അവർ ചെയ്തുവെച്ചതിനെല്ലാം ഉത്തരവാദി ലാലായി, തലയിൽ നിന്നും ബാധ പോയതുപോലെ, ഒരു കടവും ബാക്കി വെക്കുന്നയാളല്ല!
ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു വാക്കുണ്ട് മോഹൻലാലായിരിക്കുക എന്നത് ഈസിയല്ലെന്ന്. ഇത്രയേറെ വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. നടന്റെ ഓരോ ചെറിയ തെറ്റ് പോലും വലിയ രീതിയിൽ ഊതി പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുമുണ്ട്. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന മോഹൻലാൽ എങ്ങനെയുള്ള വ്യക്തിത്വമാണെന്ന് വെളിപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്റഫ്.
ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാൻ പോയപ്പോഴാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു ക്യാമറമാൻ വില്യംസിന്റെ ഭാര്യ ശാന്തി നടന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അഷ്റഫ് സംസാരിച്ചു. മോഹൻലാലിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നാട്യങ്ങളില്ലാത്ത മനസിന്റെ ഉടമയാണ് എന്നതാണ്. ആരോടും ഒരു കുശുമ്പോ അസൂയയോ ഒന്നും ഇല്ല.

അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിൽ പോലുമില്ല. എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്. ഇതൊന്നും കേട്ടുകേൾവി വഴി കിട്ടിയ അറിവല്ല. എന്റെ അനുഭവത്തിൽ നിന്നും നേരിട്ട് ഇടപഴകിയതിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണ്. ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാൻ പോയപ്പോഴാണ്.
താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ലാൽ വന്നത് സ്വന്തം നേട്ടങ്ങൾക്കോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നത് എല്ലാവർക്കും അറിയാം. അമ്മയുടെ പ്രസിഡന്റായി നിന്ന സമയത്താണ് ലാലിന്റെ പേരിന് ഏറ്റവും കൂടുതൽ കളങ്കം വന്നത്. ആരെയും വേദനിപ്പിച്ച് സംസാരിക്കാനും കർക്കശമായ നിലപാട് എടുക്കാനും ലാലിനെ കൊണ്ടാവില്ല. അതുകൊണ്ട് അനീതികളിൽ പലതും കണ്ടില്ല കേട്ടില്ലെന്ന് കരുതി വിട്ടുകളയേണ്ടതായിട്ടും വന്നു.
ലാലിന്റെ ഈ നിലപാട് പലർക്കും അരുതാത്തതൊക്കെ ചെയ്യാനുള്ള കാരണങ്ങളുമായി. അവർ ചെയ്തുവെച്ചതിനെല്ലം ഉത്തരവാദി അവസാനം ലാൽ മാത്രമായി. അതിൽ നിന്നെല്ലാം പുറത്ത് വന്നപ്പോൾ ലാലിന്റെ സമയം തെളിഞ്ഞുവെന്നത് പറയാതെ വയ്യ. അവിടെ നിന്നും പടിയിറങ്ങിയപ്പോൾ തന്നെ ലാലിന്റെ തലയിൽ നിന്നും ബാധ ഒഴിവായിയെന്ന് തന്നെ പറയാം. അടുത്തിടെ ക്യാമറമാൻ വില്യംസിന്റെ ഭാര്യയും നടിയുമായ ശാന്തി ലാലിനെ കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വില്യംസിന്റെ മരണശേഷം ആ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല, വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള ചന്ദന പ്രതിമ എടുത്ത് കൊണ്ടുപോയി, എയർപോട്ടിൽ വെച്ച് കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടന്നുപോയി എന്നിവയാണ് ആരോപണങ്ങൾ. രണ്ടുകൂട്ടരുമായും അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ ചില കാര്യങ്ങൾ പറയാതെ വയ്യ.

മോഹൻലാലിന് നല്ല തിരക്കുണ്ടായിരുന്ന സമയത്തും വില്യംസിന് പടം ചെയ്യാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ഡെയ്റ്റ് കൊടുത്ത് ലാൽ സഹായിച്ചിട്ടുണ്ട്. അതും തുച്ഛമായ പ്രതിഫലത്തിന്. മോഹൻലാലിന് വില്യംസിനോട് പ്രത്യേക സ്നേഹവും താൽപര്യവുമായിരുന്നു. വില്യംസിന്റെ മരണശേഷം ഞങ്ങളെ എല്ലാം കാണുമ്പോൾ ആ കുടുംബത്തിന്റെ വിശേഷങ്ങൾ ലാൽ തിരക്കുമായിരുന്നു. പുരാവസ്തുക്കളോട് ലാലിനുള്ള പ്രണയം എല്ലാവർക്കും അറിയാം.
വില്യംസിന്റെ വീട്ടിലെ പ്രതിമ ലാൽ എടുത്തുകൊണ്ട് പോയതാവില്ല. അങ്ങനെ ചെയ്യുന്നയാളുമല്ല. വില്യംസ് സ്നേഹത്തോടെ കൊടുത്തതാകും. പ്രതിമയ്ക്ക് പണം ചോദിച്ചിരുന്നുവെങ്കിൽ ലാൽ അതും കൊടുക്കുമായിരുന്നു. ഒരു കടവും ബാക്കി വെക്കുന്നയാളല്ല. ഒരാൾ ഒരു ആവശ്യം പറഞ്ഞ് ലാലിൽ നിന്നും സഹായം സ്വീകരിച്ചാൽ അത് അയാൾ പറഞ്ഞ കാര്യത്തിന് തന്നെ കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് ലാൽ ശ്രദ്ധിക്കും.
അങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ ലാൽ പിന്നെ അവരെ പരിഗണിക്കാത്ത പ്രകൃതക്കാരനാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഡൽഹിയിൽ എത്തി മോഹൻലാൽ സ്വീകരിച്ചത്.


Click it and Unblock the Notifications











