'ഒരറ്റം മുതൽ ആരംഭിക്കും... ഞങ്ങൾ തുടങ്ങാൻ ഇരിക്കുന്നേയുള്ളു, ഇത്ര അനുഭവിച്ചിട്ടും മാനസാന്തരം വന്നിട്ടില്ല'
ഒന്നുമില്ലായ്മയിൽ നിന്നും തന്റെ കലാപരമായ കഴിവുകൊണ്ടും ബുദ്ധികൊണ്ടും മലയാള സിനിമുടെ സമസ്ത മേഖലകളും കൈക്കുമ്പിളിൽ ഒതുക്കിയ നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് അദ്ദേഹം സൂപ്പർസ്റ്റാറായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയുമൊക്കെ ഒപ്പം എത്തിയത്. അദ്ദേഹത്തോട് ജനങ്ങൾക്കുള്ള ഇഷ്ടം കാരണം ജനപ്രിയ നായകനെന്ന പേരും ചാർത്തി കൊടുത്തു.
അന്നൊക്കെ ദിലീപിന്റെ ഒരു സിനിമ വരാൻ കണ്ണും നട്ട് കാത്തിരുന്ന പ്രേക്ഷകർ ഇന്ന് ദിലീപിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടുണ്ടോയെന്ന് സംശയമാണ്. അതായത് സിനിമാപ്രേമികൾ വീട്ടിലെ അംഗത്തെപ്പോലെ സ്നേഹിച്ചിരുന്ന ഒരു നടനെ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അവസ്ഥ.

എന്നാൽ സിനിമാ രംഗത്തുള്ള ആരും തന്നെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നത്. പക്ഷെ കേസും വിവാദങ്ങളും വന്നശേഷം രാമലീലയ്ക്കുശേഷം റിലീസ് ചെയ്ത ദിലീപ് സിനിമകളൊന്നും നിലം തൊട്ടിട്ടില്ല. കോടികളാണ് ദിലീപ് സിനിമകളിലൂടെ നിർമാതാക്കൾക്ക് നഷ്ടമായത്. വലിയൊരു തിരിച്ചുവരവ് നടത്താൻ ദിലീപ് ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഭഭബ എന്ന സിനിമ.
വിജയം ഉറപ്പിക്കാൻ മോഹൻലാൽ എന്ന മേമ്പൊടിയും ചേർത്തിട്ടുണ്ട്. ഇപ്പോഴിതാ കോടതി വിധി വരുന്നതിന് മുമ്പും ശേഷവുമുള്ള ദിലീപിന്റെ പെരുമാറ്റത്തെ കുറിച്ചും കേസുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചിന്തകളും പങ്കുവെക്കുകയാണ് ആലപ്പി അഷ്റഫ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ സംശയത്തോടെ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസത്തെ കുറിപ്പിലൂടെ മഞ്ജു വാര്യർ വ്യക്തമാക്കി തരികയാണ് ചെയ്തതെന്ന് അഷ്റഫ് പറയുന്നു.
കോടതി വിധി കേട്ട ശേഷം പുറത്ത് വന്ന ദിലീപിന്റെ ശരീര ഭാഷ്യവും പ്രതികരണവും വ്യത്യസ്തമായിരുന്നു. അവിടെ ഒരു അൽപ്പം ഭഭബ കാണിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും അൽപ്പം പോലും മാനസാന്തരം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മഞ്ജു വാര്യരേയും മീഡിയയേയും പോലീസിനേയും വരെ വെല്ലുവിളിച്ചുള്ള പ്രതികരണമായിരുന്നു.
ആർക്കെങ്കിലും അയാളോട് അൽപ്പം സ്നേഹമുണ്ടായിരുന്നുവെങ്കിൽ അതുപോലും ഇല്ലാതാക്കുന്നതായിരുന്നു ആ പ്രകടനം. കോടതിയിലേക്ക് ദിലീപ് പാവത്താനെപ്പോലെ കയറിപ്പോകുന്നത് കണ്ടപ്പോൾ പലർക്കും അയാളോട് വിഷമം തോന്നിയിരുന്നു. എന്നാൽ തിരിച്ചിറങ്ങി വന്നപ്പോൾ കാണിച്ച ധിക്കാരവും അഹങ്കാരവുമൊക്കെ താൻ മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. ഇത് കണ്ടപ്പോൾ പഴയൊരു സംഭവം ഓർമ വന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ സