അതിന് കാരണമായത് ഇങ്ങനെയൊരു വ്യക്തിയാണ്; ഇന്നുമത് സംഭവിക്കുന്നു; സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് അജു
തുടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് അജു വർഗീസ്. കോമഡി വേഷങ്ങളിൽ കൂടുതലായും കണ്ട അജു അടുത്തിടെ കേരള ക്രൈം ഫയൽസ് എന്ന സീരീസിൽ പ്രധാന വേഷത്തിലെത്തി കൈയടി നേടി. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും തെരെഞ്ഞെടുക്കാൻ അജു വർഗീസ് ഇന്ന് ശ്രമിക്കുന്നു. 2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അജു ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള സിനിമകൾ നടന് ജനപ്രീതി നേടിക്കൊടുത്തു. തുടരെ കോമഡി വേഷങ്ങളിലെത്തിയത് ഒരു ഘട്ടത്തിൽ നടൻ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടതിനും കാരണമായി. കരിയറിൽ ഉയർച്ച താഴ്ചകൾ അജുവിന് ഒരുപോലെ വന്നിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഉൾപ്പെടെ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള അജുവിന്റെ ഒരുപിടി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അജു വർഗീസ്.

ഇന്ന് സിനിമാ ലോകത്ത് വന്ന മാറ്റങ്ങൾക്ക് സന്തോഷ് പണ്ഡിറ്റിനും പങ്കുണ്ടെന്ന് അജു വർഗീസ് പറയുന്നു. ഇന്ന് ആർക്കും സിനിമ തിയറ്ററിലേക്ക് കൊണ്ട് വരാമെന്ന ധൈര്യം നൽകിയവരിൽ പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റാണ്. അന്ന് സോഷ്യൽ മീഡിയ പോലും സജീവമല്ല. അദ്ദേഹമത് ചെയ്ത് ധൈര്യം കിട്ടിയപ്പോഴാണ് മൊബൈലിലോട്ട് വരെ സിനിമ വരാൻ കാരണമാകുന്നത്.
ഇന്ന് അത് എത്തിക്കഴിഞ്ഞെന്നും അജു വർഗീസ് അഭിപ്രായപ്പെട്ടു. അദ്ദേഹം നമ്മളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പോലത്തെ വേഷവിധാനങ്ങളും രീതികളും ഇന്നും സംഭവിക്കുന്നുണ്ട്. മുൻകൂട്ടി കാണലായേ അത് കാണാൻ പറ്റൂ. അന്ന് കോമാളിയായി ചിത്രീകരിച്ചവരുണ്ട്. പക്ഷെ നമുക്ക് തെറ്റ് സംഭവിച്ചാൽ തിരുത്തണം. ആർക്കും സിനിമ തിയറ്ററിലെത്തിക്കാം, സിനിമ ചെയ്യാമെന്ന് ഞാനതിൽ നിന്ന് മനസിലാക്കി.

സിനിമ പലർക്കും വിദൂരമായ സ്വപ്നമായിരുന്നു. ഇന്നത് സ്വപ്നമല്ല. യാഥാർത്ഥ്യമാണ്. അത് കുറച്ച് കൂടി കാരണമായത് ഇങ്ങനെയൊരു വ്യക്തി കാരണമാണെന്നും അജു വർഗീസ് പറഞ്ഞു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ചെറിയ മുതൽ മുടക്കിൽ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സിനിമകൾ സാമ്പത്തിക ലാഭമുണ്ടാക്കുന്നത് സിനിമാ ലോകത്ത് നേരത്തെ ചർച്ചയായിട്ടുണ്ട്. 2011 ൽ കൃഷ്ണനും രാധയും എന്ന സിനിമയുമായാണ് സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.
ആരും പ്രതീക്ഷിക്കാത്ത വിജയം സിനിമ നേടി. പാട്ടുകളും യൂട്യൂബിൽ വൈറലായി. സിനിമ തീരെ മോശമാണെന്നും കൗതുകത്തിന്റെ പുറത്താണ് ജനം തിയറ്ററിലെത്തിയതെന്നും അഭിപ്രായങ്ങൾ വന്നു. വ്യാപകമായി ട്രോളുകൾ വന്നപ്പോൾ സന്തോഷ് പണ്ഡിറ്റിന് ഇത് അവഗണിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. കേരളത്തിൽ സന്തോഷ് പണ്ഡിറ്റിനെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ നടന്നു. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലും സന്തോഷ് പണ്ഡിറ്റ് മത്സരാർത്ഥിയായെത്തി. ഇന്ന് ലൈം ലൈറ്റിൽ പഴയത് പോലെ സന്തോഷ് പണ്ഡിറ്റിനെ കാണാറില്ല.


Click it and Unblock the Notifications











