വീട്ടുജോലിക്ക് നിന്ന പയ്യനെ കാണാനില്ല, മധു കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രചാരണം, പോസ്റ്ററുകൾ; അന്ന് സംഭവിച്ചത്!
പഴയ കാലത്തെ നായക നടന്മാരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നടനാണ് മാധവൻ നായർ എന്ന നടൻ മധു. അദ്ദേഹത്തിന് ഇപ്പോൾ 92 വയസ് പിന്നിട്ടിരിക്കുന്നു. മധു സാറിനൊപ്പം ഒരു കാലത്ത് നായക പദവി അലങ്കരിച്ചിരുന്ന നടന്മാരെല്ലാം മൺമറഞ്ഞ് പോയിട്ട് കാൽ നൂറ്റാണ്ടിൽ ഏറെക്കാലം പിന്നിട്ടിരിക്കുന്നു. പ്രായത്തിന്റെ ചെറിയ ചെറിയ അവശതകളൊക്കെ ഉണ്ടെങ്കിലും സിനിമയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ അറിഞ്ഞും ചർച്ച ചെയ്തും കഴിഞ്ഞ് പോരുന്നു.
ജാതകത്തിൽ മധുവിന് പരമാവധി ആയുസ് എഴുപത് എന്നാണ് എഴുതപ്പെട്ടിരുന്നത്. കൂടാതെ നിരവധി ജോത്സ്യന്മാരും ഇപ്രകാരം തന്നെ പ്രവചിച്ചിട്ടുണ്ട്. എന്നാൽ പ്രവചനം നടത്തിയ എല്ലാ ജോത്സ്യന്മാരും വളരെ നേരത്തെ തന്നെ ഇഹലോക വാസം വെടിഞ്ഞു. ആയുസിന്റെ ദൈർഘ്യം തീരുമാനിക്കുന്നത് ഒരു ജോത്സ്യനുമല്ല.

അത് തീരുമാനിക്കുന്ന ശക്തി സമയം ആകുമ്പോൾ കൊണ്ടുപോയ്ക്കോളും. അതിന്റെ തെളിവാണ് മധുവിന്റെ ജീവിതം. ഇപ്പോഴിതാ നടൻ മധുവുമായി ബന്ധപ്പെട്ട് ഒരു കാലത്ത് നിലനിന്നിരുന്ന കേസിനെ കുറിച്ചും അതിന്റെ പേരിൽ നടനും കുടുംബവും അനുഭവിച്ച മാനസീകവ്യഥകളും വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
മധു സാർ ആദ്യമായി അഭിനയിച്ച സിനിമ മൂടുപടം ആയിരുന്നുവെങ്കിലും ആദ്യമെത്തിയത് അദ്ദേഹം പിന്നീട് അഭിനയിച്ച നിണമണിഞ്ഞ കാൽപ്പാടുകളാണ്. ഭാസ്കരൻ മാസ്റ്ററാണ് മാധവൻ നായരെന്ന അദ്ദേഹത്തിന്റെ പേര് മാറ്റി മധു എന്ന് ആക്കിയത്. അവിടെ തുടങ്ങിയതാണ് മധുവിന്റെ സിനിമ യാത്ര. നാനൂറിൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിച്ചു. ആദ്യം സംവിധാനം ചെയ്തത് പ്രിയ എന്ന സിനിമയാണ്.
ഏത് കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴും മധു സാർ ഉദാഹരണവും ഉപമയും നർമ്മവും കലർത്തും. അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. മധു സാർ മദ്യപാന ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ രണ്ട് ജന്മം കഴിക്കാനുള്ളത് കഴിച്ചതിനുശേഷമാണ് അദ്ദേഹം ആ ശീലം ഉപേക്ഷിച്ചത്. കരൾ നശിക്കും കൂമ്പ് വാടും എന്നതൊന്നും മധു സാറിനെ സംബന്ധിച്ച് ബാധകമായിരുന്നില്ല.
മെഡിക്കൽ സയൻസ് പോലും മധു സാറിന്റെ മുന്നിൽ തോറ്റുപോയിയെന്ന് വേണം കരുതാൻ. ഈ പ്രായത്തിലും സാറിന്റെ ചങ്കിനും കരളിനും ഒന്നും ഒരു കുഴപ്പവുമില്ല. മനുഷ്യർക്കെല്ലാം നല്ല സമയവും ചീത്ത സമയവുമുണ്ട്. മധു സാറിനും അത്തരമൊരു ചീത്ത സമയം ഉണ്ടായിരുന്നു. മനസ് അറിയാത്ത പ്രശ്നത്തിന്റെ പേരിൽ കുറ്റാരോപിതനായി നിൽക്കേണ്ടി വന്നു.

അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു പയ്യൻ പെട്ടന്ന് അപ്രത്യക്ഷനായി. ആ പയ്യൻ എന്തോ അരുതാത്തത് ചെയ്തതുകൊണ്ട് മധു സാർ അവനെ കൊന്ന് കുഴിച്ചുമൂടിയെന്നുള്ള കഥകൾ നാടെങ്ങും പരന്നു. ഉന്നതന്മാരായ പല രാഷ്ട്രീയ നേതാക്കളും ഇത് ഏറ്റ് പിടിച്ചു. അവരെല്ലാം അദ്ദേഹത്തിന് എതിരെ രംഗത്ത് വന്നു. എത്ര ഉന്നതനായാലും വെറുതെ വിടില്ല. ജയിലിൽ അടയ്ക്കുമെന്ന് അവർ ഘോരഘോരം പ്രസംഗിച്ചു.
ചില പോലീസ് ഉദ്യോഗസ്ഥന്മാർ പോലും മധു സാറിനെ ഇക്കാര്യത്തിൽ സംശയ മുനയിൽ നിർത്തി. തിരുവനന്തപുരം സിറ്റിയിൽ ഓടുന്ന ബസ്സുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊലയാളിയായ സിനിമ നടൻ മധുവിനെ അറസ്റ്റ് ചെയ്യുക എന്നായിരുന്നു പോസ്റ്റർ. അക്കാലത്ത് മധു സാറും കുടുംബവും അനുഭവിച്ച മാനസീക വ്യഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്. വേറൊരു വഴിയുമില്ലാതെ മധു സാർ തന്നെ അന്വേഷണ ചുമതല ഏറ്റെടുത്തു. നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
പോസ്റ്റുമാൻ വഴി കാണാതായ പയ്യൻ ഒളിവിൽ താമസിക്കുന്ന സ്ഥലം മധു സാർ കണ്ടെത്തി. പോലീസുമായി കോഴിക്കോട് മധു സാർ എത്തി. അവിടെ നിന്നും ആ പയ്യനെ പിടികൂടി. എന്നാൽ ആ കേസിന്റെ പേരിൽ തനിക്ക് എതിരെ ഉണ്ടായ ആരോപണങ്ങൾക്ക് എതിരെ പരാതിപ്പെടുകയോ പ്രതികാരം ചെയ്യുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ മനസിന്റെ മഹത്വം അവിടെയാണ് കാണാൻ കഴിഞ്ഞതെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











