സിനിമാ രംഗത്തുള്ളവർക്ക് റോബിനോട് പരിഹാസവും പുച്ഛവും; ആ സംവിധായകൻ എന്നോട് പറഞ്ഞത്:
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെയുള്ള സംവിധായകൻ അഖിൽ മാരാറുടെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഉണ്ണി മുകുന്ദനും വ്ലോഗറും തമ്മിലുണ്ടായ പ്രശ്നത്തിൽ ജനം ടിവി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഖിൽ മാരാർ റോബിനെയും റോബിന്റെ ഫാൻസിനെയും ആദ്യമായി രൂക്ഷമായി വിമർശിച്ചത്.
പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു. ഫാൻസിനെ വെച്ച് റോബിൻ നടത്തുന്ന കളികളെന്ന് പറഞ്ഞ് നിരവധി ആരോപണങ്ങൾ അഖിൽ മാരാർ ഉന്നയിച്ചു. റോബിൻ ഫാൻസിന്റെ സൈബറാക്രമണവും അഖിൽ മാരാറിന് നേരിടേണ്ടി വന്നു.

റോബിൻ പൊതുവേദികളിൽ അലറി വിളിക്കുന്ന സാഹചര്യം, ഫാൻസ് പവർ കാണിച്ച് സിനിമയിലേക്ക് കയറാനുള്ള ശ്രമം തുടങ്ങി നിരവധി ആരോപണങ്ങൾ അഖിൽ മാരാർ ഉന്നയിച്ചു. ഇപ്പോഴിതാ റോബിനെതിരെ വീണ്ടും വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് അഖിൽ മാരാർ. ഒരു താരമാണെന്ന് സ്വയം വിചാരിക്കുന്ന റോബിൻ നിർമാതാക്കൾക്കും സംവിധായകർക്കും ഇടയിൽ ഒരു പരിഹാസ പാത്രം മാത്രമാണെന്ന് അഖിൽ മാരാർ വ്യക്തമാക്കി.

'ബ്രൂസ്ലി എന്ന സിനിമയുമായി റോബിന് യാതൊരു ബന്ധവും ഇല്ല. എന്നിട്ട് റോബിൻ ചെയ്ത പണിയെന്താ, പിആറിനെക്കൊണ്ട് ആ പടത്തിലെ വില്ലൻ റോബിനാണ് എന്ന രീതിയിൽ പറഞ്ഞ് അങ്ങനെ ഒരു വാർത്ത കൊടുക്കുന്നു'
'അവസാനം ഉണ്ണി തന്നെ ഫേസ്ബുക്കിൽ പോസ്റ്റിടുകയാണ് ഈ സിനിമയ്ക്ക് റോബനുമായി യാതൊരു ബന്ധവുമില്ലെന്ന്. റോബിനെ വെച്ച് ഒരു സിനിമ ഗോകുലം ഗോപാലൻ ചെയ്യാമെന്നൊക്കെ പറഞ്ഞത് വെറും വാക്കുകളാണ്. അതൊന്നും ഒരിക്കലും സംഭവിക്കില്ല'
'ഒരു പ്രാെഡ്യൂസർ എന്നോട് ചോദിക്കുകയാണ് ഈ റോബിൻ ആരാണെന്ന്. അവർക്കറിയില്ല. മലയാള സിനിമയ്ക്കുള്ളിലെ പലർക്കും അറിയില്ല. ഞാൻ പ്രൊഡ്യൂസേർസ് അസോസിയേഷനിലെ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന മെമ്പറാണ്. എന്റെയടുത്ത് ടീമിലെ പലരും ചോദിച്ചു. ഒരു സംവിധായകൻ ചോദിച്ചത് ആരാണ് അഖിലേ ഈ പയ്യൻ, ഇവനേതാണ് എന്നൊക്കെയാണ്'

'ഫിലിം ചേംമ്പറിൽ ഇവൻ പത്തിരുപത്തഞ്ച് പേരെയും വിളിച്ച് വന്നിട്ട് അവിടെയിരുന്ന് അവരോട് പറയുകയാണ് ഇതൊക്കെയെന്റെ ഫാൻസാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് എനിക്കാണ്, എന്നെ വെച്ച് പടം ചെയ്താൽ ഹിറ്റടിക്കും എന്ന്'
'പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇവരെല്ലാം ഇവനെ കണ്ടിട്ടുള്ളത്. ഇങ്ങനെയൊന്നുമല്ല ഇവരാരും സിനിമയിൽ വന്നിട്ടുള്ളത്. അവനവന്റെ കഴിവ് തെളിയിച്ചാണ്. ഒരുപക്ഷെ മറിച്ച് സംഭവിച്ചേക്കാം. ആരാലും ശ്രദ്ധിക്കപ്പെടാത്ത മൂന്നാം കിട സിനിമകളിലൊക്കെ. ബിഗ് ബോസല്ല സിനിമ'

'സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് സോഷ്യൽ മീഡിയയിൽ റീച്ചുള്ള എല്ലാവരെയും വിളിക്കും. റോബിനെ മാത്രമല്ല. അതൊരു പരസ്യമാണ്. അതിന്റെയർത്ഥം ഇവരെയൊക്കെ സിനിമയിലേക്ക് ആദരപൂർവം ക്ഷണിക്കുന്നു എന്നല്ല'
'സിനിമയുടെ പിആർ ടീമാണ് സോഷ്യൽ മീഡിയയിൽ റീച്ചുള്ളവരെ ഉപയോഗപ്പെടുത്തുന്നത്. ആ സമയത്ത് റോബിന് റീച്ചുണ്ടായിരുന്നു. അങ്ങനെ മാർക്കറ്റിന്റെ ഭാഗമായാണ് ഇവരെയൊക്കെ വിളിക്കുന്നത്,' അഖിൽ മാരാർ പറഞ്ഞു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം വൻ പ്രശസ്തി നേടിയ റോബിനെതിരെ ആദ്യമായാണ് ലൈം ലൈറ്റിലുള്ള ഒരാൾ ഇത്ര കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. ഈ സാഹചര്യത്തിൽ റോബിനെ എതിർക്കുന്നവർ അഖിൽ മാരാറുടെ വാദങ്ങൾ ഉയർത്തിപ്പിടിക്കുന്നു.


Click it and Unblock the Notifications