'ജയറാം അഹങ്കാരിയും വംശീയ വാദിയും, ജനം നടന്റെ വീടിന് കല്ലെറിഞ്ഞു, ഫർണ്ണീച്ചർ കത്തിച്ചു, രക്ഷപ്പെട്ടത്...'
1988 പുറത്തിറങ്ങിയ അപരനായിരുന്നു ജയറാമിന്റെ അരങ്ങേറ്റ ചിത്രം. ജയറാം എന്ന മിമിക്രിക്കാരനെ കലാഭവനിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് കലാഭവൻ റഹ്മാനാണ്. നടനും സംവിധായകനുമായ ലാൽ കലാഭവനിൽ നിന്നും പടിയിറങ്ങിയപ്പോൾ ആ കുറവ് പരിഹരിക്കുന്നതിനായി പകരം കണ്ടെത്തിയ മിമിക്രിക്കരനായിരുന്നു ജയറാം. ജയറാമിന്റെ സഹോദരൻ വെങ്കിയുടെ സ്നേഹിതനും അന്ന് കലാഭവനിലെ പ്രോഗ്രാം ചീഫുമായിരുന്നു റഹ്മാൻ.
ഗൾഫിൽ ഒരിക്കൽ കലാഭവൻ നടത്തിയ ഒരു പ്രോഗ്രാമിന്റെ വീഡിയോ കാസറ്റ് പത്മരാജന്റെ മകന്റെ കയ്യിൽ കിട്ടി. അപരൻ സിനിമയിലേക്ക് പത്മരാജൻ പുതുമുഖങ്ങളെ തേടി നടക്കുന്ന സമയമായിരുന്നു അത്. മകന്റെ നിർബന്ധപ്രകാരമാണ് കാസറ്റ് പത്മരാജൻ കാണുന്നത്. അതിൽ മിമിക്രി ചെയ്യുന്ന ജയറാമിനെ കണ്ട് ഇവൻ കൊള്ളാമല്ലോയെന്ന് പറയുന്നു.

യദൃശ്ചികമെന്ന് പറയട്ടെ തൊട്ടടുത്ത ദിവസം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ പത്മരാജനോട് എന്നും കൂടെ നടക്കാറുള്ള മലയാറ്റൂർ തന്റെ അനന്തരവനെ കുറിച്ച് പറയുന്നു. അവനിപ്പോൾ കലാഭവനിലാണ്. സിനിമയിൽ എന്തെങ്കിലും ചാൻസുണ്ടെങ്കിൽ കൊടുക്കണം. അങ്ങനെയാണ് കാസറ്റിൽ കണ്ട ജയറാം എന്ന ചെറുപ്പക്കാരനെ പത്മരാജൻ വിളിക്കുന്നത്. അവിടെ ആരംഭിച്ചതാണ് ജയറാമിന്റെ സിനിമ ജീവിത യാത്ര.
അപരന്റെ വിജയത്തോടെ ജയറാം മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി മാറി. പിന്നീട് ജയറാം നായകനായി വന്ന സിനിമകളിൽ ഭൂരിഭാഗവും മിനിമം ഗ്യാരണ്ടി കലക്ഷനിൽ ഉറപ്പാക്കിയിരുന്നു. അദ്ദേഹം അഭിനയിച്ച് ഹിറ്റാക്കിയ സിനിമകൾ ഇന്നും പുതുതലമുറ യുട്യൂബിലൂടെ കണ്ട് ആസ്വദിക്കുന്നു. ഇപ്പോഴിതാ ജയറുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത കഥകൾ വെളിപ്പെടുത്തുകയാണ് ആലപ്പി അഷ്റഫ്.
ജയറാമിന് എതിരെ ആക്ഷേപം ഉന്നയിച്ച് ആദ്യം രംഗത്ത് എത്തിയത് അദ്ദേഹത്തെ വെച്ച് ഒമ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള രാജസേനനാണ്. അവർ തമ്മിലുള്ള സൗഹൃദവും അടുപ്പവും മറ്റുള്ളവരിൽ അസൂയ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു. ദിവസവും ഇരുവരും മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അപ്പോഴുള്ള സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളും പരസ്പരം പങ്കിടുകയും ചെയ്തിരുന്നവരാണ്.
