ഞാന്‍ ഒരിക്കലും ലെജന്‍ഡറി ആക്ടറാവില്ല, ആര് കൂടുതല്‍ പണം തരും എന്നാണ് നോക്കാറ്; അജു വര്‍ഗീസ്
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് അജുവര്‍ഗീസ്. അടുത്ത കാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളികളെ ത്രസിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. കേരള ക്രൈം ഫയല്‍സ്, മിന്നല്‍ മുരളി, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് ഏറ്റവും അവസാനം പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ്.
നടന്‍ എന്ന രീതിയില്‍ അജുവിന് ഒരു കഥാപാത്രത്തില്‍ ബ്രേക്ക് നല്‍കിയത് കേരള വെബ് സീരീസായ കേരള ക്രൈം ഫയല്‍സ് ആണ്. ഹെലന്‍, ഫീനിക്‌സ് എന്നീ സിനിമകളിലും അജുവര്‍ഗീസ് ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒരു ലെജന്‍ഡറി ആക്ടര്‍ ആകുമെന്ന തോന്നലൊന്നും തനിക്ക് ഇല്ലെന്ന് പറയുകയാണ് അജു വര്‍ഗീസ്.

ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അജുവര്‍ഗീസ് കരിയറിനെ കുറിച്ച് സംസാരിച്ചത്. താന്‍ പണം മാത്രമാണ് നോക്കാറുള്ളതെന്നും പണ്ട് താന്‍ ഒരു നല്ല ആക്ടറാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.
'ഒരു സിനിമ ചെയ്യുമ്പോള്‍ കഥ ചോദിക്കാറില്ല. പകരം അതിന്റെ വേഷം, രൂപം എന്നീ കാര്യങ്ങള്‍ മാത്രം ചോദിക്കും. കാശിന്റെ കാര്യത്തില്‍ മാത്രമാണ് നിബന്ധനയുള്ളത്. ആരാണ് കൂടുതല്‍ കാശ് തരുന്നത് എന്ന് മാത്രമാണ് ചിന്തിക്കാറുള്ളത്. ഞാന്‍ വൈകി തിരിച്ചറിഞ്ഞു ഞാന്‍ ഇവിടുത്തെ ഒരു ലെജന്‍ഡറി ആക്ടറാവാന്‍ പോണില്ലെന്ന്. അപ്പോള്‍ പിന്നെ ഉള്ള സമയത്ത് ആരാണ് കൂടുതല്‍ കാശ് തരുന്നതെന്നേ നോക്കാറുള്ളു,' അജു വര്‍ഗീസ് പറയുന്നു.
എന്നാല്‍ മുമ്പ് താന്‍ നല്ല ഒരു കലാകാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു, നല്ല കലാകാരന്‍ ആയിരിക്കാന്‍ തന്നെക്കൊണ്ട് പറ്റില്ല എന്ന് ഞാന്‍ വൈകി തിരിച്ചറിഞ്ഞു. ഈ അടുത്ത് വരെ ആ ശ്രമം തുടര്‍ന്നു. പക്ഷെ നടക്കുന്നില്ല. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതിന് ഒരു ലിമിറ്റ് ഉണ്ട്. ഇതിനേക്കാള്‍ തനിക്ക് തന്നെ പുഷ് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ഉള്ള സമയം ഒന്ന് സമാധാനമായി ജീവിക്കുക എന്നേയുള്ളു. ഇത് അതിനുള്ള ഒരു ജോലി മാത്രമാണ് അഭിനയമെന്നും അജുവര്‍ഗീസ് പറയുന്നു.
'പലപ്പോഴും എന്റെ പ്രോജക്ടുകള്‍ ഞാന്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ അക്കാര്യത്തില്‍ സ്വയം പ്രാപ്തത കൈവരിച്ചിരുന്നു. എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസുണ്ട്, ഞാന്‍ ഡിസ്ട്രിബ്യൂട്ടറാണ്. എനിക്ക് പരിചയമുള്ള എഴുത്തുകാരുണ്ട്. പക്ഷെ പണ്ട് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടുണ്ട്. പക്ഷെ ചാന്‍സ് ചോദിച്ചവര്‍ തരാതിരുന്നിട്ടുണ്ട് എന്നല്ല. ഞാന്‍ അധികം ആരോടും ചാന്‍സ് ഒന്നും അങ്ങനെ നിര്‍ബന്ധിച്ച് മെനക്കെടുത്തി ചോദിച്ചിട്ടില്ല,' അജു വര്‍ഗീസ് പറയുന്നു.

ഇപ്പോഴും ഒരു സിനിമ അനൗണ്‍സ് ചെയ്താല്‍ ചാന്‍സ് ചോദിക്കാറുണ്ട്. അതില്‍ കൂട്ടുകാരാണ് തനിക്ക് കൂടുതലും അവസരങ്ങള്‍ തന്നിട്ടുള്ളത്. അല്ലാതെ സിനിമയിലുള്ളവരായി തന്നിട്ടുള്ളത് വളരെ കുറവാണ്. കേരള ക്രൈം ഫയല്‍സിലൂടെ ഉണ്ടായ പ്രതിച്ഛായ മാറ്റം മാത്രമേ നടന്നുള്ളു. അതുകൊണ്ട് വലിയ മെച്ചമൊന്നുമില്ലെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തന്നെ എല്ലാ തീരുമാനങ്ങളും വിട്ടു. ആര് കൂടുതല്‍ കാശ് തരുന്നോ അവന്റെ കൂടെ സിനിമ ചെയ്യുക എന്നേ ഉള്ളു. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലായാലും നല്ലകാശ് കിട്ടി. വിശാഖ് സുഹൃത്തായിട്ടും വിനീതിന്റെ പടമായിട്ടും, മെറിലാന്‍ഡ് സ്റ്റുഡിയോ ഒക്കെ ആയാലും, എനിക്ക് കൂട്ടുകാര്‍ നല്ല പൈസ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ തന്നത്. അത് പക്ഷെ അപൂര്‍വ്വമാണ്. കാരണം കൂട്ടുകാരാണ് സാധാരണ ഗതിയില്‍ ആദ്യം മുതലെടുക്കുക എന്നും അജു വര്‍ഗീസ് പറഞ്ഞു.


Click it and Unblock the Notifications