'അമ്മയുടെ ചെറുപ്പം തേടി എവിടേയും പോകണ്ട... ഇത് കുട്ടി മാധവി തന്നെ...'; മാധവിയുടെ മകൾ ടിഫാനിയോട് ആരാധകർ!
ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവൻ കരയിച്ച നായികയാണ് നടി മാധവി. താരത്തിന്റെ പേര് കേൾക്കുമ്പോൾ ആകാശദൂതും അതിലെ ഇമോഷണൽ രംഗങ്ങളും പാട്ടുകളുമാണ് മലയാളിക്ക് ഓർമ വരിക.
വടക്കൻവീരഗാഥയിൽ ഉണ്ണിയാർച്ചയായി പകർന്നാടിയും പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് മാധവി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള മാധവി മലയാളി അല്ലെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഗോവിന്ദ സ്വാമിയുടെയും ശശിരേഖയുടെയും മകളായി വിജയലക്ഷ്മി എന്ന മാധവി 1962ൽ ഹൈദരാബാദിലാണ് ജനിച്ചത്.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ച മാധവി 1976ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് സംവിധായകൻ കെ.ബാലചന്ദറിന്റെ മനോചരിത്ര എന്ന തെലുങ്ക് ചിത്രത്തിൽ സഹനടിയുടെ വേഷത്തിൽ മാധവി എത്തി.

1981ൽ ഈ ചിത്രം എക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.
പതിനഞ്ചാം വയസ് മുതൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന മാധവിയുടെ മാൻ മിഴികൾക്കായിരുന്നു ആരാധകർ ഏറെയും. തെന്നിന്ത്യൻ താരങ്ങൾക്ക് അന്യമായിരുന്ന ഹിന്ദി സിനിമ ലോകത്ത് ശ്രീദേവിക്കുശേഷം അക്കാലത്ത് ആഘോഷിക്കപ്പെട്ട ഒരു സൗത്ത് ഇന്ത്യൻ നടി കൂടിയായിരുന്നു മാധവി. ഏതുതരം റോളിലും മികച്ച പ്രകടനമായിരുന്നു മാധവിയുടേത്.
പ്രണയവും കാമവും സങ്കടങ്ങളും നിരാശയും കോപവും എല്ലാം വളരെ നന്നായി പ്രതിഫലിപ്പിക്കാൻ മാധവിക്ക് കഴിഞ്ഞു. മലയാളത്തിൽ ആണെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു മാധവിയുടെ കഥാപാത്രങ്ങളെല്ലാം.
മലയാളത്തിൽ മാധവി ചെയ്ത ഏറ്റവും അവസാനത്തെ സിനിമ ആയിരം നാവുള്ള അനന്തനായിരുന്നു. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസുകാരനായ റാൽഫ് ശർമ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്ന് മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്.

സിനിമയിൽ സജീവമല്ലെങ്കിലും മാധവിയുടെ വിശേഷങ്ങളെല്ലാം ആരാധകർ സോഷ്യൽമീഡിയ വഴി അറിയുന്നുണ്ട്. മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും അവർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളെ കുറിച്ചുമെല്ലാം മാധവി സോഷ്യൽമീഡിയ പോസ്റ്റ് വഴി വാചാലയാകാറുണ്ട്. മക്കളുടെ പിറന്നാൾ ദിനത്തിൽ അവരുടെ ചിത്രങ്ങളും മനോഹരമായ ഒരു കുറിപ്പും മാധവി പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ താരം ഇളയമകൾ ടിഫാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകൾ... നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു. നിനക്ക് എല്ലാ ആശംസകളും നേരുന്നു എന്നാണ് മാധവി കുറിച്ചത്.
ടിഫാനിക്ക് നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. ഒറ്റനോട്ടത്തിൽ കുട്ടി മാധവി തന്നെയാണ് ടിഫാനി എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. കണ്ണും ചിരിയും മുടിയുമെല്ലാം കാണുമ്പോൾ പഴയ കുറുമ്പുള്ള മാധവിയെ ഓർമ വരുന്നു, അമ്മയുടെ ചെറുപ്പം തേടി എവിടേയും പോകണ്ട... ഇത് കുട്ടി മാധവി തന്നെ, അമ്മയുടെ ഫോട്ടോകോപ്പിയാണല്ലോ മകൾ എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.
കുടുംബസമേതം വിദേശത്ത് സെറ്റിൽഡായതിനാൽ മാധവിയുടെ മക്കളും ഭാവിയിൽ സിനിമയിലേക്ക് വരാൻ സാധ്യതയുണ്ടോയെന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ, ആകാശദൂത്, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലാണ് മാധവി അഭിനയിച്ചത്. ഒരു നല്ല സിനിമയുടെ ഭാഗമായാൽ ഒരു യുഗം സിനിമാ പ്രേമികൾ ആ കഥാപാത്രത്തിലൂടെ അഭിനേതാവിനെ ഓർമിക്കുമെന്നത് മാധവിയുടെ കാര്യത്തിൽ ശരിയായി.


Click it and Unblock the Notifications











