മമ്മൂക്കയെ കാണാന്‍ റൂമില്‍ ചെന്നു, അദ്ദേഹത്തെ പറ്റി ഞാന്‍ സംസാരിച്ചത് കേട്ടെന്നും പറഞ്ഞു; അഖില്‍ മാരാര്‍
പ്രായം കൊണ്ടും ജീവിത രീതികള്‍ കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയ സൂപ്പര്‍താരമാണ് മമ്മൂട്ടി. അതിലുപരി അഭിനയകുലപതി എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന പ്രതിഭ. മെഗാസ്റ്റാറായി നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി ഒരു പാഠപുസ്തകം ആണെന്ന് പറയുകയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍.
മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷത്തെ പറ്റിയും ഇപ്പോള്‍ വീണ്ടും കാണാന്‍ സാധിച്ചതിനെ കുറിച്ചുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ അഖില്‍ എഴുതിയത്. അഭ്രാപാളിയില്‍ അത്ഭുതമൊരുക്കാന്‍ പ്രായത്തെ മനസ്സുകൊണ്ടും പരിശ്രമം കൊണ്ടും കീഴ്‌പ്പെടുത്തിയ മജീഷ്യന്‍ എന്നാണ് മമ്മൂട്ടിയെ അഖില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

'ആഗസ്ത് 15 സിനിമയുടെ ലൊക്കേഷനില്‍ കയറി പറ്റി ചില്ലറ സഹായങ്ങള്‍ സംവിധായക ടീമിന് ചെയ്തു കൊടുത്തു കൂടിയ എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരില്‍ കാണുക എന്നതായിരുന്നു...
അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക് പിന്നീട് എന്റെ സിനിമ ചെയ്തപ്പോള്‍ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമില്‍ കാണാന്‍ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു. മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാന്‍ സാധ്യത ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമായി മാറാന്‍ കഴിയുക.
മമ്മൂക്ക -ലാലേട്ടന്‍ -ഫഹദ് -നയന്‍താര -ചാക്കോച്ചന്‍ എന്നിവര്‍ ഒന്നിക്കുന്ന 100 കോടിക്ക് മുകളില്‍ നിരവധി രാജ്യങ്ങളിലായി മഹേഷേട്ടന്‍ ഒരുക്കുന്ന പ്രൊജകട്. ഇതിന്റെ പ്രധാന നിര്‍മാണ പങ്കാളി ജേഷ്ഠ സഹോദരന്‍ ആയ സുഭാഷ് മാനുവല്‍ ആണ്. ഈ സിനിമയുടെ ആദ്യ മീറ്റിംഗ് മുംബൈയില്‍ നടന്നപ്പോള്‍ ഞാന്‍ ഒപ്പം ഉണ്ടായിരുന്നു. ഇത് ചെയ്യണം എന്ന് അന്ന് മുതല്‍ സുഭാഷേട്ടനോട് ഞാനും പറഞ്ഞു. എന്തായാലും അത് സംഭവിച്ചു. ശ്രീലങ്കയില്‍ ഷൂട്ട് തുടങ്ങുമ്പോള്‍ ഞാന്‍ മറ്റൊരു പ്രൊജക്റ്റില്‍ ആയിരുന്നു.

ഇനി കഴിഞ്ഞ ദിവസത്തെ അനുഭവം പറയാം... സുഭാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാന്‍ റൂമില്‍ ചെന്നത്. വാട്‌സാപ്പില്‍ അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോള്‍ തന്നെ അഖില്‍ എപ്പോള്‍ എത്തി എന്ന ചോദ്യം എന്നോട് ചോദിച്ചപ്പോള്‍ തന്നെ മനസ് നിറഞ്ഞു. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു.
വല്യേട്ടന്‍ പ്രൊമോഷന്‍ പോയപ്പോള്‍ ഞാന്‍ സംസാരിച്ചത് മമ്മൂക്ക കേട്ടെന്നും മിക്ക വീഡിയോസ് കാണാറുണ്ടെന്നും പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത സന്തോഷം. ഖത്തര്‍ മമ്മൂക്ക ഫാന്‍സിന്റെ പ്രോഗ്രാമില്‍ അതിഥി ആയി പോയപ്പോള്‍ ഞാന്‍ പറഞ്ഞതാണ്, മമ്മൂക്ക വരും തലമുറയ്ക്ക് ഒരു പാഠ പുസ്തകമാണ്.
കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്വയം മാറി കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്തു മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ പറ്റിയ ഏറ്റവും മികച്ച പുസ്തകം.
അഭ്രാപാളിയില്‍ അത്ഭുതം ഒരുക്കാന്‍ പ്രായത്തെ മനസ് കൊണ്ടും പരിശ്രമം കൊണ്ടും കീഴ്‌പ്പെടുത്തിയ മജീഷ്യന്‍... മലയാളിയുടെ അഭിമാനം.. സ്വകാര്യ അഹങ്കാരം.. ഒരുപാട് സ്‌നേഹം മമ്മൂക്ക!' എന്നും പറഞ്ഞാണ് അഖില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications