'അന്ന് ശ്രീനിക്ക് എതിരെ അവർ ഇറങ്ങിയപ്പോൾ തടഞ്ഞത് മോഹൻലാൽ, എന്നിട്ടും മോഹൻലാലിനിട്ട് ശ്രീനി ഇടയ്ക്ക് കൊട്ടും'
പുതിയ എത്ര തന്നെ കോമ്പോകൾ വന്നാലും മലയാളികൾ ഇന്നും മടുപ്പില്ലാതെ ആസ്വദിക്കുന്നതും ഒരു വട്ടം കൂടി സ്ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കോമ്പോയാണ് മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ. ഇരുവരും ഒരുമിച്ച് മലയാളികൾക്ക് എവർഗ്രീൻ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന നിരവധി സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇടകാലത്ത് മോഹൻലാൽ-ശ്രീനിവാസൻ സൗഹൃദത്തിൽ വിള്ളൽ വീണിരുന്നു.
പിന്നീട് മോഹൻലാൽ തന്നെ മുൻകൈ എടുത്ത് അത് പരിഹരിച്ചു. തന്റെ സിനിമ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിട്ട് തന്നെയാണ് ശ്രീനിവാസനെ മോഹൻലാൽ ഹൃദയത്തിൽ സൂക്ഷിക്കുന്നത്. ഇപ്പോഴിതാ ശ്രീനിവാസൻ-മോഹൻലാൽ സൗഹൃദത്തെ കുറിച്ചും അവർക്കിടയിലുണ്ടായിരുന്ന അകൽച്ചയെ കുറിച്ചും മനസ് തുറക്കുകയാണിപ്പോൾ ആലപ്പി അഷ്റഫ്.

ശ്രീനിവാസൻ പലതവണ പരിഹസിച്ചിട്ടും അതൊന്നും വകവെക്കാതെ ക്ഷമിച്ച് ചേർത്ത് നിർത്തിയത് മോഹൻലാലിന്റെ വലിയ മനസ് കൊണ്ടാണെന്ന് അഷ്റഫ് പറഞ്ഞു. തേന്മാവിൻ കൊമ്പത്തിലെ അപ്പക്കാള എന്ന റോൾ എനിക്ക് തരാമെന്നാണ് ആദ്യം പ്രിയദർശൻ പറഞ്ഞിരുന്നത്. പക്ഷെ കഥ എഴുതി വന്നപ്പോൾ ശ്രീനിവാസന് കൊടുക്കാൻ കഥയിൽ കഥാപാത്രങ്ങളൊന്നുമില്ലാതെയായി. ഇക്കാര്യം പ്രിയദർശൻ എന്നോട് പറഞ്ഞു.
തനിക്ക് തരാമെന്ന് ഞാൻ പറഞ്ഞിരുന്ന ആ വേഷം ഞാൻ ശ്രീനിവാസനെ കൊണ്ട് ചെയ്യിക്കാൻ പോവുകയാണ്. ശ്രീനിവാസൻ എന്നോടൊപ്പം വേണ്ടത് ഇപ്പോൾ എന്റെ ഒരു ആവശ്യം കൂടിയാണ്. അതുകൊണ്ട് തനിക്ക് എന്നോട് വിഷമം ഒന്നും തോന്നരുതെന്നും പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അപ്പോൾ നന്നായി വിഷമം തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല.
എനിക്ക് അപ്പോൾ തോന്നിയത് പ്രിയദർശൻ പറഞ്ഞത് ശരിയാണല്ലോ.... കാരണം ശ്രീനിവാസന് അപ്പോൾ മാർക്കറ്റുണ്ട്. പ്രിയനെ കഥയിൽ സഹായിക്കുകയും ചെയ്യും. ശ്രീനിവാസന്റെ സ്ക്രിപ്റ്റ് സെൻസ് അപാരം തന്നെയാണ്. നിന്നിഷ്ടം എന്നിഷ്ടം എന്ന എന്റെ സിനിമയുടെ തിരക്കഥയിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ശ്രീനിവാസൻ ആയിരുന്നു. കഥയും തിരക്കഥയും പ്രിയദർശന്റേത് ആയിരുന്നുവെങ്കിലും എന്റെ രക്ഷകനായി എത്തിയത് ശ്രീനിവാസനായിരുന്നു.
