തല്ല് കൊണ്ട വടിവേലു പക വീട്ടാൻ കാത്തിരുന്നു, ഒടുവിൽ ചെയ്തത്, അപ്പോഴും വിജയകാന്ത് പറഞ്ഞതിങ്ങനെ: ആലപ്പി അഷ്റഫ്
നടൻ വടിവേലുവും അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. വടിവേലുവിനെ കരിയറിൽ ഉയരത്തിലെത്തിച്ചത് വിജയകാന്ത് ആണെന്നും എന്നാൽ പിന്നീട് വടിവേലുവിന് ഇദ്ദേഹം ശത്രുവായി മാറിയെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. വടിവേലുവും വിജയകാന്തും തമ്മിൽ പിണക്കവുമുണ്ടായി. തനിക്കെതിരെ പല കമന്റുകളും വടിവേലു പറഞ്ഞതായി വിജയകാന്തിന്റെ ചെവിയിലെത്തി. ഒരേ സ്ട്രീറ്റിലാണ് ഇരുവരും താമസിക്കുന്നത്.
വടിവേലുവിന്റെ കമന്റുകൾ വിജയ്കാന്ത് ആരാധകരെയും ചൊടിപ്പിച്ചിരുന്നു. അവർ ഒരു കാർ പാർക്കിംഗിന്റെ പേരിൽ വടിവേലുവിനെ കയ്യേറ്റം ചെയ്തു. വിജയ്കാന്തിന്റെ വീടിന് മുന്നിൽ വടിവേലു തന്റെ കാർ മനപ്പൂർവം പാർക്ക് ചെയ്തു എന്നായിരുന്നു ആരോപണം. തല്ല് കൊണ്ട വടിവേലു പക വീട്ടാൻ കാത്തിരുന്നു. ഏതാണ്ട് അതേ കാലഘട്ടത്തിൽ തന്നെ വിജയ്കാന്ത് തന്റെ ഉറ്റ സുഹൃത്തായ ഇബ്രാഹിം റാവുത്തറുമായും പിണങ്ങിപ്പിരിയുന്നു. വടിവേലുവിനെയും ഇബ്രാഹിം റാവുത്തറിനെയും ഉന്നതിയിലെത്തിക്കാൻ വളരെയേറെ പരിശ്രമിച്ച ആളായിരുന്നു വിജയകാന്ത്.

ഈ കാലഘട്ടത്തിൽ തന്റെ പാർട്ടിയിലേക്ക് ഭാര്യ സഹോദരൻ കടന്ന് വന്നത് പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് അസ്വസ്ഥത ഉളവാക്കി. വിജയകാന്തിന് ഈ സമയത്തുണ്ടായ മാനസിക സംഘർഷം അദ്ദേഹത്തെ മദ്യപാന ശീലത്തിലേക്ക് എത്തിച്ചു എന്നും പറയപ്പെടുന്നു. ഇലക്ഷൻ കാലത്ത് വടിവേലു വിജയകാന്തിനെതിരെ ഉന്നയിച്ച കടുത്ത ആക്ഷേപം അദ്ദേഹത്തിന്റെ മദ്യപാനമാണ്. ക്യാപ്റ്റനെന്ന് പറഞ്ഞാൽ വെള്ളത്തിൽ കിടക്കുന്ന കപ്പലിനെ നയിക്കുന്ന ആളാണ്. എന്നാൽ നമ്മുടെ ക്യാപ്റ്റൻ കപ്പലിൽ അല്ലാതെ ഫുൾ ടെെം വെള്ളത്തിലാണെന്ന് വടിവേലു പല വേദികളിലും പറഞ്ഞു.
ജനം ഇത് കേട്ട് ചിരിച്ചപ്പോൾ ഈ അധിക്ഷേപം വിജയ്കാന്തിന്റെ ആരാധകരിൽ വളരെയധികം വേദനയുണ്ടാക്കി. വിജയ്കാന്തിന്റെ ആദ്യ കാല ചിത്രങ്ങളിൽ അദ്ദേഹത്തിന് കുട പിടിച്ച് പിന്നാലെ നടന്നിരുന്ന ആളായിരുന്നു വടിവേലു. അന്നദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത് ഒരു ദിവസത്തേക്ക് 250 രൂപയായിരുന്നു. തന്നെ വടിവേലു അധിക്ഷേപിച്ചതിനെക്കുറിച്ച് വിജയകാന്തിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ എതിർക്കുന്നത് കൊണ്ട് അയാൾക്ക് പണവും പദവിയുമൊക്കെ കിട്ടുമെങ്കിൽ ഒരു സുഹൃത്തായ ഞാൻ അതൊക്കെ മനസിലാക്കേണ്ടതല്ലേ എന്നാണ്. 2023 ൽ വിജയ്കാന്ത് മരിച്ചപ്പോൾ വടിവേലു കാണാൻ പോലും വന്നില്ലെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

കോമഡി റോളുകളിലൂടെ തമിഴകത്ത് വൻ ജനപ്രീതി നേടിയ നടനാണ് വടിവേലു. ഒരു കാലത്ത് സൂപ്പർതാരങ്ങളുടെ സിനിമകൾ പോലും വടിവേലുവിന്റെ ഡേറ്റിനായി കാത്തിരുന്നു. താരങ്ങളുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു വടിവേലു. എന്നാൽ ഒരു ഘട്ടത്തിൽ വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വടിവേലുവിനെതിരെ വന്നു. കമ്മിറ്റ് ചെയ്ത സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് നിർമാതാക്കളുടെ പരാതി വന്നു. 2017 മുതൽ 2020 വരെ വടിവേലുവുനെ തമിഴ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്കി.
സിനിമാ രംഗത്തെ തന്റെ വളർച്ച തടയാനുള്ള ചിലരുടെ നീക്കമാണ് വിലക്കിന് പിന്നിലെന്ന് വടിവേലു അന്ന് പറഞ്ഞിരുന്നു. സഹപ്രവർത്തകരിൽ പലരുമായും വടിവേലുവിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് വടിവേലുവിനെ തേടി വ്യത്യസ്തമായ സിനിമകൾ വരുന്നുണ്ട്. സീരിയസ് റോളുകളിൽ വടിവേലു കയ്യടി നേടുന്നു. 2023 ൽ പുറത്തിറങ്ങിയ മാമന്നൻ ആണ് വടിവേലുവിന്റെ തിരിച്ച് വരവിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ.


Click it and Unblock the Notifications











