പക്വമതികളല്ലാത്ത അമ്മയും മകളും, ആഢംബര ജീവിതത്തോട് അഭിനിവേശം, പറക്കും മുമ്പ് ചിറക് അറ്റുപോയ റാണി പത്മിനി!
എൺപതുകളിൽ തെന്നിന്ത്യയിൽ ഗ്ലാമർ നായികയായി വിലസിയിരുന്ന യുവനടിയായിരുന്നു റാണി പത്മിനി. അഞ്ച് വർഷം കൊണ്ട് അറുപത്തിയൊന്ന് സിനിമകളിൽ അഭിനയിച്ച നടിയുടെ പ്രധാന സിനിമകൾ തുഷാരം, കുയിലിനെ തേടി, സംഘര്‍ഷം എന്നിവയാണ്. അന്തരിച്ച നടൻ രതീഷിന്റെ വരെ നായികയായിട്ടുള്ള റാണി പത്മിനിയുടേത് ഒരു ദുരൂഹ മരണമായിരുന്നു. ഇന്നും പഴയകാല സിനിമാ പ്രവർത്തകർക്ക് നടി ഒരു നീറുന്ന ഓർമയാണ്. അമ്മ ഇന്ദിരയുടെ ആഗ്രഹപ്രകാരമാണ് റാണി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സിനിമയിൽ എത്തിയശേഷം ഒരു സുരക്ഷിതത്വമില്ലാത്ത ജീവിതമായിരുന്നു ഇരുവരുടേതും.
ആ യാത്ര അവസാനിച്ചത് ഇരുവരുടേയും മരണത്തിലാണ്. ഇപ്പോഴിതാ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും കുറിച്ച് തനിക്ക് അറിവുന്ന കഥകൾ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആലപ്പി അഷ്റഫ്. ആഢംബര ജീവിതത്തോട് അഭിനിവേശമാണ് അമ്മയുടേയും മകളുടേയും മരണത്തിന് കാരണമായതെന്ന് അഷ്റഫ് പറഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ കേട്ട് കേൾവിയും സമാനതകളുമില്ലാത്തതും മൃഗീയമായ ക്രൂരതകൾ ഏറ്റുവാങ്ങി ജീവൻ വെടിയേണ്ടി വന്ന ഹതഭാഗ്യയായ യുവനടിയാണ് റാണി പത്മിനി.

അവരുടെ എല്ലാമെല്ലാമായ മാതാവിനും സമാന അനുഭവമാണ് നേരിടേണ്ടി വന്നത്. നടിയുമായും അവരുടെ അമ്മയുമായും പരിചയവും അടുപ്പവും എനിക്കുണ്ട്. ഒരിക്കൽ ഷൂട്ടിനായി തിരുവനന്തപുരത്ത് പോയപ്പോൾ റാണിയുടെ അമ്മയുമായി സംസാരിക്കാൻ സാധിച്ചു. അന്ന് സംസാരിച്ചപ്പോൾ മകളെ കുറിച്ച് അവർക്കുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും വായിച്ചെടുക്കാൻ കഴിഞ്ഞു. സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന ധ്വനി ആ സംസാരത്തിൽ ഉണ്ടായിരുന്നു.
ഇത്തരം കാര്യങ്ങൾ റാണിയെ പറഞ്ഞ് മനസിലാക്കാനും അവരുടെ അമ്മ എന്നോട് ആവശ്യപ്പെട്ടു. അവരുടെ സംസാരം കേട്ടപ്പോൾ ഇത് നാശത്തിലേക്കുള്ള യാത്രയാണല്ലോയെന്ന് എനിക്ക് തോന്നി. അവർ കൊല്ലപ്പെടുന്ന സമയത്ത് ഞാനും മദ്രാസിലായിരുന്നു താമസം. ക്രൂരകൃത്യത്തിലെ മൂന്ന് പ്രതികളിൽ ഒരാളായ ഗണേശനെ ഇപ്പോഴും പോലീസിന് പിടി കൂടാനായിട്ടില്ല. മകളെ സിനിമാ നടിയാക്കണമെന്ന ആഗ്രഹം കുട്ടി ജനിച്ചപ്പോൾ മുതൽ ഇന്ദിരയ്ക്കുണ്ടായിരുന്നു.
