'പോസിറ്റിവിറ്റി വളരെ കുറവുള്ളയാളാണ്, സമയം കളയാൻ വലിയ താൽപര്യമില്ല'; അജു വെള്ള ഷർട്ട് ധരിക്കുന്നതിന് പിന്നിൽ!
2010ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അജു വർഗീസ്. തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള സിനിമകൾ നടന് ജനപ്രീതി നേടിക്കൊടുത്തു. കരിയറിൽ ഉയർച്ച താഴ്ചകൾ അജുവിന് പലപ്പോഴായി വന്നിട്ടുണ്ട്. സഹനടനായും കോമേഡിയനായും കരിയർ ആരംഭിച്ച അജു ഇപ്പോൾ വില്ലൻ, നായകൻ തുടങ്ങി എല്ലാ റോളുകളും മനോഹരമായി കൈകാര്യം ചെയ്യും. അജുവിന്റെ ഏറ്റവും പുതിയ റിലീസ് സ്വർഗമാണ്.
സിനിമകളും ഫാഷൻ മാഗസീനുകളും ചാനലുകളും ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം വന്ന് കൈപിടിക്കുമ്പോൾ ഫാഷൻ ലോകത്ത് അനുനിമിഷം അരങ്ങേറുന്ന അപ്‌ഡേഷൻസെല്ലാം നോക്കാതിരിക്കാൻ തരമില്ലല്ലോ മലയാളിക്ക്. അതിൽ താരങ്ങളുടെ ഫാഷൻസാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കാറുള്ളത്.

ഇന്ന് മലയാളത്തിലുള്ള സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മുതൽ യുവ പ്രതിഭ നസ്ലിൻ വരെ ഓഫ് സ്ക്രീനിലും സ്റ്റൈലിഷായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരമൂല്യമുള്ള താരങ്ങൾക്കും സ്റ്റൈലിഷ് വസ്ത്രങ്ങളും ചെരുപ്പുകളും ആക്സസറീസും വരെ സ്പോൺസർ ചെയ്യാൻ അത്തരം സ്ഥാപനങ്ങളും ക്യൂ നിൽക്കുകയാണ്.
എന്നാൽ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നിട്ടും ഫാഷനോട് വലിയ കമ്പമില്ല അജു വർഗീസിന്. കഥാപാത്രങ്ങൾക്ക് വേണ്ടിയല്ലാതെ ഒരിക്കൽ പോലും ഓഫ് സ്ക്രീനിൽ പുതിയ ഫാഷൻ വസ്ത്രങ്ങളിലോ വിവിധ നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചോ അജു എത്താറില്ല. എല്ലായിടത്തും എത്തുമ്പോൾ വെളുത്ത നിറത്തിലുള്ള സോഫ്റ്റ് കോട്ടൺ ഷർട്ട് മാത്രമാണ് ധരിക്കാറുള്ളത്.
പാന്റായാലും മുണ്ടായാലും ധരിക്കുന്ന ഷർട്ട് വെളുത്ത നിറത്തിലുള്ളത് തന്നെയാകും. പുതിയ നിറങ്ങൾ പരീക്ഷിച്ച് സ്റ്റൈലിഷാകുന്നതിനോട് അജുവിന് താൽപര്യവുമില്ല. വെളുത്ത നിറമുള്ള വസ്ത്രങ്ങളിൽ എപ്പോഴും മലയാളികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നയാൾ യേശുദാസാണ്. അദ്ദേഹം കാലാകാലങ്ങളായി വെള്ളയും വെള്ളയുമാണ് ധരിക്കാറുള്ളത്. അതേ പാത പിന്തുടരുകയാണോ അജുവെന്ന സംശയവും ആരാധകർക്കുണ്ട്.
എന്നാൽ അതൊന്നുമല്ല അജു വെള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള കാരണം. താരം തന്നെ അടുത്തിടെ സ്വർഗം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെള്ളം വസ്ത്രം മാത്രം ധരിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. സമയം കളയാൻ താൽപര്യമില്ലെന്നതാണത്രെ അജു വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്നതിന് പിന്നിലെ കാരണം.

ഒരുപാട് കൺഫ്യൂസ്ഡാവാതിരിക്കാനാണ് വെള്ള ഷർട്ടുകൾ തന്നെ എപ്പോഴും ധരിക്കുന്നത്. പോസിറ്റിവിറ്റി വളരെ കുറവുള്ളയാളാണ് ഞാൻ. ഭയങ്കര ചെറ്റയാണ്. സമയം കളയാൻ വലിയ താൽപര്യമുള്ളയാളല്ല ഞാൻ. ഡ്രസ്സൊക്കെ പോയി ചൂസ് ചെയ്ത് എടുക്കാനും മടിയാണ്. ആ മടിയുടെ ഭാഗമായിട്ട് നിരന്തരം ഞാൻ വെളുത്ത ഷർട്ട് ധരിക്കുന്നതിനെ കണ്ടാൽ മതിയെന്നാണ് അജു വർഗീസ് പറഞ്ഞത്.
ബോഡി ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കാത്തതിന്റെ കാരണവും അജു വെളിപ്പെടുത്തി. കേരള ക്രൈം ഫയൽസിൽ അഭിനയിച്ചപ്പോൾ ഞാൻ എന്റെ കുടവയർ വലിച്ചുകെട്ടിയിരുന്നു. കാരണം പോലീസിന്റെ ഒരു ഫിസിക്ക് വേണമെന്ന് അവർ പറഞ്ഞിരുന്നു. ടൊവിനോയുടെ അത്രത്തോളം ഡെഡിക്കേഷൻ സിനിമയോട് എനിക്കില്ല. സമർപ്പിത ജീവിതമുണ്ടെങ്കിലെ പാൻ ഇന്ത്യൻ സ്റ്റാറൊക്കെ ആകാൻ പറ്റു.
അല്ലെങ്കിൽ വയറും കാണിച്ച് ഇവിടെ ഇങ്ങനെ അമ്മാവനും അനന്തരവനുമൊക്കെയായി അഭിനയിക്കാം. അതുകൊണ്ടാണ് വിനീത് ഒരു അഭിമുഖത്തിൽ എല്ലാവർക്കും പൃഥ്വിരാജാകാൻ പറ്റില്ലല്ലോയെന്ന് പറഞ്ഞതെന്നും അജു പറയുന്നു. മുപ്പത്തൊമ്പതുകാരനായ താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും ഹിറ്റായ സിനിമ അജയന്റെ രണ്ടാം മോഷണമാണ്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അജു ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications











