ബ്രാന്റഡിന് വാശിപിടിച്ച മമ്മൂട്ടിയെ മെരുക്കി, ഫെസ്റ്റിവൽ സിനിമകളിൽ പച്ചത്തെറികളാകാമെന്നാണ് വിചാരം; അഷ്റഫ്
അഹങ്കാരം കൊണ്ട് കരിയർ തകർന്നുപോയെ നിരവധി നടന്മാരും നടിമാരും ഉള്ള ഇന്റസ്ട്രിയാണ് മലയാളം. അവിടെയാണ് വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദ്രൻസ് എഴുപതാം വയസിലും സജീവമായി മുൻനിരയിൽ നിന്ന് സിനിമകൾ ചെയ്യുന്നത്. എളിമയാണ് എന്നും ഇന്ദ്രൻസിനെ മുന്നോട്ട് നയിക്കുന്നത്. വർഷങ്ങളുടെ പരിചയം നടനുമായി സംവിധായകൻ ആലപ്പി അഷ്റഫിനുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലും നടൻ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇന്ദ്രൻസിനോട് തനിക്ക് ബഹുമാനവും സ്നേഹവും തോന്നാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അഷ്റഫ്. ചാർളി ചാപ്ലിന്റെ ജീവിതവുമായി ഇന്ദ്രൻസിന്റെ ഇതുവരെയുള്ള ജീവിതത്തിന് സാമ്യമുണ്ടെന്ന് അഷ്റഫ് പറയുന്നു. ഒപ്പം ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദത്തിലും അഷ്റഫ് പ്രതികരിച്ചു. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഒരു മാടപ്രാവിന്റെ കഥ.

അതിൽ വസ്ത്രാലങ്കാരം നിർവഹിച്ചത് വേലായുധൻ കീഴില്ലമെന്ന ഒരു കോസ്റ്റ്യൂമറായിരുന്നു. തയ്ച്ച വസ്ത്രങ്ങൾ പരിശോധിക്കാൻ ഞാൻ അവിടെ ചെല്ലുമ്പോൾ വേലായുധന്റെ സഹായിയായി അവിടെ തയ്ച്ചുകൊണ്ടിരുന്നത് നരിന്ത് പോലൊരു പയ്യനായിരുന്നു. അന്ന് അവിടെ കൂനി വളഞ്ഞിരുന്ന് വസ്ത്രങ്ങൾ തയ്ച്ച സുരേന്ദ്രൻ എന്ന പയ്യൻ പിൽകാലത്ത് ഇന്ദ്രൻസ് എന്ന പേരിൽ ജനമനസുകൾ കീഴടക്കുന്ന ഒരു മഹാനടനായി മാറുമെന്ന് എന്റെ മനസിന്റെ കോണിൽ പോലും ഇല്ലായിരുന്നു.
വസ്ത്രാലങ്കാരത്തിലേക്ക് ഇന്ദ്രൻസ് സ്വതന്ത്ര്യമായി കടന്ന് വന്നത് നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന പത്മരാജൻ സിനിമയിലൂടെയാണ്. അഭിനേതാക്കൾക്ക് നിറമോ ഫാഷനോ ഇഷ്ടപ്പെട്ടില്ലെങ്കിൽ കോസ്റ്റ്യൂമറുമായി വഴക്കുണ്ടാക്കുകയും വസ്ത്രം വലിച്ച് കീറുകയും മുഖത്ത് എറിയുകയും ചെയ്യും. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് നടികളാണെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്.
അത്തരം അനുഭവങ്ങൾ ധാരാളം ഇന്ദ്രൻസിന്റെ സിനിമാ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടിയും വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ള ഇന്ദ്രൻസ് ഒരിക്കൽ ഒരു അനുഭവം പറഞ്ഞു. ഒരു കാലത്ത് ഡിബി എന്ന ബ്രാന്റിന്റെ ഷർട്ടായിരുന്നു മമ്മൂട്ടി ഏറെയും ധരിച്ചിരുന്നത്. സീൻ ഷൂട്ട് ചെയ്യേണ്ട സമയമായപ്പോൾ മമ്മൂട്ടിക്കായി ഡിബി ബ്രാന്റിന്റെ ഷർട്ട് വാങ്ങാൻ പണവുമില്ല നിർമാതാവിനെ കാണാനുമില്ലായിരുന്നു.
ഷൂട്ട് മുടങ്ങാതിരിക്കാൻ തയ്ച്ച് വെച്ചിരുന്ന ഒരു ഷർട്ടിൽ ഡിബി കമ്പനിയുടെ മുദ്ര തയ്ച്ച് പിടിപ്പിച്ചു. ശേഷം നല്ല കവറിൽ പാക്ക് ചെയ്ത് മമ്മൂട്ടിയുടെ മുന്നിൽ അവതരിപ്പിച്ചു. മമ്മൂട്ടി സന്തോഷപൂർവം അതിട്ട് അഭിനയിക്കുകയും ചെയ്തു. പല കോസ്റ്റ്യൂമർമാരുടെ കയ്യിലും ഇത്തരം ബ്രാന്റുകളുടെ എംബ്ലം ഉണ്ടാകാറുണ്ട്. ബ്രാന്റ്ഡ് വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് വാശി പിടിക്കുന്ന താരങ്ങൾക്ക് കൊടുക്കുന്ന എട്ടിന്റെ പണിയാണിത്. രാജസേനനും ഭദ്രനുമാണ് നടൻ എന്ന രീതിയിൽ ഉയർന്ന് വരാൻ ഇന്ദ്രൻസിനെ സഹായിച്ച സംവിധായകർ.

