ബസ് കാശുപോലും ഇല്ലാതിരുന്ന കാലം, മരിക്കുമ്പോൾ ബാങ്ക് ബാലൻസില്ല, മുതലകണ്ണീർ ഒഴുക്കിയവർ; കുടുംബത്തിന്റെ അവസ്ഥ!
അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണിൽ നിന്ന് എന്ന ഗാനത്തിലൂടെയാണ് അനിൽ പനച്ചൂരാന് പേരും പ്രശസ്തിയും ലഭിച്ചതെങ്കിലും അദ്ദേഹത്തെ ആദ്യമായി സിനിമാ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ ജയരാജാണ്. അനിലിന്റെ അനാഥൻ എന്ന കവിതയാണ് ജയരാജിന്റെ മകൾക്ക് എന്ന സിനിമയ്ക്ക് പ്രചോദനമായത്. പിന്നീട് ആ സിനിമയിൽ ആ കവിത ഉൾപ്പെടുത്തുകയും ചെയ്തു.
ആലാപനശൈലികൊണ്ട് ഹൃദയം കീഴടക്കിയ കവിയാണ് അനിൽ പനച്ചൂരാൻ. നിസ്വാർത്ഥമായ എഴുത്തിലൂടെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് പ്രണയത്തിന്റെ ആർദ്രതയും വിപ്ലവത്തിന്റെ തീഷ്ണതയും വിരഹത്തിന്റെ നൊമ്പരങ്ങളുമായിരുന്നു. കവിതയെ ഏതാണ്ട് പുതുതലമുറ വിസ്മരിച്ചുവെന്ന് കരുതിയ സമയത്ത് കാൽപ്പനികതയുടെ നഷ്ടവസന്തം ഒരിക്കൽ കൂടി പടർന്ന് പന്തലിച്ചു.

പുതുകാലത്തിന്റെ കവിയായി മൂർച്ഛയും ചേർച്ചയുമുള്ള ആസ്വാദക ഹൃദയങ്ങളിൽ വിസ്മയമായി അനിൽ പനച്ചൂരാൻ നിറഞ്ഞ് നിന്നു. കവിയരങ്ങുകൾ പരുക്കൻ ശബ്ദംകൊണ്ട് ചൊല്ലി കൊഴുപ്പിച്ച താടിക്കാരൻ. ജീവിതത്തിന്റെ ഏത് തിരിവിലും വിസ്മയം കാത്ത് നിന്ന ജീവിതമാണ് തന്റേതെന്ന് അനിൽ പനച്ചൂരാൻ പറഞ്ഞിട്ടുണ്ട്. എസ് എഫ് ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാൻ 1991ൽ രാഷ്ട്രീയം മടുത്ത് സന്യാസത്തിന്റെ കാവിചുറ്റി ഇന്ത്യയിലെങ്ങും അലഞ്ഞ് നടന്നു.
സിദ്ധനായും ജ്യോത്സ്യനായുമൊക്കെ വേഷപ്പകർച്ച നടത്തി. ഒടുവിൽ അതൊക്കെ മടുത്ത് തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന ക്ലാസിൽ ചേർന്നതായിരുന്നു ആദ്യത്തെ വിസ്മയം. കവിത കേട്ട് കണ്ണുനിറഞ്ഞ പെണ്ണിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത് മറ്റൊരു വിസ്മയം.
ആനുകാലികങ്ങളിൽ ഒരു വരിപോലുമെഴുതാതെ കാസറ്റുകളിലൂടെയായിരുന്നു അനിൽ പനച്ചൂരാന്റെ കവി ജന്മം പിറവിയെടുത്തത്. കവിതകളിലെ നാടൻ ശീലുകളാണ് അദ്ദേഹത്തെ ഈ മേഖലയിൽ വ്യത്യസ്തനാക്കിയത്. സ്വന്തം ആലപനശൈലിയിലൂടെ പുതിയ വഴി അദ്ദേഹം വെട്ടിതെളിച്ചു. കവിത വിപ്ലവവും പാട്ടെഴുത്ത് ജീവിതവുമാക്കി മാറ്റിയ അനിൽ പനച്ചൂരാൻ നൂറിലേറെ ചിത്രങ്ങളിലായി 150ൽ ഏറെ ഗാനങ്ങൾ സിനിമയ്ക്ക് സംഭാവന നൽകി. ഗൗരവക്കാരനായി ഭാവിക്കുമ്പോഴും തമാശയിലൂടെ ജീവിതത്തെ നോക്കി കാണുന്ന ഒരാളാണ് താനെന്ന് അനിൽ പനച്ചൂരാൻ പറഞ്ഞിട്ടുണ്ട്.
