷങ്ങളും അധികം ലഭ്യമല്ല. ഇപ്പോഴിതാ പേളി മാണിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ മക്കളുടെ സ്വഭാവ രീതികളെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്.

രണ്ട് പ്രസവത്തിലായി നാല് മക്കളാണ് അജുവിനുള്ളത്. 2014ൽ അജുവിന് ജനിച്ച മൂത്ത ഇരട്ടകൾ ജുവാനയും എവനുമാണ്. 2016ൽ ജനിച്ച ഇളയ ഇരട്ടകൾ ജേക്കും ലൂക്കുമാണ്. അജുവും ഭാര്യ അഗസ്റ്റീനയും മക്കളെ വളർത്തുന്നതിനെക്കുറിച്ചും അവരുടെ പേരുകളെക്കുറിച്ചും പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഒരിടയ്ക്ക് താൻ മക്കളുടെ അടുത്ത് സ്ട്രിക്ടായ പിതാവായിരുന്നുവെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും അജു പറയുന്നു.
റീഫിൽ ചെയ്യാൻ പറ്റുന്ന പെർഫ്യൂം ബോട്ടിൽ എനിക്ക് കിട്ടിയപ്പോൾ ഞാൻ മക്കളോട് സംസാരിക്കുന്നതിന് ഇടയിൽ പറഞ്ഞു. ഇത് കയ്യിൽ വെച്ചേക്കാം... നിവിനെയോ മറ്റോ കാണുകയാണെങ്കിൽ അവന്റെ കയ്യിൽ വില കൂടിയ പെർഫ്യൂം കാണുകയാണെങ്കിൽ അടിച്ചുമാറ്റാമെന്ന്. അത് മോള് കേട്ടു. ശരിക്കും പെർഫ്യൂം മോഷ്ടിക്കുമോ? സോ ബാഡ് എന്നായിരുന്നു അവളുടെ മറുപടി.
അത് കേട്ടതോടെ ഞാൻ കോൺഷ്യസായി. അവളുടെ മുന്നിൽ അച്ഛൻ മോശക്കാരനാവുകയല്ലേ. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് ഉടനെ അവൾക്ക് ഞാൻ വ്യക്തമാക്കി കൊടുത്തു. മക്കളുടെ അടുത്തും ഞാനിപ്പോൾ തമാശയൊക്കെ പറയുന്ന അച്ഛനാണ്. കാരണം അവർക്ക് എന്നെ മനസിലായി. അവർക്ക് മുന്നിൽ സ്ട്രിക്ടായ അച്ഛനാകാൻ ഞാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അവർക്ക് എന്നെ പിടികിട്ടി. അതൊരു ശ്രമം മാത്രമായി. പാളിപ്പോയി. എന്റെ ഏറ്റവും ഇളയ മകനുണ്ട്.
പൊതുവെ അവന്റെ വിചാരം അവൻ ഇവിടെ അല്ല ജനിച്ചിരിക്കുന്നത് എന്നാണ്. ഒരു ദിവസം അവൻ സ്കൂൾ വണ്ടിയിൽ നിന്നും ഇറങ്ങിയശേഷം ടീച്ചറോട് പറയുകയാണ്... നാളെ വരണ്ട... അങ്ങനെയാണെങ്കിൽ എനിക്കും വരേണ്ടി വരില്ലല്ലോയെന്ന്. അവനിൽ ഞാൻ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്. അതുകൊണ്ട് വളരെ മാന്യമായി മാത്രമെ ഞാൻ അവനോട് ഇടപെടാറുള്ളു.

അല്ലെങ്കിൽ വലുതായി കഴിയുമ്പോൾ അവൻ എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നാണ് അജു തമാശയായി പറഞ്ഞത്. ഒരു വടക്കൻ സെൽഫിയിലെ ഷാജി എന്ന കഥാപാത്രത്തെ കുറിച്ചും അജു അഭിമുഖത്തിൽ സംസാരിച്ചു. കൂട്ടുകാരെ ഒരു കാര്യവുമില്ലാതെ താൻ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അജു സമ്മതിച്ചു. ഒരു വടക്കൻ സെൽഫിയിൽ ഉമേഷിനെ പ്രോത്സാഹിപ്പിക്കുന്നത് പോലെ ആരെയെങ്കിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയേണ്ടി വരും.
ഞാൻ വെറുതെ എല്ലാവരേയും പ്രോത്സാഹിപ്പിക്കും. എനിക്ക് ഇഷ്ടമാണത്. അങ്ങനെ ഞാൻ ഒരുപാട് പേരെ സംവിധായകരാക്കിയിട്ടുണ്ട്. നിവിനെ പക്ഷെ ഇതുവരെ ഞാൻ അനാവശ്യമായി പ്രോത്സാഹിപ്പിച്ചിട്ടില്ല. ഞാൻ വളരെ അധികം പ്രോത്സാഹിപ്പിച്ചപ്പോൾ ഉണ്ടായ സംവിധായകനാണ് ലവ് ആക്ഷൻ ഡ്രാമയുടേത്. അത് ധ്യാനാണ്. അവൻ എന്നെ അന്ന് തിരിച്ചും പ്രോത്സാഹിപ്പിച്ചു.
ബാത്ത്റൂമിലിരുന്ന് സിഗരറ്റ് വലിക്കുന്നതിന് ഇടയിൽ അവൻ ഒരു ഷോട്ട് ഫിലിമിന്റെ കഥ പറഞ്ഞു. അടിപൊളി ഇത് സിനിമയാക്കണമെന്ന് ഞാൻ അവനോട് പറഞ്ഞു. തിരിച്ച് അവൻ എന്നെ പ്രോത്സാഹിപ്പിച്ചത് പ്രൊഡ്യൂസറാകാനാണ്. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പറ്റിച്ചു. നിങ്ങൾക്ക് ആ സിനിമ ഒരു ഗിഫ്റ്റായി തോന്നിയെങ്കിൽ അതൊരു ഭാഗ്യം എന്നാണ് അജു വർഗീസ് പറഞ്ഞത്.


Click it and Unblock the Notifications