മാനത്തെ കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ താരമായി കഴിഞ്ഞതുകൊണ്ട് തന്നെ ഇന്ദ്രൻസിന് താമസം കിട്ടിയത് എസി റൂമിലും ദിലീപിന് നോൺ എസി റൂമിലുമായിരുന്നു. പല താരങ്ങൾക്കും കുപ്പായം തയ്ച്ചിട്ടുണ്ടെങ്കിലും താരമെന്ന കുപ്പായം ഇതുവരെ ധരിക്കാത്ത നടനാണ് ഇന്ദ്രൻസ്. യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാലാണ് നാലാം ക്ലാസിൽ ഇന്ദ്രൻസ് പഠനം നിർത്തിയത്. ശേഷം വിദ്യാഭ്യാസത്തിലൂടെയല്ലാതെ നല്ലൊരു വ്യക്തിത്വമുണ്ടാക്കി.
അഹങ്കാരമില്ലാത്ത നടൻ. സ്നേഹിക്കാം വിശ്വസിക്കാം. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ മകനും മകൾക്കും ഇന്ദ്രൻസ് നൽകി. മകൾ ദന്ത ഡോക്ടറും മകൻ ബിടെക് കാരനുമാണ്. ഇന്ദ്രൻസ് ചെയ്ത സിനിമകളിൽ ഏറ്റവും ശ്രദ്ധനേടിയ സിനിമയാണ് ഹോം. ഫെസ്റ്റിവലുകളിലും ആ സിനിമ പ്രദർശിപ്പിച്ചു. തന്റെ അഭിനയമികവ് തെളിയിക്കാൻ ഫെസ്റ്റിവൽ സിനിമയെന്നും പറഞ്ഞ് പച്ചത്തെറികൾ വിളിക്കാൻ ഇന്ദ്രൻസ് പോയിട്ടില്ല. ഫെസ്റ്റിവൽ സിനിമകളിൽ പച്ചത്തെറികളാകാമെന്നാണ് ഇവിടെ ചിലർ വിചാരിച്ചിരിക്കുന്നത്.
ഫെസ്റ്റിവലുകളിലും ഫിലിം സൊസൈറ്റികളിലും വരുന്ന ആളുകൾ അന്യഗ്രഹജീവികൾ ഒന്നും അല്ലല്ലോ. അവിടേയും സ്കൂൾ, കോളജ് വിദ്യാർത്ഥികൾ വന്ന് സിനിമ കാണാറുണ്ട്. അവരൊക്കെ കണ്ടോട്ടെ പക്ഷെ തന്റെ കുട്ടികൾ മാത്രം കാണാൻ പാടില്ല, കേൾക്കാൻ പാടില്ല എന്നുള്ള യുക്തി സ്വാർത്ഥമല്ലേയെന്നും അഷ്റഫ് ചോദിക്കുന്നു.


Click it and Unblock the Notifications











