ജയന് ഒരു മകനുണ്ടോ? ആ ചെറുപ്പക്കാരന്‍ വന്നത് അമ്മ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാവാം, ആലപ്പി അഷ്റഫ്
നടന്‍ ജയന്റെ മകനാണെന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് മുരളി ജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും മുരളിയുടെ പരാമര്‍ശങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പല അഭിമുഖങ്ങളിലും തന്റെ പിതാവാണ് അന്തരിച്ച നടന്‍ ജയനെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും സത്യമല്ലെന്ന് പറഞ്ഞ് ജയന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. മുരളിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി വരെ നല്‍കിയിരിക്കുകയാണ്. വൈകാതെ അതിലൊരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ മുരളിയെ അപമാനിക്കാതെ ഇരുന്നൂടേ എന്ന് ചോദിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയന്റെ മകനാണെന്ന് പറഞ്ഞ് വന്ന മുരളിയെ കുറിച്ചും സമാനമായ രീതിയില്‍ മുന്‍പ് വന്ന ചില താരങ്ങളുടെ മക്കളെ കുറിച്ചും അഷറ്ഫ് പറയുന്നത്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി അടക്കമുള്ളവര്‍ക്ക് പിതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതടക്കമുള്ള കാര്യങ്ങളും അഷറഫ് ചൂണ്ടി കാണിച്ചിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ജയന് ഒരു മകനുണ്ടോ? തനിക്ക് ജന്മം നല്‍കിയ പിതാവിനെ കുറിച്ച് അമ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുരളി ജയന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകന്‍ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരന്‍ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന കൗതകം. വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ടായിരുന്നു മാക്‌സണ്‍.
എന്റെ സീനിയറായ് ആലപ്പുഴ എസ്ഡി കോളേജില്‍ പഠിച്ചിരുന്നു. ടി വി തോമസിന്റെ അവസാന കാലത്തായിരുന്നു മാക്‌സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ ഗൗരിയമ്മയും. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ എത്തിയപ്പോള്‍ ദ്രൗപതിയെ പോലെ പരസ്യ വേദിയില്‍ അപമാനിക്കപ്പെട്ടു. ആ പെണ്‍കുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവില്‍ ആ മകള്‍ക്കും പിതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു.

ഇപ്പോള്‍ മുരളിയെന്ന ഒരു ചെറുപ്പക്കാരന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ ചില തെളിവുകള്‍ നിരത്തി തന്റെ പിതാവാണ് ജയന്‍ എന്ന് പറയുമ്പോള്‍, ആ പുത്രന്റെ ദയനീയവസ്ഥ ജയനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന പകരുന്നതാണ്. ജയന്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ ജയന്റെ ചില രൂപസാദൃശ്യങ്ങള്‍ ദൈവം മുരളിക്ക് നല്‍കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മുരളി ജയന്റെ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്.
അതിനുള്ള അവസരമൊരുക്കാന്‍ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കില്‍ പരാതിക്കാര്‍ക്ക് നീതി പീഠത്തെ സമീപിക്കാം. അതുവരെ, ജയന്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം. തല്‍ക്കാലം അദ്ദേഹത്തെ ജയന്റെ മകനായ് തന്നെ നമ്മള്‍ കാണേണ്ടതല്ലേ? പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്‌കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്..?
ആലപ്പി അഷറഫ്


Click it and Unblock the Notifications











