ദിലീപ് മെന്റലി ഡിസ്റ്റർബ്ഡ് ആണ്, പഴയ ദിലീപാകണമെങ്കിൽ അത് സംഭവിക്കണം: അളകപ്പൻ
പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമ വിജയിച്ചതോടെ കളിഞ്ഞ കുറേ നാളുകളായി ദിലീപ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ദിലീപ് മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തുകയാണോ എന്നാണ് ചോദ്യങ്ങൾ. അണിയറയിൽ ഒരുങ്ങുന്നു ഭ ഭ ബ എന്ന സിനിമയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്. തുടരെ പരാജയങ്ങൾ വന്നതോടെ ദിലീപ് യുഗം അവസാനിച്ചെന്ന് മോളിവുഡിൽ വാദങ്ങൾ വന്നിരുന്നു. എന്താണ് നടന്റെ കരിയർ ഗ്രാഫിൽ സംഭവിക്കാൻ പോകുന്നത് എന്നതിൽ പ്രേക്ഷകർക്കും കൗതുകമുണ്ട്.
കോമഡി ചെയ്യുന്നതിലെ ദിലീപിന്റെ പഴയ ഫ്ലക്സിബിലിറ്റി പോയെന്ന അഭിപ്രായം ശക്തമാണ്. മീശമാധവൻ, കല്യാണരാമൻ, തെങ്കാശിപട്ടണം തുടങ്ങിയ സിനിമകളിൽ കണ്ട ദിലീപല്ല ഇന്ന്. കോമഡി ചെയ്യുന്നതിൽ പാകപ്പിഴകൾ വരുന്നെന്നാണ് അഭിപ്രായം. ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സിനിമോട്ടോഗ്രാഫർ അളകപ്പൻ. പഴയ ദിലീപിനെ തിരിച്ച് കിട്ടണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണമെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോൾ പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷമേ പുള്ളിയുടെ മനസിൽ ശാന്തതയുണ്ടാകൂ.

അത് വരെ പുള്ളി ഡിസ്റ്റേർബ്ഡ് ആയിരിക്കും. മനുഷ്യനല്ലേ, ഫീലിംഗ്സ് ഉണ്ടാകുമെന്നും അളകപ്പൻ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. വെൽകം ടു സെൻട്രൻ ജയിൽ എന്ന ദിലീപിന്റെ സിനിമയും ദിലീപിന്റെ കേസും ബന്ധപ്പെടുത്തി നേരത്തെ ട്രോളുകൾ വന്നിരുന്നു. ഈ സിനിമയുടെ പേര് പോലെ തന്നെ ദിലീപിന്റെ ജീവിതത്തിലും സംഭവിച്ചു എന്നായിരുന്നു ട്രോളുകൾ. ഇതേക്കുറിച്ചും അളകപ്പൻ സംസാരിക്കുന്നുണ്ട്. എനിക്കങ്ങനെ വിശ്വാസമില്ല. പിന്നെ റിലേറ്റ് ചെയ്യുമ്പോൾ അങ്ങനെ ആയിപ്പയല്ലോ എന്ന് തോന്നിയിട്ടുണ്ട്. സങ്കൽപ്പിക്കാൻ പറ്റാത്തിടത്ത് പുള്ളി എത്തിപ്പെട്ടു.
ചെയ്ത പടത്തിന്റെ കഥ മുൻകൂട്ടി കണ്ടത് പോലെയായെന്ന് തോന്നും. പക്ഷെ അങ്ങനെയല്ലായിരുന്നു. അറംപറ്റിയെന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ പലരും പറയുന്നുണ്ടെന്നത് സത്യമാണെന്നും അളകപ്പൻ പറയുന്നു. ദിലീപിന്റെ നിരവധി സിനിമകളിൽ സിനിമോട്ടോഗ്രാഫറായി അളകപ്പൻ പ്രവർത്തിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രഖ്യാപനം അടുത്തിരിക്കെയാണ് ദിലീപ് സിനിമാ രോഗത്തും സോഷ്യൽ മീഡിയയിലും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. ദിലീപിനെ വെള്ള പൂശാനുള്ള പിആർ തന്ത്രങ്ങൾ നടക്കുന്നുണ്ടെന്ന് വിമർശകർ പറയുന്നു.

കേസിൽ താൻ നിരപരാധിയാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാൽ ദിലീപിനെതിരെ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ൽ കേസിൽ പ്രതി ചേർക്കപ്പെട്ടതാേടെ ദിലീപിനെതിരെ വ്യാപക വിമർശനം വന്നിരുന്നു. പിന്നീടിങ്ങോട്ടാണ് നടന്റെ കരിയർ ഇടിഞ്ഞത്. കേസും വിവാദങ്ങളും കാരണം ഒരു ഘട്ടത്തിൽ നടൻ കരിയറിൽ സജീവമല്ലാതായി. തിരിച്ച് വരവിൽ ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയത്തിളക്കത്തിലാണ് ദിലീപിപ്പോൾ.
പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആന്റ് ഫാമിലി നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്. ഷാരിസ് മുഹമ്മദാണ് തിരക്കഥയെഴുതിയത്. ഭ ഭ ബയുടെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകൻ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഭ ഭ ബയും ഹിറ്റായാൽ ദിലീപിന് കരിയറിലെ തിരിച്ച് വരവിന് ഇതേറെ ഗുണം ചെയ്യും.


Click it and Unblock the Notifications