അങ്ങനെയാണ് അക്കാലത്തെ സൂപ്പർ നടി പത്മിനിയുടെ പേര് കുഞ്ഞിന് ഇന്ദിര നൽകിയത്. കുഞ്ഞ് വളർന്നശേഷം ആദ്യം ഹിന്ദി സിനിമയിലാണ് ശ്രമിച്ചത്. എന്നാൽ ഒന്നും ശരിയാകാതെ വന്നപ്പോൾ മദ്രാസിൽ തന്നെ അമ്മയും മകളും തിരിച്ചെത്തി. തമിഴ് സിനിമയിൽ ഊമയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. സിനിമയിൽ വന്നശേഷമാണ് റാണി എന്ന് കൂടി നടിയുടെ പേരിനൊപ്പം ചേർത്തത്. സംഘർഷം എന്ന സിനിമയിലെ ബാലൻ കെ നായരുമൊത്തുള്ള റാണി പത്മിനിയുടെ റേപ്പ് സീൻ അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
ഈ രംഗം ഉള്ളതുകൊണ്ട് മാത്രം സിനിമയ്ക്ക് അമ്പത് ശതമാനം കലക്ഷൻ അധികം ലഭിച്ചു. ഇതോടെ റാണി പത്മിനി ഗ്ലാമർ വേഷങ്ങളുടെ താരമായി മാറി. ദാരുണ അന്ത്യങ്ങളുള്ള കഥാപാത്രങ്ങളാണ് നടി സിനിമയിൽ ചെയ്തത് ഏറെയും. പിന്നീട് യഥാർത്ഥ ജീവിതത്തിലും റാണി പത്മിനിക്ക് അത്തരം അനുഭവം ഉണ്ടായി. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തിരക്കേറിയ താരമായി മാറിയതോടെ പ്രശസ്തിയും പണവുമായി. അണ്ണ നഗറിൽ ഒറ്റപ്പെട്ട് കിടന്നിരുന്ന ആഢംബര ബംഗ്ലാവിലായിരുന്നു അമ്മയും മകളും വാടകയ്ക്ക് താമസിച്ചിരുന്നത്.

നിരവധി കാറുകളും സ്വർണ്ണാഭരണങ്ങളും വാങ്ങി കൂട്ടി. പിന്നീടാണ് ഇരുവരുടേയും ജീവിതത്തിൽ ട്വിസ്റ്റുകൾ സംഭവിക്കുന്നത്. പക്വമതികളല്ലാത്ത അമ്മയും മകളുമായിരുന്നു. ഒരിക്കൽ ഇവർ വീട്ടിൽ ജോലിക്കാരായി മൂന്ന് പുരുഷന്മാരെ നിയമിച്ചു. പത്ര പരസ്യത്തിലൂടെയാണ് കണ്ടെത്തിയത്. അവരിൽ രണ്ടുപേർ പക്ക ക്രിമിനൽസ്. ആദ്യം ജോലിക്കെത്തിയത് ജബരാജ് എന്നയാളാണ്. പിന്നീട് അയാളുടെ സുഹൃത്തായ ലക്ഷ്മി നരസിംഹൻ എന്ന ക്രിമിനൽ വാച്ച്മാനായി അവിടെ കടന്ന് കൂടി. ശേഷം പാചക്കാരനായി ഗണേശും അവിടെ ജോലിയിൽ പ്രവേശിച്ചു.
റാണി പത്മിനിയുടേയും അമ്മയുടേയും പണം, സ്വർണ്ണങ്ങൾ, സമ്പാദ്യം എന്നിവയെ കുറിച്ച് കൃത്യമായ ധാരണ ഡ്രൈവറായ ജബരാജിനുണ്ടായിരുന്നു. ഒരിക്കൽ മകളെ മോശമായ രീതിയിൽ നോക്കിയെന്ന് പറഞ്ഞ് ഇന്ദിര ജബരാജിനെ പിരിച്ചുവിട്ടു. ശേഷം ജബരാജ് സുഹൃത്തുക്കളായ മറ്റ് രണ്ടുപേരുടേയും സഹായത്തോടെ നടിയുടെ പണവും സ്വർണ്ണവും സമ്പാദ്യവും കവരാൻ തീരുമാനിച്ചു. അതിനുള്ള ശ്രമം നടത്തുന്നതിനിടെ തടഞ്ഞ ഇന്ദിരയെ ആദ്യം ജബരാജ് കുത്തി വീഴ്ത്തി. അമ്മയുടെ അലർച്ച കേട്ട് മകൾ റാണി പത്മിനി അവിടേക്ക് ഓടിയെത്തി.
ജബരാജ് നടിയേയും കുത്തി വീഴ്ത്തി. ഇരുവരുടേയും ദേഹത്ത് ആഴത്തിലുള്ള പതിനേഴ് കുത്തുകളാണ് ഉണ്ടായിരുന്നത്. അതുപോലെ മരണത്തോട് മല്ലടിക്കുന്ന ഇന്ദിരയുടെ മുന്നിൽ വെച്ച് ജബരാജും സുഹൃത്തുക്കളും റാണിയെ മാറി മാറിയ ബലാത്സംഗം ചെയ്തുവെന്നും കഥകളുണ്ട്. പക്ഷെ തെളിവുകൾ ഇല്ലാത്തതിനാൽ ആ ഭാഗം കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനുശേഷമാണ് മരണവാർത്ത പോലീസും പുറംലോകവും അറിഞ്ഞത്. മൃതദേഹങ്ങൾ അഴുകിയിരുന്നു. പോസ്റ്റ്മാർട്ടം പോലും ബംഗ്ലാവിലാണ് നടന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











