അന്ന് അക്രമങ്ങൾ പൊട്ടിപുറപ്പെട്ടു, അമ്മയായിരുന്നു കൺകണ്ട ദൈവം, മൂന്ന് വിവാഹം കഴിച്ചിട്ടും സന്താനഭാഗ്യമില്ല!
ജനങ്ങളുടെ മനസിൽ കയറി ചരിത്രം സൃഷ്ടിച്ച നല്ലൊരു നടനും ഭരണാധികാരിയുമാണ് മക്കൾ തിലകം എന്ന് അറിയപ്പെടുന്ന പുരച്ചി തലൈവർ എംജിആർ. അദ്ദേഹത്തിന്റെ ജീവിത വഴികൾ ഈ തലമുറയിലുള്ളവരും ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. സിനിമയിലെ സൂപ്പർ താരങ്ങൾക്കൊക്കെ ആരാധകരുണ്ടാകുന്നത് സ്വാഭാവികമാണ്. ദൈവ തുല്യനായി കരുതിയ ഒരു നടനെ കുടുംബത്തിലെ അംഗമായി കാണുന്നത് സിനിമാ ചരിത്രത്തിൽ ആദ്യമാണ്.
അത് എംജിആറിന് മാത്രം അവകാശപ്പെട്ടതാണ്. എംജിആർ പലപ്പോഴും ജനങ്ങളോട് സംവദിക്കുന്നത് അദ്ദേഹം അഭിനയിച്ച സിനിമകളിലെ പാട്ടുകളിലൂടെയാണ്. തമിഴ് ജനത എംജിആറിനോട് കാണിച്ചിരുന്ന ബഹുമാനവും സ്നേഹ വാത്സല്യവും മലയാളികളായ നാം ചിന്തിക്കുന്നതിന് വളരെ അധികം മുകളിലാണ്. മരതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്നതിന്റെ ചുരുക്ക പേരാണ് എംജിആർ.

സിലോണിലാണ് എംജിആർ ജനിച്ചത്. നാല് വയസുള്ളപ്പോൾ പിതാവിനെ എംജിആറിന് നഷ്ടപ്പെട്ടു. അതിനുശേഷം ദാരിദ്രവും ദുഖവും ദുരിതവും നിറഞ്ഞതായിരുന്നു പിന്നീടുള്ള എംജിആറിന്റെ ജീവിതം. പിന്നീട് ഉപജീവിനത്തിനായി എംജിആറും ജേഷ്ഠനും നാടക കമ്പനിയിൽ ചേർന്നു. ശേഷം സിനിമയിലേക്കും എത്തി. വലിയൊരു താരപരിവേഷം സിനിമയിൽ ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു.
തന്റെ ജീവിതത്തിലെ എല്ലാ നിർണായക തീരുമാനങ്ങളും എംജിആർ എടുക്കുന്നത് സ്വന്തം അമ്മയുടെ ഫോട്ടോയുടെ മുന്നിൽ തൊഴുത് അനുവാദം ചോദിച്ച ശേഷം മാത്രമാണ്. അമ്മയെ കൺകണ്ട ദൈവമായി അദ്ദേഹം ആരാധിച്ചിരുന്നു. സിനിമയോടൊപ്പം തന്നെ രാഷ്ട്രീയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഡിഎംകെയുടെ ക്രൗഡ് പുള്ളറായിരുന്നു അദ്ദേഹം.
ജനക്കൂട്ടത്തെ സൃഷ്ടിക്കുന്ന നേതാവ്. ഇത് പലപ്പോഴും കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. തനിക്കുള്ള ജനപിന്തുണ അറിയാവുന്ന എംജിആർ സ്വന്തമായി പാർട്ടി രൂപീകരിച്ചു. എഐഎഡിഎംകെ എന്നായിരുന്നു ആ പാർട്ടിയുടെ പേര്. പുതുതായി രൂപംകൊണ്ട എംജിആറിന്റെ പാർട്ടിയെ കരുണാനിധി നാല് ഭാഗത്ത് നിന്നും വരിഞ്ഞ് മുറുക്കിയിരുന്നു. പക്ഷെ എല്ലാ തെരഞ്ഞെടുപ്പിലും എംജിആറിന്റെ പാർട്ടി വിജയക്കൊടി പാറിച്ചുകൊണ്ടേയിരുന്നു.
പിന്നീട് മരിക്കുന്നത് വരെ വിജയവും ഭരണവുമൊക്കെ എംജിആറിന് മാത്രം സ്വന്തമായിരുന്നു. തലൈവരെ തമിഴ് ജനത കൈവിട്ടിട്ടില്ല. കരുണാനിധിക്കുള്ള വെല്ലുവിളികൾ സ്വന്തം സിനിമകളിലെ പാട്ടുകളിലൂടെയാണ് എംജിആർ നടത്തിയിരുന്നത്. വെറുമൊരു നടൻ മാത്രമല്ല സംവിധായകനും എഡിറ്ററും ക്യാമറാമാനും എല്ലാമായിരുന്നു.

സിനിമയുടെ സമസ്ത മേഖലകളെ കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അടിമപ്പെണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി പണം മുടക്കി ഒരു സിംഹത്തെ നിയമപരമായി വാങ്ങി അതുമായി ഇടപഴകി പരിശീലനം നൽകി സിനിമ എടുത്തയാളുമാണ് എംജിആർ. അതിഗംഭീരമായി സിനിമ എടുത്തു. സിംഹത്തിന്റെ മരണശേഷം അതിനെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചു. അത് ഇപ്പോഴുമുണ്ട്. എംജിആർ ആദ്യം വിവാഹം ചെയ്തത് തങ്കമണി എന്ന ഭാർഗവിയെയാണ്.
മൂന്ന് വർഷക്കാലം ആ ദാമ്പത്യം നീണ്ടുനിന്നു. പിന്നീട് രണ്ട് വിവാഹം കൂടി കഴിച്ചു. മൂന്ന് വിവാഹം കഴിച്ചെങ്കിലും സന്താനഭാഗ്യമുണ്ടായില്ല. എല്ലാ സൗഭാഗ്യങ്ങളും കൈവന്നുവെങ്കിലും കുഞ്ഞുങ്ങൾ മാത്രം പിറന്നില്ല. എംജിആറിന്റെ ഭരണകാലത്തും ജയലളിതയുടെ ഭരണകാലത്തും ജാനകിയുടെ ഭരണകാലത്തും തമിഴ്നാട്ടിൽ ജീവിക്കുകയും അവരെയെല്ലാം നേരിൽ കാണാൻ സാധിക്കുകയും ചെയ്തയാളാണ് ആലപ്പി അഷ്റഫ്.
എംജിആറിന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ ആരാധകർ താലത്തിൽ കർപ്പൂരം കത്തിച്ച് ഉഴിയുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എംജിആറിന്റെ മരണം തമിഴ് ജനതയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജനങ്ങൾ റോഡിലിറങ്ങി. അക്രമങ്ങൾ പൊട്ടിപുറപ്പെട്ടു. ഭ്രാന്തിളകിയത് പോലെ ജനങ്ങൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു.
തെരുവോരങ്ങളിലുണ്ടായിരുന്ന വാഹനങ്ങൾക്ക് തീ കൊളുത്തി. നിരവധി പേർ സങ്കടം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ ശവമടക്ക് ചടങ്ങിൽ പങ്കെടുത്തത് ഇരുപത് ലക്ഷത്തോളം ആളുകൾ. ഇതെല്ലാം ആ മഹാനായ മനുഷ്യൻ കടന്നുപോയ വഴികളിലെ ചരിത്ര സത്യങ്ങളാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











