മദ്യപാനം കരൾ പൂർണമായും നശിപ്പിച്ചു, സലിം കുമാർ തിരിച്ചറിഞ്ഞപ്പോഴേക്കും വെെകി; ലാൽ കണ്ട കാഴ്ച: ആലപ്പി അഷ്റഫ്
മലയാള സിനിമാ ലോകത്തിന് പ്രിയപ്പെട്ട നടനാണ് സലിം കുമാർ. കോമഡി റോളുകളിൽ സലിം കുമാറിനെ പോലെ തിളങ്ങിയ നടൻമാർ വിരളമാണ്. ഇന്ന് ട്രോൾ പേജുകളിലും വീഡിയോകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സലിം കുമാറിന്റെ പല സിനിമകളിലെ മുഖ ഭാവങ്ങളാണ്. അത്രമാത്രം വെെവിധ്യമുള്ള കോമഡി വേഷങ്ങൾ സലിം കുമാറിന് ലഭിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് സജീവമല്ലാതായിട്ട് വർഷങ്ങളായെങ്കിലും സലിം കുമാറിനെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത് ഈ റോളുകളിലൂടെയാണ്.
ഒരു ഘട്ടത്തിൽ സീരിയസ് റോളുകൾ നടനെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ആദാമിന്റെ മകൻ അബുവിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിം കുമാറിന് ലഭിച്ചു. സലിം കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സലിം കുമാറിന്റെ മദ്യപാന ശീലത്തെക്കുറിച്ച് ആലപ്പി അഷ്റഫ് തുറന്ന് സംസാരിക്കുന്നുണ്ട്.

സലിം കുമാറിന് പണ്ടുണ്ടായിരുന്ന ദുശീലമാണ് മദ്യപാനം. അതിന് പിന്നീട് കനത്ത വില നൽകേണ്ടി വന്നു. സംവിധായകൻ പറഞ്ഞ കഥ ഓർമ വരുന്നു. ലാലിന്റെ അപ്പൻ അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുന്നു. ലാൽ പെട്ടെന്ന് കടന്ന് വന്നപ്പോൾ കണ്ട കാഴ്ച അപ്പൻ ഓക്സിജൻ മാസ്ക് മാറ്റി സലിം കുമാർ കൊടുത്ത മദ്യം കുടിക്കുന്നതാണ്.
സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു. ഇത്തരം ദുശ്ശീലങ്ങൾ കാരണം സിനിമയിൽ ഒരുപറ്റം നല്ല കലാകാരൻമാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലിവിടെ സലിം കുമാറിന്റെ ജീവൻ രക്ഷിക്കാൻ തുണയായി വന്നത് സിനിമാക്കാരല്ല. സാക്ഷാൽ അമൃതാനന്ദമയിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞിട്ടാണ് അമൃതാനന്ദമയിയെ പോയി കണ്ടത്. തമാശ പറഞ്ഞ് അവരെ സലിം കുമാർ ചിരിപ്പിച്ചു.

വേഗം പോയി ഓപ്പറേഷൻ ചെയ്യൂ, പണമൊന്നും അടയ്ക്കേണ്ട മോനെ എനിക്കാവശ്യമുണ്ടെന്നാണ് അമൃതാനന്ദമയി പറഞ്ഞത്. ഇക്കാര്യം പല അഭിമുഖങ്ങളിലും സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ദേശീയ അവാർഡ് ലഭിച്ച ശേഷം സിനിമാ രംഗത്ത് സലിം കുമാറിന് ശത്രുക്കളുണ്ടായി. തെറ്റായ പ്രചരണം നടനെക്കുറിച്ച് ശത്രുക്കൾ നടത്തിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.
മറ്റൊരു അപവാദവും പറയാനില്ലാത്തത് കൊണ്ട് ദുഷ്ടബുദ്ധികൾ സലിം കുമാറിന് മേൽ കലിപ്പ് തീർത്തത് അമേരിക്കയിൽ വെച്ച് ആക്സിഡന്റായി മരിക്കാൻ കിടക്കുന്നു, മാരക രോഗം പിടിപെട്ട് മരിക്കാൻ കിടക്കുന്നു എന്നൊക്കെയാണ്. ലോകത്തിലുള്ള സകല രോഗങ്ങളും അവരെനിക്ക് ചാർത്തി തന്നു എന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
ഓപ്പറേഷന് മുമ്പ് സലിം കുമാർ വിചിത്രമായ ആവശ്യം ഉന്നയിച്ചു. മുറിച്ചെടുത്ത ലിവർ തന്നെയും മക്കളെയും കാണിക്കണമെന്നായിരുന്നു അത്. ഡോക്ടർ അപ്രകാരം ചെയ്തു. താൻ കണ്ടത് വാട്സാപ്പിലാണെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ഓർത്തു. ഓപ്പറേഷന് ശേഷം സലിം കുമാറിന്റെ ജീവിത വീക്ഷണങ്ങളിൽ മാറ്റം വന്നെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











