'നിർമാതാക്കൾക്ക് പോലും അന്ന് ആ കാറില്ല; ഒന്നും സമ്പാദിച്ചില്ല; പതിനായിരം രൂപ മാറ്റി വെച്ചിരുന്നെങ്കിൽ...'
സിനിമാ ലോകത്തിന് മറക്കാനാകാത്ത തിരക്കഥാകൃത്താണ് ജോൺ പോൾ. അനശ്വരമായ സിനിമകളുടെ തിരക്കഥയെഴുതിയ ജോൺ പോളിന്റെ കഥ പറച്ചിലിലെ മികവ് ഏവരും എടുത്ത് പറഞ്ഞിട്ടുണ്ട്. ഹൃദ്യമായ ഭാഷയിലെ ജോൺ പോളിന്റെ സംസാരത്തിന് ആരാധകർ ഏറെയായിരുന്നു. നൂറിലധികം സിനിമകൾക്ക് ഇദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജോൺ പോൾ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
ജോൺ പോൾ, കലൂർ ഡെന്നിസ് ഉൾപ്പെടെയുള്ള പ്രഗൽഭ തിരക്കഥാകൃത്തുക്കളെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായനകനുമായ എകെ സാജൻ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നന്നു ഇദ്ദേഹം. എഴുത്തിൽ എന്റെ ഗുരുനാഥൻമാർ അവരൊക്കെ തന്നെയാണ്. അവരിൽ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല. അവരുടെ സിനിമകൾ കണ്ടാണ് പഠിച്ചത്. ജോൺ പോൾ കഥ പറയുന്ന രീതിയെക്കുറിച്ചും എകെ സാജൻ ചൂണ്ടിക്കാട്ടി.

കഥ പറഞ്ഞ ശേഷം ഇങ്ങനെയല്ല ഉദ്ദേശിച്ചത്, പക്ഷെ പറഞ്ഞ് കഴിഞ്ഞപ്പോൾ ഇങ്ങനെയായതാണെന്ന് ജോൺ പോൾ സർ പറയും. ഉള്ളിലെ എഴുത്തുകാരനാണ് സംസാരിക്കുന്നത്. ജോൺ പോൾ സാറിന്റെ ഗദ്യത്തിന്റെ മനോഹാരിതയെക്കുറിച്ച് പറയേണ്ട കാര്യമില്ല. സാഹിത്യവും രാഷ്ട്രീയവും അറിയാമായിരുന്നു. സിനിമയ്ക്ക് വേണ്ടി മാത്രമല്ല വായിക്കേണ്ടത്.
കുറവുകളെന്തെന്നാൽ സമ്പാദിക്കണം എന്ന് താൽപര്യം ഉള്ളവർ ആയിരുന്നില്ല. അവർ എഴുതുക തന്നെയായിരുന്നു. കിട്ടുന്ന പൈസ മദ്യപിച്ച് കളഞ്ഞു എന്നല്ല പറയുന്നത്. എല്ലാം അന്നന്ന് തന്നെ ചെലവാക്കി. നൂറോളം സിനിമകൾ ചെയ്തവരാണ്. മലയാളത്തിൽ ഒരു വിദേശ കാർ ആദ്യമായി സ്വന്തമാക്കുന്നത് ജോൺ പോൾ സാറാണ്. അന്ന് പ്രൊഡ്യൂസർക്ക് പോലും ആ കാറില്ല. ആ കാറിൽ അദ്ദേഹം ചെന്നെയിൽ പോകും.

അദ്ദേഹത്തെ കാണാൻ കമൽ ഹാസനും ഭാരതി രാജയും ഉൾപ്പെടെയുള്ളവർ വരും. സ്റ്റാർ റൈറ്ററായിരുന്നു. തെലുങ്കിലെ പ്രമുഖർക്കും മലയാളത്തിലെ അറിയപ്പെടുന്ന തിരക്കഥാകൃത്ത് ജോൺ പോൾ ആയിരുന്നെന്നും എകെ സാജൻ ചൂണ്ടിക്കാട്ടി. ഇവരൊന്നും തന്നെ വലിയ ഫ്ലാറ്റുകൾ വാങ്ങാനോ സ്ഥലം വാങ്ങാനോ തയ്യാറായില്ല. അന്ന് കൊച്ചി വാണിജ്യപരമായി വളർന്ന് വരുന്നതേയുള്ളൂ.
ഡെന്നിച്ചായൻ 150 സിനിമകളോളം എഴുതിയ ആളാണ്. ഒരുപടത്തിൽ നിന്ന് പതിനായിരം രൂപ മാറ്റി വെച്ച് കുറച്ച് സ്ഥലം വാങ്ങിയിട്ടിരുന്നെങ്കിൽ അദ്ദേഹം ഇന്ന് കോടീശ്വരനിൽ കോടീശ്വരനാണ്. അതൊന്നും അവർ ശ്രദ്ധിച്ചില്ല. അതേസമയം പുതിയ തലമുറ സമ്പാദിക്കുന്നവരാണെന്നും എകെ സാജൻ വ്യക്തമാക്കി. ജോൺ പോളിന്റെ അവസാന കാലത്ത് മരുന്നിനും ആശുപത്രിന് ചെലവിനും പോലും ബുദ്ധിമുട്ടായിരുന്നല്ലോ എന്ന ചോദ്യത്തിനും എകെ സാജൻ മറുപടി നൽകി.
അത് അവരുടെ വ്യക്തിപരമായ ചില കാര്യങ്ങളാണ്. എങ്കിൽ പോലും അവരെല്ലാം ഭാഗ്യം ചെയ്തവരാണ്. അവർ നട്ടു വളർത്തിയ സംഘടന അവരെ സംരക്ഷിച്ചു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഓടിയെത്തുന്ന തലമുറ എറണാകുളത്തുണ്ട്. മമ്മൂക്കയും ലാൽ സാറും വിളിച്ചാൽ വിളിപ്പുറത്താണ്. ആ തലമുറ പരസ്പരം കണക്ടായിരുന്നെന്നും എകെ സാജൻ ചൂണ്ടിക്കാട്ടി. ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ സിനിമകളുടെ തിരക്കഥയെഴുതിയത് എകെ സാജനാണ്.


Click it and Unblock the Notifications











