ആ വഴക്കിന് ശേഷം ഒന്നും പഴയത് പോലെ ആയില്ല; അഖിലിന്റെ ആദ്യ വിവാഹം മുടങ്ങിയതിങ്ങനെ; പുതിയ ജീവിതത്തിലേക്ക് നടൻ
തെലുങ്ക് സിനിമാ ലോകത്ത് നിന്നും മറ്റൊരു വിവാഹ വാർത്ത കൂടി വന്നിരിക്കുകയാണ്. നടൻ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. പെയിന്ററായ സൈനബ് റബ്ജിയെയാണ് അഖിൽ വിവാഹം ചെയ്യാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകൾ ഇവർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കമന്റ് ബോക്സ് നടൻ ഓഫ് ചെയ്തു. ഡിസംബർ നാലിന് അഖിലിന്റെ ചേട്ടൻ നാഗ ചൈതന്യയുടെ വിവാഹം നടക്കാൻ പോവുകയാണ്.
ഈ വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കവെയാണ് താര കുടുംബത്തിൽ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്. 2017 ൽ അഖിൽ അക്കിനേനി വിവാഹം ചെയ്യാനിരുന്നതാണ്. എന്നാൽ അന്ന് ഈ വിവാഹം നടന്നില്ല. 22ാം വയസിലാണ് അഖിൽ അക്കിനേനി അന്നത്തെ കാമുകി ശ്രിയ ഭൂപാലിനെ വിവാഹം ചെയ്യാനൊരുങ്ങിയത്. പ്രമുഖ ബിസിനസുകാരൻ ജിവി കൃഷ്ണ റെഡ്ഡിയുടെ പേരമകളാണ് ശ്രിയ ഭൂപാൽ. 2016 ൽ ഇവരുടെ വിവാഹ നിശ്ചയം നടന്നു.

2017 ൽ വിവാഹം നടത്താൻ തീരുമാനിച്ചതായിരുന്നു. ആഘോഷപൂർവമാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെ വിവാഹം വേണ്ടെന്ന് അഖിലും ശ്രിയ ഭൂപാലും തീരുമാനിച്ചു. ഇത് ടോളിവുഡിൽ വലിയ ചർച്ചയായി. എന്നാൽ ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കാൻ അഖിലോ ശ്രിയയോ തയ്യാറായില്ല. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഇവർ തമ്മിൽ ചില വഴക്കുകളുണ്ടായതാണ് കാരണം.
ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ് ഇതേക്കുറിച്ച് അന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് അഖിലും ശ്രിയ ഭൂപാലും തമ്മിൽ വലിയ വഴക്ക് നടന്നു. സാധാരണ പ്രണയിതാക്കൾക്കിടയിലുണ്ടാകുന്ന പിണക്കമായിരിക്കുമെന്ന് കരുതി. എന്നാൽ അങ്ങനെ ആയിരുന്നില്ല. അവർ പിന്നീട് പഴയത് പോലെയായിരുന്നില്ലെന്നും സുഹൃത്തുക്കൾ തുറന്ന് പറഞ്ഞു.

26 കാരിയാണ് അന്ന് ശ്രിയ ഭൂപാൽ. അഖിലിന്റെ പ്രായം 22 ഉം. ഈ പ്രായ വ്യത്യാസവും ബന്ധത്തിൽ വിള്ളൽ വരാൻ കാരണമായെന്ന് അന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അഖിൽ-ശ്രിയ വിവാഹ നിശ്ചയത്തിന് ശേഷം 2017 ജനുവരിയിൽ അഖിലിന്റെ ചേട്ടൻ നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. അന്ന് ഇരുവരും സന്തോഷത്തോടെ ഈ ചടങ്ങിൽ പങ്കെടുത്തതാണ്.
അവർ കടുത്ത പ്രണയത്തിലാണെന്ന് അന്ന് കണ്ടപ്പോൾ തോന്നി. കുറച്ച് ആഴ്ചകൾക്കുള്ളിൽ എന്താണിവർക്കിടയിൽ നടന്നതെന്ന് വ്യക്തമല്ലെന്നും അന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇറ്റലിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ക്ഷണിക്കപ്പെട്ടവരെ ടിക്കറ്റ് ക്യാൻസൽ ചെയ്ത വിവരം താര കുടുംബം അറിയിക്കുകയാണുണ്ടായത്. അതേസമയം ഇതേ വർഷം നാഗ ചൈതന്യ-സമാന്ത വിവാഹം നടന്നു. 2017 ഒക്ടോബറിലായിരുന്നു വിവാഹം നടന്നത്. 2021 ൽ ഈ വിവാഹ ബന്ധവും തകർന്നു. രണ്ടാമത് വിവാഹം ചെയ്യാൻ പോകുകയാണ് നാഗ ചൈതന്യ.


Click it and Unblock the Notifications











