സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും ജയിൽ വാസവും, കള്ളം പറയാറില്ല, സത്യസന്ധൻ; ലിബർട്ടി ബഷീറിന്റെ ജീവിതം!
നാൽപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമാണ് ലിബർട്ടി ബഷീർ. നിർമ്മാണം, വിതരണം തുടങ്ങി ബഷീർ മലയാള സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ അടക്കം സൂപ്പർസ്റ്റാറുകളുമായും അടുത്ത ബന്ധമുള്ള ബഷീറിന്റെ സിനിമയിലേക്ക് വരും മുമ്പുള്ള ജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫാണ് ലിബർട്ടി ബഷീറിന്റെ അറിയാക്കഥകൾ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്.
തികഞ്ഞ മനുഷ്യസ്നേഹിയായ ബഷീർ സത്യസന്ധനായ സിനിമാക്കാരൻ കൂടിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ബഷീറും അഷ്റഫും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. അത് ഇന്നും ശക്തമായി മുന്നോട്ട് പോകുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഒരുപാട് പ്രതിസന്ധികളെ നേരിട്ട് അതിനെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത നിർമാതാവും തിയേറ്റർ ഉടമയുമാണ് ലിബർട്ടി ബഷീർ. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന എന്റെ ഹെറർ സിനിമയുടെ ഷൂട്ട് തലശ്ശേരിയിലെ ഒരു ബംഗ്ലാവിലായിരുന്നു. ലിസിയും മേനകയും ശങ്കറും കവിയൂർ പൊന്നമ്മയുമെല്ലാമായിരുന്നു അഭിനേതാക്കൾ. ഞാനായിരുന്നു സംവിധാനം.
ഞങ്ങൾക്കെല്ലാം തലശ്ശേരിയിലെ ഒരു ഓലമേഞ്ഞ തിയേറ്ററായ ലിബർട്ടിയുടെ ഉടമ ബഷീർ ഒരു വിരുന്ന് തന്നു. അവിടെ വെച്ചാണ് ബഷീറിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സിമന്റ് ബഷീർ എന്നായിരുന്നു അവിടങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്നത്തെ കാലത്ത് സിമന്റ് ലഭിക്കണമെങ്കിൽ ഗവൺമെന്റിന് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കണം. എന്നാൽ ബഷീറിന് സിമന്റിന്റെ ഏജൻസി ഉണ്ടായിരുന്നു.
അതുകൊണ്ടാണ് സിമന്റ് ബഷീറെന്ന് ആളുകൾ വിളിച്ചത്. അന്ന് പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. പൊതുവെ സിനിമക്കാർക്ക് ഇത്തരം വിരുന്നുകൾ ലഭിക്കാറുള്ളതാണ്. പാർട്ടി കഴിയുന്നതോടെ ആ ബന്ധങ്ങളും അവിടെ അവസാനിക്കും. പക്ഷെ ബഷീറിന്റെ കാര്യത്തിൽ അവിടെ ഒരു ട്വിസ്റ്റ് സംഭവിച്ചു. ഷൂട്ടിങ് കഴിഞ്ഞ് പിരിയാതെ ഞങ്ങൾ എല്ലാവരേയും കൂട്ടി ബഷീർ മൂകാംബികയ്ക്ക് പോയി.
ആ യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും ഞങ്ങൾക്ക് സാധിച്ചു. ആ യാത്രയ്ക്ക് വേണ്ട എല്ലാ ചിലവും ബഷീർ വഹിച്ചു. ഞങ്ങളുടെ കയ്യിൽ നിന്നും ഒന്നും ചിലവാക്കിപ്പിച്ചില്ല. സിമന്റ് ബിസിനസിന് മുമ്പ് തനിക്ക് സ്വർണ്ണ കടത്ത് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നിർത്തി സിമന്റ് ബിസിനസ് തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

പക്ഷെ അതിന് മുമ്പ് തന്നെ അദ്ദേഹം ധാരാളം പണം സ്വർണ കടത്തിലൂടെ സമ്പാദിച്ചു. കോഫേ പോസാ പ്രകാരം കുറച്ച് കാലം ജയിലിൽ കഴിയേണ്ടി വന്നതുകൊണ്ടാണ് ബഷീർ സ്വർണ്ണ കടത്ത് ബിസിനസ് അവസാനിപ്പിച്ചത്. ഇത്തരം ബിസിനസുകൾ ഉണ്ടായിരുന്നുവെങ്കിലും ബഷീർ സത്യസന്ധനാണ്. അദ്ദേഹം കള്ള പറഞ്ഞതായി എനിക്ക് അറിവില്ല. അദ്ദേഹത്തെ വെള്ളപൂശാൻ വേണ്ടി ഞാൻ പറയുന്നതല്ല. ബഷീറിനെ അടുത്ത് അറിയുന്നവർക്കെല്ലാം ഇതേ അഭിപ്രായമാകും.
നടൻ രതീഷുമായും അടുത്ത സൗഹൃദം ബഷീറിന് ഉണ്ടായിരുന്നു. രതീഷിന്റെ മരണശേഷവും ആ കുടുംബത്തോട് അതേ സ്നേഹവും ബന്ധവും ബഷീർ തുടരുന്നുണ്ട്. പഴയ ഓല മേഞ്ഞ തിയേറ്ററൊക്കെ പോയി മൾട്ടി പ്ലക്സ് തിയേറ്റർ ഉടമയാണിപ്പോൾ ബഷീർ. സിനിമാ സംബന്ധമായ ജോലികളുമായും സജീവമാണ്.
എന്തൊക്കെയായാലും അദ്ദേഹം തികഞ്ഞൊരു മനുഷ്യ സ്നേഹിയാണ്. കഷ്ടപ്പെടുന്ന ഒരുപാട് പേരെ സഹായിച്ചിട്ടുണ്ടെന്നുള്ളത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. തന്റെ അഭിപ്രായം ധൈര്യ സമേതം എവിടേയും തുറന്ന് പറയുകയും ശരിയുടെ പക്ഷത്ത് നിൽക്കുകയും ചെയ്യുമെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











