'വിവാഹത്തെക്കുറിച്ചോ ലിവിംഗ് ടുഗെദറിനെക്കുറിച്ചോ ശോഭന ചിന്തിച്ചില്ല, കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ'
സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല നടി ശോഭന. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്നുണ്ടെങ്കിലും അപൂർവമായേ ശോഭന തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ. വ്യക്തിപരമായ കാര്യങ്ങൾ പറയില്ലെന്ന് ചില അഭിമുഖങ്ങളിൽ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ചെന്നെെയിൽ താമസിക്കുന്ന ശോഭന ഇവിടെ നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. തന്റെ മകൾക്കൊപ്പം സ്വകാര്യ ജീവിതം നയിക്കുകയാണ് ശോഭന. മകളെ ലെെം ലെെറ്റിലേക്ക് കൊണ്ട് വരാറില്ല.
മകളുടെ സ്വസ്ഥജീവിതത്തിന് ജനശ്രദ്ധ തടസമാകരുതെന്ന് ശോഭന കരുതുന്നു. ശോഭനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ ഇളം തലമുറയാണല്ലോ ശോഭന. ദേശീയ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണുമെല്ലാം വാങ്ങി മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശോഭന. നൃത്ത കലയെ തന്റെ ജീവ ശ്വാസമായി കരുതുന്ന ശോഭന വിവാഹ ജീവിതത്തെക്കുറിച്ചോ ഇപ്പോൾ കാണുന്ന ലിവിംഗ് ടുഗെദറിനെക്കുറിച്ചോ 55 വയസ് വരെ ചിന്തിച്ചിട്ടില്ല എന്നതാണ് യഥാർത്ഥ്യം.

അവർക്ക് കൂടുതൽ ഇഷ്ടവും താൽപര്യവും ഒരു നൃത്ത വിദ്യാലയം ആരംഭിച്ച് അവിടെ കുട്ടികളെ നൃത്തം പഠിപ്പിക്കുക എന്നതായിരുന്നു. അതിലേക്കായി അവരുടെ ജീവിതം തന്നെ ഉഴിഞ്ഞ് വെച്ചു എന്ന് പറയാം. ശതകോടികളുടെ ആസ്തിയുള്ള ശോഭന തനിക്ക് സ്നേഹിക്കാനും ലാളിക്കാനും ഒരു കുട്ടിയെ വേണമെന്ന് തോന്നിയപ്പോൾ 2010 ൽ വെറും ആറ് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന് നാമകരണവും നൽകി.
തന്റെ സ്നേഹ വാത്സല്യങ്ങളെല്ലാം അവൾക്ക് നൽകിക്കൊണ്ട് ശോഭന ചെന്നെെയിൽ താമസിക്കുന്നു. നാരായണിയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാൽ ശോഭനയ്ക്ക് നൂറ് നാവാണ്. അമ്മയാകാൻ ഒരു പൊക്കിൾ കൊടി ബന്ധവും ആവശ്യമില്ല. ഒരു നല്ല മകളായി ജീവിച്ചാൽ ഒരു നല്ല അമ്മയാകാനും സാധിക്കുമെന്ന് ശോഭന തെളിയിച്ച് കൊണ്ടേയിരിക്കുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.

തുടരും എന്ന സിനിമയിലാണ് ശോഭനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മോഹൻലാൽ നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡി എന്ന സിനിമയിലും ശോഭനയ്ക്ക് മികച്ച വേഷമാണ് ലഭിച്ചത്. അണിയറയിൽ ഒരുങ്ങുന്ന രാമായൺ എന്ന ബോളിവുഡ് ചിത്രത്തിലും ശോഭന ഒരു വേഷം ചെയ്യുന്നുണ്ട്.
വർഷങ്ങളുടെ അനുഭവ സമ്പത്ത് ശോഭനയ്ക്ക് സിനിമാ രംഗത്തുണ്ട്. മണിച്ചിത്രത്താഴ് ആണ് ശോഭനയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. നാഗവല്ലിയായി നിറഞ്ഞാടിയ ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ നേടി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ ശോഭന തീരുമാനിച്ചു. പിന്നീട് ചുരുക്കം സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. വലിയ ഇടവേള കരിയറിൽ ശോഭനയ്ക്ക് വന്നു. അഭിനയരംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് ഒരിക്കൽ ശോഭന സംസാരിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ അഭിനയിച്ച് ആവർത്തന വിരസത തോന്നി. മറുവശത്ത് നൃത്തത്തിൽ തനിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു എന്നും ശോഭന പറഞ്ഞു.


Click it and Unblock the Notifications