ശ്രീനിവാസൻ എന്ന അതുല്യപ്രതിഭയുടെ കഴിവുകളെ ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത് സത്യൻ അന്തിക്കാടും പ്രിയദർശനമൊക്കെയാണ്. മലയാള സിനിമയിൽ ഒരു വ്യക്തിയായിട്ടല്ല ഒരു പ്രസ്താനമായിട്ടാണ് ശ്രീനിവാസൻ നിലകൊണ്ടിരുന്നത്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് മോഹൻലാൽ-ശ്രീനിവാസൻ കോമ്പിനേഷൻ. ഇവരുടെ കോമ്പിനേഷൻ തിയേറ്ററുകൾ ഒരു കാലത്ത് പൂരപ്പറമ്പാക്കിയിരുന്നു.

ഉദയനാണ് താരം വിജയമായപ്പോൾ ശ്രീനിവാസൻ തന്നെ കഥയും തിരക്കഥയും സംഭാഷണവും എഴുതി തിയേറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു പത്മശ്രീ ഡോ. സരോജ് കുമാർ. എന്നാൽ ഈ സിനിമ കണ്ട് ഇറങ്ങിയ മോഹൻലാൽ ആരാധകർക്ക് കടുത്ത വേദനയും അമർഷവും ഉണ്ടായി. മോഹൻലാലിന് പത്മശ്രീ കിട്ടിയതിനെയും കേണൽ പദവി കിട്ടിയതിനേയും എല്ലാം ആക്ഷേപഹാസ്യത്തിലൂടെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. പ്രഥമദൃഷ്ട്യാ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നുവെങ്കിലും അന്തർധാര അത്ര ആ സമയത്ത് സജീവമായിരുന്നില്ല.
മോഹൻലാലിനോട് ചേർന്ന് നിൽക്കുന്ന പലർക്കും ഇതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനുള്ള പ്രതികാരം എന്നോണം സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ശ്രീനിവാസന്റെ ചെയ്തികളെ തുറന്ന് കാട്ടി ഒരു സിനിമ നിർമ്മിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ മോഹൻലാൽ ഇടപെട്ട് ആ ശ്രമത്തെ തടഞ്ഞു. ആ സമയത്ത് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണിരുന്നു.
കാലം അതിനേയും മായ്ച്ച് കളഞ്ഞു. മോഹൻലാൽ ശ്രീനിയോട് ക്ഷമിച്ചു. മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ മനസാണ് നാം ഇവിടെ കാണേണ്ടത്. എന്നാലും ശ്രീനിവാസൻ പലപ്പോഴും മോഹൻലാലിനിട്ട് കൊട്ട് കൊടുക്കാറുണ്ട്. ഒരു കാര്യ സാധ്യത്തിന് വേണ്ടിയും സ്വന്തം വ്യക്തിത്വം ആരുടെയും മുന്നിലും അടിയറവ് വെക്കാത്ത വ്യക്തത്വമായിരുന്നു ശ്രീനി.
അഭിപ്രായം ഏത് കൊലകൊമ്പന്റെ മുഖത്ത് നോക്കിയും പറയും. ഭക്ഷണത്തിലെ വിഷം മാത്രമെ ശ്രീനി ശ്രദ്ധിച്ചിരുന്നുള്ളു. എന്നാൽ മദ്യപാനവും പുകവലിയും കൊണ്ടുള്ള ദോഷവശങ്ങൾ പുള്ളി അപ്പാടെ മറന്നുവെന്നും നടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കവെ അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications