'ആദ്യ അഞ്ച് പ്രതികൾ ഗിൽറ്റിയെന്ന് പറഞ്ഞപ്പോൾ 90 ശതമാനം മരിച്ച അവസ്ഥയിലായി, നേരത്തെ വിധി അറിഞ്ഞിരുന്നെങ്കിൽ'
നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ തയ്യാറാകാത്തവരിൽ ഒരാളാണ് അഖിൽ മാരാർ. കോടതി നടനെ കുറ്റവിമുക്തനാക്കിയശേഷം പൂർണ്ണ പിന്തുണ നൽകിയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചും ദിലീപ് ഒപ്പമുണ്ട്. ഇപ്പോഴിതാ കോടതിയുടെ വിധി ന്യായം വായിച്ചപ്പോൾ മനസിലായതും ദിലീപുമായി സംസാരിച്ചപ്പോൾ അറിഞ്ഞ കാര്യങ്ങളും പങ്കുവെക്കുകയാണ് അഖിൽ മാരാർ. ഇരയായ കുട്ടിക്ക് കൃത്യമായ നീതി കിട്ടത്തക്ക രീതിയിൽ ഒരു അന്വേഷണം കേരള പോലീസ് നടത്തിയിട്ടില്ലെന്നാണ് വിധി ന്യായം വായിച്ചപ്പോൾ തനിക്ക് തോന്നിയതെന്ന് അഖിൽ മാരാർ പറയുന്നു.
ഞാൻ ഏതൊരു വിഷയത്തെയും സമീപിക്കുന്നത് സത്യം തിരിച്ചറിഞ്ഞ് സത്യത്തിന് വേണ്ടി സംസാരിക്കുക എന്ന രീതിയിലാണ്. എനിക്ക് രാഷ്ട്രീയം, മതം, ജാതി, ജെന്ററില്ല. ഇതൊന്നും നോക്കിയല്ല ഞാൻ നാളിതുവരെ എന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.

ഈ ഒരു പ്രശ്നം കേരളത്തിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സമയത്ത് അതിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണം, ആ പെൺകുട്ടിയോട് തെറ്റ് ചെയ്തവർക്ക് ഏറ്റവും അർഹമായ ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. കോടതി പ്രതികൾക്ക് 20 വർഷം മാത്രമാണ് ശിക്ഷ നൽകിയത് എന്നതിനോടും യോജിക്കുന്നില്ല. കുറ്റകൃത്യം ചെയ്തിട്ടുള്ളവർ ആരായാലും അവർക്ക് ജീവപര്യന്തമെങ്കിലും നൽകണമെന്ന് തന്നെയാണ് ആഗ്രഹം.
ഈ സംഭവത്തിന് പിന്നിൽ ആരാണോ ഗൂഢാലോചന നടത്തിയത് അവരെ സമൂഹത്തിനും നിയമത്തിനും മുന്നിൽ കൊണ്ടുവന്ന് ഏറ്റവും ലഭിക്കാൻ കഴിയുന്ന ശിക്ഷ നൽകണം. പക്ഷെ തെറ്റ് ചെയ്യാത്തൊരാളെ അതിന്റെ പേരിൽ ആക്രമിച്ചാൽ... ഞാൻ ആയിരത്തി എഴുന്നൂറിലധികം പേജുകൾ ഉള്ള കോടതിയുടെ വിധി ന്യായം വായിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ വായിച്ച സമയത്ത് കണ്ടൊരു ഭാഗം മാത്രം സൂചിപ്പിക്കാം.
ദിലീപും പൾസർ സുനിയും കണ്ടുവെന്നതിന് തെളിവായി പോലീസ് കോടതിയിൽ കൊടുത്തിട്ടുള്ളത് സൗണ്ട് തോമ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു പ്രശ്നം സംഭവിക്കുകയും ആ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഗുണ്ടയായ സുനിയെ ലൊക്കേഷനിൽ ആളുകൾ വിളിച്ച് വരുത്തിയെന്നും നാട്ടുകാരുമായുണ്ടായ പ്രശ്നം സുനി വന്ന് പരിഹരിച്ചെന്നും അത് പരിഹരിക്കാൻ സഹായിച്ച സുനിയോട് ഭാവിയിൽ വേണ്ട കാര്യങ്ങൾക്കായി ഡിസ്കഷൻ നടത്തി എന്നതുമാണ്.
ആദ്യമായി ഇരുവരും കണ്ടതിനെ കുറിച്ച് ജഡ്ജ്മെന്റിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്. അന്ന് ആ ലൊക്കേഷനിൽ നിന്ന് പൾസർ സുനി ഒരു റെസീപ്റ്റ് കൈപ്പറ്റിയിരുന്നു. അതാണ് ലൊക്കേഷനിൻ സുനി എത്തിയിരുന്നുവെന്നതിന് തെളിവായി പോലീസ് കൊടുത്തത്. അതിൽ പൾസർ സുനി 650 രൂപ ഗുണ്ട എന്ന പേരിലാണ് റെസീപ്റ്റ്. ലൊക്കേഷനിൽ പ്രശ്നം പരിഹരിക്കാൻ എത്തിയ ഗുണ്ടയ്ക്ക് 650 രൂപയെ പ്രതിഫലമായി ഉള്ളോ എന്നതാണ് ആദ്യത്തെ സംശയം.

