മമ്മൂക്കയ്ക്ക് കുറി തൊട്ടതിന് പിന്നിൽ; അന്ന് കഥ കേട്ട് ലാൽ സർ അസ്വസ്ഥനായി; എകെ സാജൻ പറയുന്നു
മലയാള സിനിമാ രംഗത്ത് ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പേരെടുത്ത തിരക്കഥാകൃത്താണ് എകെ സാജൻ. കാശ്മീരം, ക്രെെം ഫയൽ, ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയത് എകെ സാജനാണ്. മമ്മൂട്ടിയെ നായകനാക്കി എകെ സാജൻ തിരക്കഥയെഴുതിയ സിനിമയാണ് 1993 ൽ പുറത്തിറങ്ങിയ ധ്രുവം.
നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. ജോഷിയാണ് ധ്രുവം സംവിധാനം ചെയ്തത്. ഇതേവർഷം എകെ സാജന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ബട്ടർഫ്ലെെസ്. ഈ രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ജോൺ പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

കഥ കേട്ടപ്പോൾ മമ്മൂക്ക ഓക്കെയായിരുന്നു. വേഷവിധാനങ്ങൾ യാദൃശ്ചികമായി സംഭവിച്ചതാണ്. അടയാറിലാണ് ആദ്യ ഷൂട്ടിംഗ്. മമ്മൂക്ക വന്ന് വെള്ള മുണ്ട് ധരിച്ച് പുള്ളിയെ കാണുമ്പോൾ മന്നാടിയറാണ്. പക്ഷെ കുറി ഞങ്ങൾ എഴുതിയിരുന്നില്ല. രാജൻ എന്ന പ്രൊഡ്യൂസർ വന്ന് കുറി കൂടി ഉണ്ടെങ്കിൽ ഗംഭീരമായിരിക്കും എന്ന് പറഞ്ഞു. ഞങ്ങൾ ജോഷി സാറുടെ കാതിൽ പറഞ്ഞു. ജോഷി സാർക്ക് മടിയൊന്നുമില്ല. മമ്മൂക്കയോട് പറഞ്ഞപ്പോൾ കുറി തൊട്ട് വന്നു. ഭയങ്കര ചൈതന്യം വന്നു. മനപ്പൂർവം കുറി കൊണ്ട് വന്നതല്ല. അപ്പോൾ അത്രയേ ആലോചിക്കുന്നുള്ളൂ.
ഫ്രെയിം ബ്യൂട്ടിക്ക് വേണ്ടിയാണ് ഹൈന്ദവ ബിംബങ്ങൾ ഉപയോഗിച്ചത്. രാഷ്ട്രീയ വായനകളൊക്കെ പിന്നെയാണ് വന്നത്. ആ സിനിമയിൽ കാണിച്ചത് പോലെ മന്നാടിയർമാർ അധികാരികളൊന്നുമില്ല. സാധാരണക്കാരാണ്. കുറച്ച് ഭൂസ്വത്തുക്കളുള്ള ജന്മിമാരാണ്. ആ സിനിമയ്ക്ക് ശേഷം മന്നാടിയാർമാർ സവർണ ജന്മിമാരാണെന്ന് പറഞ്ഞ് ക്രൂശിക്കപ്പെട്ടെന്നും എകെ സാജൻ വ്യക്തമാക്കി. ബട്ടർഫ്ലെെസ് എന്ന സിനിമയ്ക്ക് പിന്നിലെ കഥയും ഇദ്ദേഹം പങ്കുവെച്ചു.

ഓസ്ട്രേലിയ എന്ന സിനിമ ഒരാഴ്ച ഷൂട്ട് ചെയ്ത് വെച്ചിരുന്നു. അതിന്റെ സ്ക്രിപ്റ്റ് ശരിയായിട്ടില്ല. സ്ക്രിപ്റ്റ് ഒന്ന് തിരുത്തണം എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ഞാൻ ഉടനെ പെട്ടിയൊക്കെയെടുത്ത് തിരുവനന്തപുരത്തേക്ക് പോയി. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ. കഥ മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഞാൻ എഴുത്ത് തുടങ്ങി. ഒരു വിധത്തിൽ തിരക്കഥ തീർത്തു. കഥ പറയാൻ ലാൽ സാറിന്റെ വീട്ടിൽ ചെന്നു. വായിച്ച് തുടങ്ങി ഇരുപത് മിനുട്ട് കഴിയുമ്പോഴേക്കും ലാൽ സാറിന്റെ മുഖം മാറി. സെക്കന്റ് ഹാഫ് എത്തിയതോടെ അദ്ദേഹം അസ്വസ്ഥനായി.
ലാൽ സാർ അധികമൊന്നും മുഖത്ത് കാണിക്കില്ല. മുഴുവൻ കേട്ടിട്ടേ പറയൂ. എല്ലാം കഴിഞ്ഞിട്ട് ലാൽ സർ നിർമാതാവ് സുരേഷ് കുമാറിനെ വിളിച്ച് പുറത്ത് പോയി. തിരിച്ച് വന്ന് ലാൽ സർ അകത്തേക്ക് പോയി. സുരേഷ് അന്നേ സത്യസന്ധനായ പ്രൊഡ്യൂസറാണ്. ഇവരെ പറഞ്ഞ് വിട്ടോ എന്നാണ് സുരേഷിനോട് അദ്ദേഹം പറഞ്ഞത്. പത്ത് മിനുട്ട് കൊണ്ട് താൻ പുതിയൊരു കഥ പറയാമെന്ന് പറഞ്ഞു. സുരേഷ് അകത്ത് പോയി സംസാരിച്ചപ്പോൾ ലാൽ സർ വീണ്ടും വന്നു. അത് അദ്ദേഹത്തിന്റെ മഹത്വം. അങ്ങനെ പറഞ്ഞ കഥയാണ് ബട്ടർ ഫ്ലെെസിന്റേതെന്നും എകെ സാജൻ വ്യക്തമാക്കി.


Click it and Unblock the Notifications











