'മുരളിക്ക് മുഖസാദൃശ്യമുണ്ട്, ജോർജിന്റെ പിതാവ് അന്ന് നാനയിൽ ഇക്കാര്യം എഴുതി, ആദിത്യൻ ടെസ്റ്റിന് തയ്യാറായാൽ..'
മലയാള മനസിനെ കീഴടക്കിയ സാഹസീക നടൻ ജയന് ഒരു മകനുണ്ടോ? ഇന്നും അതൊരു ദുരൂഹതയാണ്. മലയാളത്തിലെ എക്കാലത്തേയും കരുത്തുറ്റ നടൻ ജയന്റെ 45ആം ചരമ വാർഷികം ഇക്കഴിഞ്ഞ നവംബർ 16ന് ആയിരുന്നു. ജയന്റെ ഓർമദിനം വരുമ്പോൾ സാധാരണയായി അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ സാഹസീക രംഗങ്ങളും അദ്ദേഹം അഭിനയിച്ച സിനിമകളെ കുറിച്ചും പാട്ടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുള്ള ഡയലോഗുകളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളുമാണ് നമ്മൾ കാണാറുള്ളത്.
എന്നാൽ ഇക്കഴിഞ്ഞ ഓർമദിനത്തിൽ പഴയതിൽ നിന്നും വ്യത്യസ്തമായി സാഹസീക നടനായ ജയന് ഒരു മകനുണ്ടോ ഇല്ലയോ എന്നതായിരുന്നു സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. അത് പൊതു സമൂഹത്തിന് മുന്നിൽ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുന്നു.

ജയന്റെ മകനാണ് താനെന്ന് മുരളി ജയൻ അവകാശപ്പെടുന്നുണ്ടെങ്കിലും ജയന്റെ സഹോദരന്റെ മക്കൾ അത് തള്ളികളഞ്ഞു. ഇപ്പോഴിതാ ജയനുമായി ബന്ധപ്പെട്ട് തനിക്ക് അറിവുള്ള കാര്യങ്ങൾ പുതിയ വീഡിയോയിലൂടെ പങ്കുവെക്കുകയാണ് ആലപ്പി അഷ്റഫ്. മുരളി ജയൻ പറയുന്ന കാര്യങ്ങളോട് തനിക്ക് ചിലയിടങ്ങളിൽ യോജിപ്പുണ്ടെന്നും അഷ്റഫ് പറയുന്നു.
ജയനുമായും അദ്ദേഹത്തിന്റെ സഹോദരൻ സോമൻ നായരുമായും എനിക്ക് വളരെ അധികം അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു. എന്റെ ആദ്യ സിനിമയിൽ ജയന്റെ മീൻ എന്ന സിനിമയിലെ ഒരു ഭാഗം ഞാൻ ഉൾപ്പെടുത്തിയിരുന്നു. അത് ജയനോട് എനിക്ക് തോന്നിയ ആരാധനയുടെ മേലുണ്ടായ ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതാണ്. അതുപോലെ എന്റെ ആദ്യ സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരൻ സോമൻ നായർ ഒരു പ്രധാന വേഷം ചെയ്തിട്ടുമുണ്ട്.
അതിപ്രശസ്തരായ പലർക്കും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ കഴിയാത്ത വണ്ണം കുട്ടികളുണ്ടായിട്ടുണ്ട്. ചിലർ വർഷങ്ങൾ പലത് കഴിഞ്ഞപ്പോൾ അവരെ അംഗീകരിച്ച ചരിത്രവുമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം നമ്മുടെ കൺമുന്നിലുള്ളത് ജഗതി ശ്രീകുമാറും മകൾ ശ്രീലക്ഷ്മിയുമാണ്. അതുപോലെ തന്നെ എന്റെ നാട്ടുകാരനും മുൻ വ്യവസായ മന്ത്രിയുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ട് എന്നതും വർഷങ്ങൾക്കുശേഷമാണ് പുറത്ത് വന്നത്.
ആ മകനെ അദ്ദേഹത്തിന്റെ ഭാര്യ കെ.ആർ ഗൗരിയമ്മ മകനായി അംഗീകരിച്ചു. അതുപോലെ ജയന്റെ മകനെന്ന് അവകാശപ്പെട്ട് മുരളി ജയൻ എന്ന വ്യക്തി രംഗത്ത് എത്തിയിട്ട് കാൽനൂറ്റാണ്ടോളമായി. തന്റെ പിതൃത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റായി അദ്ദേഹത്തിന്റെ പക്കൽ ഇപ്പോഴുള്ളത് അമ്മ പറഞ്ഞ് തന്ന അച്ഛൻ ആരാണെന്ന സത്യം മാത്രമാണ്.

അദ്ദേഹത്തിന്റെ മാതാവും തന്റെ മകന്റെ പിതാവ് ജയനാണെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു. വളരെ വർഷങ്ങൾക്ക് മുമ്പ് തന്റെ പിതൃസ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടി മുരളി ജയൻ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി കേസ് തള്ളി. പിതൃത്വം ഉറപ്പിക്കാനുള്ള മുരളി ജയന്റെ നെട്ടോട്ടം കോമഡി ഷോ കാണുന്ന ലാഘവത്തോടെയാണ് ഇപ്പോൾ പലരും നോക്കി കാണുന്നത്. മുരളി പറയുന്ന കാര്യങ്ങളോട് യോജിപ്പും വിയോജിപ്പും എനിക്കുണ്ട്.
യോജിക്കാനുള്ള പ്രധാന കാരണം വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ജോർജിന്റെ പിതാവും അന്തരിച്ച മേക്കപ്പ് മാനുമായ എം.ഒ ദേവസ്യ ഒരിക്കൽ നാന സിനിമ വാരികയിൽ എഴുതിയ അനുഭവ കുറിപ്പിൽ പറയുന്നുണ്ട്... തനിക്ക് രഹസ്യബന്ധത്തിൽ ഒരു മകനുണ്ടെന്ന് ജയൻ തന്നോട് പറഞ്ഞിരുന്നുവെന്ന്. ജയനുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു. മുഖസാദൃശ്യവും മുരളി ജയനുണ്ട്.
മുരളിയോട് എനിക്ക് വിയോജിപ്പിനുള്ള കാരണം ജയന്റേത് കൊലപാതകമാണെന്ന് മുരളിൽ അവകാശപ്പെടുന്നുവെന്നതാണ്. മുരളി ജയൻ ഡിഎൻഎ ടെസ്റ്റിന് തയ്യാറായിട്ടും ആദിത്യൻ ജയൻ അതിന് നിന്ന് കൊടുക്കാത്തതും സംശയങ്ങൾ വർധിപ്പിക്കുന്നു. ശാസ്ത്രീയമായി നീങ്ങിയാലെ ഈ പ്രശ്നത്തിന് പരിസമാപ്തി ഉണ്ടാവൂ എന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