എന്നാൽ ജയറാമിന്റെ സിനിമയിലെ ഗ്രാഫ് ഉയരുകയും രാജസേനന്റെ ഗ്രാഫ് താഴുകയും ചെയ്തതോട ഫോൺ വിളികളുടെ എണ്ണവും ദൈർഘ്യവും കുറഞ്ഞു. വിളിക്കുമ്പോൾ പലപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിവാക്കി. അങ്ങനെ ആ ബന്ധം എന്നന്നേക്കുമായി അവസാനിച്ചു. ജയറാം അങ്ങനെ പെരുമാറാനുള്ള കാരണം അറിയില്ലെന്നാണ് രാജസേനൻ പറയാറുള്ളത്. എന്നാൽ രാജസേനൻ ഒഴികെ മറ്റെല്ലാവർക്കും കാരണം വ്യക്തവും കൃത്യവുമാണ്.

ഈ വിഷയത്തെ സാധൂകരിക്കുന്ന മറ്റൊരു ആക്ഷേപം ഉയർത്തിയത് നടൻ പ്രതാപ് പോത്തനാണ്. ജയറാമിന്റെ പേര് പരാമർശിക്കാതെ അദ്ദേഹത്തെ വിമർശിച്ച് മുമ്പ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മലയാളത്തിലെ ഒരു നടൻ അഹങ്കാരിയാണെന്നും പത്മശ്രീ അവാർഡിന് അർഹനല്ലെന്നും വംശീയ വാദിയാണെന്നുമായിരുന്നു ആരോപണം. ഒരു സിനിമയിലേക്ക് മകന്റെ ഡേറ്റ് ചോദിച്ച് വിളിച്ചപ്പോൾ പഴയ സംവിധായകർക്കൊപ്പം പ്രവൃത്തിക്കാൻ താൽപര്യമില്ലെന്ന് ജയറാം പറഞ്ഞു.
ആ വാക്കുകളാണ് പ്രതാപ് പോത്തനെ ചൊടിപ്പിച്ചത്. ജയറാം പ്രതാപ് പോത്തനോട് വാഗ്വാദങ്ങൾക്ക് മുതിരാതെ അമ്മയിൽ പരാതിപ്പെട്ടു. അതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. പ്രതാപ് പോത്തൻ ജയറാം വംശീയവാദിയാണെന്ന് പറയാൻ കാരണമുണ്ട്. ഒരു ചാനലിനോട് സംസാരിക്കവെ ജയറാം പറഞ്ഞു എന്റെ വീട്ടിൽ ജോലിക്ക് ഒരു കറുത്ത് തടിച്ച് ചക്കപ്പോത്ത് പോലൊരു തമിഴത്തിയുണ്ടെന്ന്.
തമിഴ് സ്ത്രീകളെ ആക്ഷേപിക്കുന്ന ഈ വാർത്ത തമിഴ്നാട്ടിൽ കാട്ടുതീപോലെ പടർന്നു. തമിഴ് സ്ത്രീകളെ ജയറാം അപമാനിച്ചുവെന്ന് പറഞ്ഞ് ജനം ഇളകി. ജയറാമിന്റെ വീട്ടിലേക്ക് പാഞ്ഞടുത്ത അവർ വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും ഫർണ്ണീച്ചറുകൾക്ക് തീ കൊളുത്തി.
മാത്രമല്ല ജയറാമിന് എതിരെ എഗ്മോർ കോടതിയിൽ ഇന്ദിരാണി എന്ന സ്ത്രീ കേസ് ഫയൽ ചെയ്തു. അതോടെ ജയറാം തൊഴു കൈകളോടെ നിരുപാധികം മാപ്പ് അപേക്ഷിച്ചു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒരു വിധം അതിൽ നിന്ന് തലയൂരി പുറത്ത് വരികയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











