നാടകം കളിച്ച് നടക്കുമ്പോള്‍ ഈ കുഴപ്പമില്ലായിരുന്നു! കിട്ടുന്ന പൈസ ലോണിനെ തികയുകയുള്ളുവെന്ന് അലന്‍സിയര്‍
നാടകങ്ങളില്‍ നിന്നും സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളത്തിലെ മികച്ച നടനാണ് അലന്‍സിയര്‍ ലോപ്പസ്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരം പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മായാവനം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് വൈകാതെ റിലീസനൊരുങ്ങുന്ന അലന്‍സിയറിന്റെ പുത്തന്‍ പടം.
ഡോ. ജഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ തന്റെ സിനിമകളിലെ പ്രതിഫലത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്കിപ്പോള്‍ കിട്ടുന്ന തുക ലോണ്‍ അടക്കാന്‍ മാത്രമേ തികയുന്നുള്ളുവെന്നാണ് നടന്‍ പറയുന്നത്.

കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകളൊന്നും ഞാന്‍ നടത്താറില്ല. ഈ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത് വരെ ഞാന്‍ മര്യാദക്കാരനായിരുന്നു. എന്നാല്‍ സംവിധായകന്‍ വന്നിട്ട് കാരവനില്‍ നിന്നും ഒരു പാട്ട് കേള്‍പ്പിച്ചു. അപ്പോഴാണ് ഞാന്‍ ചില്‍ ആയതെന്നും അപ്പോള്‍ മുതല്‍ ഈ ഭ്രാന്ത് തുടങ്ങിയെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. മായവനം എന്ന സിനമയില്‍ അഭിനയിക്കുന്നതിനെ പറ്റിയായിരുന്നു നടന്‍ സംസാരിച്ചത്.
അവാര്‍ഡിന് സ്ത്രീരൂപം മാത്രം കൊടുക്കുന്നതിനെ പറ്റി അഭിപ്രായം പറഞ്ഞതിനെ കുറിച്ചും അഭിമുഖത്തില്‍ നടന്‍ സംസാരിച്ചു. 'പെണ്ണിനെ ബഹുമാനിക്കണമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അവരെ ഒരു ഉപഭോഗ വസ്തുവായി കാണരുതെന്നും അവരുടെ ശരീരത്തെ ഇങ്ങനെ ഉപയോഗിക്കരുത്.
കഥാപാത്രങ്ങള്‍ ചോദിച്ച് പോകാറില്ല. സംവിധായകര്‍ എന്നെ തേടി വന്ന് തന്നതേ ചെയ്തിട്ടുള്ളു. ഞാന്‍ കിട്ടുന്ന ബസില്‍ കയറി പോകുന്നു എന്നേയുള്ളു. എന്റെ കഥാപാത്രത്തെ മാത്രമേ ഞാന്‍ അന്വേഷിക്കാറുള്ളു. സൂപ്പര്‍ഫാസ്റ്റ് ബസ് വേണമെന്ന് ഒന്നുമില്ല. ഞാന്‍ ലോക്കല്‍ ബസിലും എനിക്ക് പോകാന്‍ പറ്റും. കാരണം എനിക്ക് ലോണ്‍ അടക്കാനുണ്ട്. ലോണും ജിഎസ്ടിയുമൊക്കെ തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.
ഞാന്‍ നാടകം കളിച്ച് നടന്ന കാലത്തൊന്നും എനിക്ക് ഈ പ്രശ്‌നങ്ങളില്ലായിരുന്നു. മര്യാദയ്ക്ക് നാടകം കളിച്ച് നടന്നാല്‍ മതിയായിരുന്നു. അന്ന് കുറച്ചൊക്കെ കടം വാങ്ങിക്കും. അത് എപ്പോഴെങ്കിലും തിരിച്ച് കൊടുക്കുകയും ചെയ്യും. ഇപ്പോള്‍ എല്ലാ ജിഎസ്ടിക്കാരും ലോണുക്കാരും പിന്നാലെ നടന്ന് വളഞ്ഞിട്ട് പിടിച്ചിരിക്കുകയാണ്. ലോണ്‍ തരാമെന്ന് പറഞ്ഞിട്ടും പല ബാങ്കുകാരും വിളിക്കുന്നുണ്ട്. ലോണിനെ പേടിയാണിപ്പോഴെന്ന് അലന്‍സിയര്‍ പറയുന്നു.

പ്രതിഫലം കിട്ടാറില്ലെന്നല്ല പറഞ്ഞത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൃത്യമായി തന്നു. എന്നാല്‍ നമ്മള്‍ ചോദിക്കുന്നത് ഒന്ന്, അവര്‍ തരാമെന്ന് പറയുന്നത് വേറൊന്ന്. പക്ഷേ കിട്ടുന്നത് മറ്റൊന്നാണ്. ഇതിന് പിന്നാലെ ജിഎസ്ടിക്കാരും വരും. ഇതോടെ വീണ്ടും ലോണ്‍ എടുക്കുകയും അല്ലെങ്കില്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്നും കടം വാങ്ങിക്കേണ്ടിയും വരും. പിന്നെ അവര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ ഇരിക്കണം.
2023 ലെ നഷ്ടലാഭക്കണക്കുകളൊന്നും ഞാന്‍ നോക്കിയിട്ടില്ല. ആകെ ബാങ്ക് ബാലന്‍സ് മാത്രമാണ് നോക്കിയിട്ടുള്ളത്. പിന്നെ സെമിത്തേരിയിലേക്ക് പോകാനുള്ള വഴിയും നോക്കും. പിന്നെ ഇപ്പോള്‍ തമിഴിലേക്ക് അഭിനയിക്കാന്‍ പോവുകയാണ്. വെട്രിമാരന്റെ സിനിമയാണെന്നും നടന്‍ പറയുന്നു.
സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ഡോ. ജഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് മായാവനം. അലന്‍സിയര്‍ ലോപ്പസിന് പുറമേ ആദിത്യ സായ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലൊരുക്കുന്ന ചിത്രം റിലീസിനെത്തുകയാണ്.


Click it and Unblock the Notifications