ഇത്രയും മനോഹരമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടും പാടിയിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന വേദനയും അദ്ദേഹം പലവേദികളിലും പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് എതിർപ്പുകളേയും സാമ്പത്തീക ബുദ്ധിമുട്ടുകളേയും അതിജീവിച്ച് കെട്ടിപടുത്തതായിരുന്നു അനിലിന്റേയും മായയുടേയും സന്തോഷപ്രദമായ കുടുംബജീവിതം.

ഞാൻ മകളെ പ്രസവിച്ച് കിടക്കുന്ന സമയത്ത് എന്നെ കാണാൻ വരാനായി ബസ് കാശ് പോലും അനിലിന്റെ കൈവശം ഇല്ലായിരുന്നുവെന്നത് മായ മുമ്പ് പറഞ്ഞിട്ടുണ്ട്. കവിത എഴുതി സ്വയം സിഡിയിൽ പാടി വിൽക്കുമായിരുന്നു അക്കാലത്ത്. കവിയരങ്ങിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന തുച്ഛമായ തുകയുമെല്ലാമായിരുന്നു അക്കാലത്ത് അനിലിന്റെ വരുമാനം. പിന്നീട് സിനിമയിലേക്ക് വന്ന് ജീവിതം പച്ചപിടിച്ച് ആസ്വദിച്ച് തുടങ്ങിയപ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി വന്ന് മരണം അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.
2021 ജനുവരി മൂന്നാം തിയ്യതി പുലർച്ചെ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു അനിൽ. അവിടെ കുഴഞ്ഞ് വീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആ ജീവൻ തിരിച്ച് പിടിക്കാനായില്ല. രണ്ട് കുട്ടികളേയും ഭാര്യയേയും അനാഥരാക്കികൊണ്ട് ആ മഹാപ്രതിഭ കടന്നുപോയി. ഇപ്പോഴിതാ അനിലിന്റെ വേർപാടിനുശേഷമുള്ള കുടുംബത്തിന്റെ ജീവിതത്തെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അദ്ദേഹം കടന്ന് പോയസമയത്ത് ബാങ്ക് ബാലൻസുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മായ പറയുന്നത്. കുടുംബത്തിന് കൈത്താങ്ങാകാമെന്നും സഹായിക്കാമെന്നും പറഞ്ഞും ജോലി നൽകാമെന്നും പറഞ്ഞ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരുടെ വാക്കുകൾ വെറും പാഴ്വാക്കായി ഇന്നും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. വേദിയായ വേദി തോറും പനച്ചൂരാന്റെ അനുസ്മരണ യോഗങ്ങളിൽ കയറി ഇറങ്ങി പൊട്ടിക്കരഞ്ഞ് മുതലകണ്ണീർ ഒഴുക്കിയ എംഎൽഎപോലും ആ കുടുംബത്തെ പിന്നീട് തിരിഞ്ഞ് നോക്കിയില്ല.
അനിലിനെ അവസാന നിമിഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മായയുടെ കൈപിടിച്ച് അനിൽ പനച്ചൂരാൻ പറഞ്ഞ വാക്കുകളുണ്ട്. നീ തളരരുത്... കുഞ്ഞുങ്ങളെ വിഷമിപ്പിക്കരുത്. ആ വാക്ക് മായ അക്ഷരംപ്രതി പാലിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അവർ മൂന്നിടത്തായി നൃത്തവിദ്യാലയം നടത്തി അന്തസായി കുട്ടികളെ പോറ്റുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











