സമയ കുറവിനെ ചൊല്ലി അടി കൂടിയിട്ടുണ്ട്! മക്കള്‍ വന്നതിന് ശേഷമുള്ള കമന്റുകളെ കുറിച്ച് അജുവിന്റെ ഭാര്യ
നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും നാല് മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം കുട്ടികളുടെ വസ്ത്രങ്ങള്‍ ഉള്ളൊരു ഷോപ്പ് അഗസ്റ്റീന തുടങ്ങിയിരുന്നു. ഇരട്ടകളായ മക്കള്‍ക്ക് വേണ്ടി ഡ്രസ് വാങ്ങാന്‍ നടക്കുന്ന കഷ്ടപാട് കൊണ്ടായിരുന്നു അത്തരമൊരു ഷോപ് തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് താരദമ്പതികള്‍ പറഞ്ഞിരുന്നു.
രണ്ട് തവണയും ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു അജുവിന് ജനിച്ചത്. അന്നൊക്കെ ഒരുപാട് പേര്‍ ഇരുവരെയും കളിയാക്കിയിരുന്നു. എന്നാല്‍ അതില്‍ ചില കമന്റുകള്‍ വലിയ രീതിയില്‍ സങ്കടമുണ്ടാക്കിയെന്ന് പറയുകയാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപത്‌നിയുടെ വെളിപ്പെടുത്തല്‍.

എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്ന് കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍ ഐസിയുവി യില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ വന്നത്. അയക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ഥ സംഭവമെന്ന് അറിയില്ല. അന്ന് കുറേ കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അതൊന്നും പ്രശ്‌നമല്ലാതെയായി.

ഞങ്ങള്‍ ആറ് പേരും നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്. ആ ഫോട്ടോയില്‍ നാല് കുഞ്ഞുങ്ങളുണ്ടെന്ന് പോലും ഓര്‍ക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം.ഞാന്‍ എന്താണെന്ന്. അത് നോക്കി ജീവിച്ചാല്‍ മതിയല്ലോ. സിനിമാ തിരക്കുകള്‍ക്കിടയില്‍ വളരെ കുറച്ച് സമയം മാത്രമാണ് അജുവിന് കുടുംബത്തിന് വേണ്ടി മാറ്റി വെക്കാന്‍ ലഭിക്കുന്നത്.

സമയ കുറവിനെ ചൂണ്ടിക്കാട്ടി ആദ്യമൊക്കെ കുറേ വഴക്കിട്ടിട്ടുണ്ട്. പിന്നെ വഴക്കിട്ടിട്ട് കാര്യമില്ല എന്ന് മനസിലായി. അവര്‍ക്ക് സിനിമ വളരെ ഇഷ്മാണ്. അഭിനയം മാത്രമായിരുന്നപ്പോള്‍ പറഞ്ഞിരുന്നത് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇഷ്ടം പോലെ സമയം കിട്ടും എന്നൊക്കെയായിരുന്നു. എന്നാലിപ്പോള്‍ തീരെ കാണാന്‍ കിട്ടാതെയായെന്ന് അഗസ്റ്റീന പറയുന്നു.

ആദ്യമൊക്കെ അഭിനയത്തെ കുറിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ രണ്ട് തവണ പോയതിന് ശേഷം അഭിപ്രായം പറയാന്‍ തോന്നാറില്ല. ഞാനിത് വരെ രണ്ട് ലൊക്കേഷനിലെ പോയിട്ടുള്ളു. അവിടെ പോയി കഴിഞ്ഞപ്പോഴാണ് ഷൂട്ടിങിന്റെ ബുദ്ധിമുട്ടുകള്‍ മനസിലായത്. ചുമ്മാ കാണുന്നവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അത് വളരെ എളുപ്പമാണ്. പക്ഷേ ഒരു ടേക്ക് ഓകെ ആവുന്നതിന് എത്ര മാത്രം ബുദ്ധിമുട്ട് ഉണ്ടെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അതിന് ശേഷം ഇനി അഭിനയത്തെ കുറിച്ച് കമന്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ചു. എല്ലാത്തിന്റെയും പോസിറ്റീവ് വശം മാത്രമാണ് ഇപ്പോള്‍ നോക്കുന്നതെന്നും അഗസ്റ്റീന സൂചിപ്പിച്ചു.

ഡിസൈനറായിരുന്ന അഗസ്റ്റീനയ്ക്ക് തട്ടത്തിന്‍ മറയ്ത്ത് സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിയ്ക്കും കുര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഢപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. പിന്നാലെ ജാക്കും ലൂക്കും ജനിച്ചു. തന്റെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ടെന്നാണ് ടീന പറയുന്നത്.


Click it and Unblock the Notifications