അന്ന് ലൊക്കേഷനിൽ ഗുണ്ടകളായി അഭിനയിക്കാൻ വന്ന ആളുകൾക്ക്, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നൽകിയ തുകയുടെ വൗച്ചറായിരുന്നു അത്. ഡിഫന്റ് ചെയ്യുന്ന സമയത്ത് പ്രതിഭാഗം അത് തെളിയിച്ചു. അത്തരമൊരു റെസീപ്റ്റ് തെളിവായി നൽകിയതിന് അന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശിതമായി വിമർശിച്ചു. കൃത്യമായി അന്വേഷിച്ചില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. ഇരയായ കുട്ടിക്ക് കൃത്യമായ നീതി കിട്ടത്തക്ക രീതിയിൽ ഒരു അന്വേഷണം കേരള പോലീസ് നടത്തിയിട്ടില്ല. തെളിവുകൾ കൊടുക്കുന്നതിൽ പോലീസും പരാജയപ്പെട്ടു.
ഇതുപോലെ വിഡ്ഢിത്തരം നിറഞ്ഞ തെളിവുകളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം അറിഞ്ഞശേഷം സ്വാഭാവികമായി എനിക്ക് തോന്നിയ തോന്നലാണ് അകാരണമായാണോ ഒരാളെ വേട്ടയാടുന്നത് എന്നത്. സ്ത്രീകൾക്ക് പ്രശ്നമുണ്ടായാൽ അവർക്കൊപ്പം നിന്ന് സത്യസന്ധമായി സംസാരിക്കാൻ എനിക്ക് ഒരു മടിയുമില്ല. ദിലീപിനെ ഞാൻ അനുകൂലിച്ചത് അദ്ദേഹത്തെ കോടതി വെറുതെ വിട്ടശേഷമാണ്. അദ്ദേഹത്തെ ഞാൻ പോയി കണ്ടു. വിധി എന്താകുമെന്ന് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന് ഒരു ഊമകത്ത് പ്രചരിക്കുന്നുണ്ട്.
ഞാൻ ദിലീപേട്ടനോട് സംസാരിക്കുന്ന സമയത്ത് അദ്ദേഹം നേരിട്ട് എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. കോടതി മുറിക്കുള്ളിൽ ഞാൻ നിൽക്കുകയാണ്. ജഡ്ജ് വിധി പറയുന്നു. ഒന്നാം പ്രതി ഗിൽറ്റി, രണ്ടാം പ്രതി ഗിൽറ്റി, മൂന്നാം പ്രതി ഗിൽറ്റി, നാലാം പ്രതി ഗിൽറ്റി, അഞ്ചാം പ്രതി ഗിൽറ്റിയെന്ന് ജഡ്ജി വായിക്കുമ്പോൾ സത്യത്തിൽ തൊണ്ണൂറ് ശതമാനവും ഞാൻ മരിച്ച അവസ്ഥയിലായി മാറി. ഏഴാം പ്രതി നോട്ട് ഗിൽറ്റി, എട്ടാം പ്രതി നോട്ട് ഗിൽറ്റി എന്ന് പറയുമ്പോൾ നോട്ട് എന്ന വാക്കിന് ഒരു ജീവിതം തന്നെ തിരിച്ച് തരാൻ കഴിയുന്ന അർത്ഥമുണ്ടെന്ന് മനസിലാക്കി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
നേരത്തെ വിധി അറിഞ്ഞെങ്കിൽ അദ്ദേഹം എന്തിന് അത്ര ടെൻഷൻ അടിക്കണം?. എന്നോട് അത് സംസാരിക്കേണ്ട കാര്യമുണ്ടോ. 2024ൽ മാത്രമാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതിന് മുമ്പ് എനിക്കുള്ള സംശയങ്ങൾ മാത്രമാണ് പങ്കുവെച്ചത്. സത്യം തെളിയട്ടെ. അതിജീവിത നീതി ലഭിക്കും വരെ പോരാടട്ടെ. അവർക്ക് നീതി കിട്ടുന്നിതിന് അവരോടൊപ്പം നമ്മൾ എല്ലാവരുമുണ്ട് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.


Click it and Unblock the Notifications











