സ്ത്രീരൂപത്തെ പറ്റിയല്ല പറഞ്ഞത്! ഇരുപത്തിയയ്യിരം രൂപ തന്ന് അപമാനിക്കരുതെന്നാണ് ഉദ്ദേശിച്ചതെന്ന് അലന്‍സിയര്‍
നടന്‍ അലന്‍സിയറിന്റെ കരിയറിലെ ഏറ്റവും കിടിലന്‍ സിനിമകള്‍ പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. അപ്പന്‍, ചതുരം എന്നിങ്ങനെ അലന്‍സിയര്‍ വേറിട്ട കഥാപാത്രങ്ങളായിരുന്നു ഓരോ സിനിമയിലും അവതരിപ്പിച്ചത്. കൂടുതലും പ്രേക്ഷകരെ ചൊടിപ്പിക്കുന്ന വില്ലത്തരം നിറഞ്ഞ വേഷങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇതൊക്കെ തന്നെ തേടി വന്ന വേഷങ്ങളാണെന്നാണ് നടനിപ്പോള്‍ പറയുന്നത്.
മായാവനം എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചിരുന്നു. ഇതിനിടയിലാണ് തന്റെ മുന്‍പത്തെ സിനിമകളെ പറ്റിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും നടന്‍ സൂചിപ്പിച്ചത്.

ചതുരം എന്ന സിനിമയിലൂടെ അലസന്‍സിയറും നടി സ്വാസികയും ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഇത് വ്യാപകമായ വിമര്‍ശനങ്ങളും നേടി കൊടുത്തിരുന്നു. ഈ സിനിമയിലെ പ്രകടനത്തെ കുറിച്ച് നടന്‍ സംസാരിച്ചിരിക്കുകയാണിപ്പോള്‍.
'ചതുരം സിനിമയില്‍ അഭിനയിച്ചതൊക്കെ സംഭവിച്ചതാണ്. നമ്മള്‍ അഭിനയിക്കുന്ന സമയത്ത് ഒരാളെ കുത്തിക്കൊല്ലുകയാണെന്ന് വിചാരിക്കുക. നിങ്ങള്‍ പ്രേക്ഷകര്‍ കാണുമ്പോള്‍ ഞങ്ങള്‍ ഒരാളെ കൊന്നു. ശരിക്കും അവര്‍ക്ക് ഒരു പരിക്കും പറ്റല്ലേ എന്ന് കരുതി ഞങ്ങള്‍ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്യുന്നത്. അത് നിങ്ങളെ സുഖിപ്പിക്കുകയാണ്. ആ വൈരാഗ്യം തോന്നുന്നത് ഞങ്ങളുടെ അഭിനയം കൊണ്ടാണ്.
സ്വാസിക എനിക്കിഷ്ടപ്പെട്ട നടിയാണ്. അവളുടെ തന്റേടം ഞാന്‍ അഭിനന്ദിക്കുകയാണ്. എനിക്ക് പേടിയായിരുന്നു. വാസ്തവത്തില്‍ ഞാന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒട്ടും കംഫര്‍ട്ട് അല്ലായിരുന്നു. അതുപോലെ ഈ സിനിമയിലും എന്റെ കഥാപാത്രത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്‌തേക്കാം. അതെല്ലാം സിനിമ കണ്ടതിന് ശേഷം നിങ്ങള്‍ തീരുമാനിക്കുകയാണ് വേണ്ടതെന്നാണ്', അലന്‍സിയര്‍ പറയുന്നത്.
എല്ലാ നിമിഷവും പ്രേക്ഷകരുടെ ഓരോ നോട്ടം പോലും എനിക്ക് ചലഞ്ചിങ്ങാണ്. മാത്രമല്ല കൂടെ അഭിനയിക്കുന്നവരുടെ നോട്ടത്തില്‍ നിന്നുമാണ് ഓരോ റിയാക്ഷനും നമ്മളുണ്ടാക്കുന്നത്. ആ നോട്ടം രൂക്ഷമല്ലെങ്കില്‍ എന്റെ അഭിനയം കൊണ്ട് യാതൊരു ഗുണവുമില്ലെന്നും നടന്‍ പറയുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായതിനെ കുറിച്ചും അലസന്‍സിയര്‍ സംസാരിച്ചിരുന്നു. 'എല്ലാ വര്‍ഷവും പുരസ്‌കാരം സ്ത്രീരൂപമായി തന്നെ കൊടുക്കേണ്ടെന്ന് എന്റെ വ്യക്തിപരമായൊരു അഭിപ്രായം പറഞ്ഞതാണ്. നര്‍മ്മത്തോടെ പറഞ്ഞൊരു കാര്യമായിരുന്നു അത്. എന്നാല്‍ സ്ത്രീരൂപം തന്ന് അപമാനിക്കരുതെന്ന് പറഞ്ഞിട്ടില്ല. അവാര്‍ഡ് തുക തന്നതിനെ പറ്റിയാണ് അങ്ങനെ പറഞ്ഞത്.
ഇരുപത്തിയയ്യിരം രൂപയാണ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡായി തന്നത്. അതിനെ പറ്റിയാണ് പറയാന്‍ ഉദ്ദേശിച്ചത്. നമ്മളൊരു ദോശക്കടയില്‍ പോകുമ്പോള്‍ സാധാരണ ദോശയ്ക്ക് പത്ത് രൂപയും സ്‌പെഷ്യല്‍ ദോശയാണെങ്കില്‍ പതിനഞ്ച് രൂപയും കൊടുക്കണം. അത്രയേ ഉദ്ദേശിച്ചുള്ളു.
അല്ലാതെ സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല. എനിക്ക് രണ്ട് തവണ പെണ്‍പ്രതിമകള്‍ കിട്ടി. അത് രണ്ടും എന്റെ മക്കളെ പോലെയാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. അത് ദിവസവും എടുത്ത് പൊടി തുടച്ച് വെക്കാറുണ്ട്. കുളിപ്പിക്കാന്‍ പറ്റാറില്ലെന്നും', തമാശരൂപേണ നടന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











