'പണ്ടായിരുന്നുവെങ്കിൽ മമ്മൂട്ടി ആലോചിക്കാതെ അഭിപ്രായം പറഞ്ഞേനെ... ഇപ്പോൾ സ്വഭാവത്തിൽ പ്രകടമായ മാറ്റമുണ്ട്'
എഴുപത്തിമൂന്ന് വയസ് പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞ് നിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് മമ്മൂട്ടി എന്ന പേര്. അടുത്ത കാലത്തായി യൂത്തന്മാരെ പോലും വെല്ലുന്ന തരത്തിലാണ് സ്ക്രിപ്റ്റ് സെലക്ഷനും അഭിനയവുമെല്ലാം. തൊടുന്നതെല്ലാം ഹിറ്റ്. പോരാത്തതിന് ഹിറ്റുകൾ മാത്രം സൃഷ്ടിക്കുന്ന നിർമ്മാണ കമ്പനിയുമായി പ്രൊഡക്ഷൻ രംഗത്ത് മമ്മൂട്ടി സജീവമാണ്. നടന്റെ പുത്തൻ സിനിമകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷയും ഇരിട്ടും.
പ്രായം എഴുപത് പിന്നീട്ടെങ്കിലും യുവാക്കളെക്കാൾ അപ്ഡേറ്റഡും അറിവും ട്രെന്റുമെല്ലാം മമ്മൂട്ടിക്കുണ്ട്. മലയാളത്തിലെ മറ്റുള്ള മുൻനിര താരങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ കാഴ്ചപ്പാടിൽ പോലും മമ്മൂട്ടി വ്യത്യസ്തനാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

പഴയ മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇപ്പോഴത്തെ മമ്മൂട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു. ഒരിക്കൽ പാർവതി തിരുവോത്ത് മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ കുറിച്ച് ഒരു ആക്ഷേപം ഉന്നയിക്കുകയുണ്ടായി.
സ്ത്രീവിരുദ്ധത കടന്നുവരുന്ന ഭാഗങ്ങളിൽ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും കുറച്ച് കൂടി ജാഗ്രത പുലർത്തിയാൽ നന്നായിരിക്കുമെന്നാണ് പാർവതി സൂചിപ്പിച്ചത്. അതിന് എതിരെ മമ്മൂട്ടിയെ ആക്ഷേപിച്ചുവെന്ന തരത്തിൽ ഫാൻസുകാർ വലിയ സൈബർ ആക്രമണം അഴിച്ചുവിട്ടു. പാർവതിയെ ഇനി സിനിമാ രംഗത്ത് നിന്ന് പാടെ തുടച്ച് മാറ്റുമെന്ന് പലരും ധരിച്ചിരുന്നു.
അന്ന് വിദേശത്തായിരുന്ന മമ്മൂട്ടിക്ക് പാർവതി തിരുവോത്ത് തന്റെ നിലാപടുകളെ കുറിച്ച് വ്യക്തമായ ഒരു വാട്സ് ആപ്പ് സന്ദേശം അയച്ചു. അവരുടെ വാട്സ് ആപ്പ് മെസേജ് വായിച്ച് അത് ഉൾക്കൊണ്ട് കൊണ്ട് മമ്മൂട്ടി പിന്നീട് ഇങ്ങനെ പറഞ്ഞു... ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യവും. അവരുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നുവെന്ന്. മാത്രമല്ല മമ്മൂട്ടിയുടെ പുഴു എന്ന സിനിമയിൽ പാർവതിയെ നായികയാക്കുകയും ചെയ്തു.
പണ്ടായിരുന്നുവെങ്കിൽ മമ്മൂട്ടി ആലോചിക്കാതെ എടുത്ത് ചാടി എന്തെങ്കിലും അഭിപ്രായം പറഞ്ഞേനെ. പക്ഷെ ഇപ്പോൾ മമ്മൂട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്. നല്ല ഇരുത്തവും വന്നിട്ടുണ്ട്. കഴിയുന്നതും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാണ് മമ്മൂട്ടി ഇപ്പോൾ ആഗ്രഹിക്കുന്നത്.

സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ സ്നേഹം എനിക്ക് മനസിലായത് കൊവിഡ് കാലത്തായിരുന്നു. കൊവിഡ് പിടിപെട്ട് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ എനിക്ക് ആദ്യത്തെ വിളി വന്നതും മമ്മൂട്ടിയിൽ നിന്നുമായിരുന്നു. ഒരുപാട് വിശേഷങ്ങൾ ചോദിക്കുകയും ആശ്വസിപ്പിക്കുകയും സഹായം വേണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് മോഹൻലാലും എന്നെ വിളിച്ചു.
മമ്മൂട്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും നമുക്കെല്ലാം അറിയാം എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. ഒരിടയ്ക്ക് വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടി പാർവതി തിരുവോത്ത് പറഞ്ഞ വാക്കുകൾ. ഇപ്പോഴും ആ പ്രസ്താവനയുടെ പേരിൽ സൈബർ ലോകത്ത് നിന്ന് മോശം കമന്റുകൾ പാർവതിക്ക് നേരിടേണ്ടി വരാറുണ്ട്. പാർവതി ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുളള നായിക നടിയാണ്.
തങ്കലാനാണ് പാർവതിയുടെ തമിഴിൽ അവസാനം റിലീസ് ചെയ്ത സിനിമ. മമ്മൂട്ടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ടർബോയാണ്. ബസൂക്ക, ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് സിനിമകൾ.


Click it and Unblock the Notifications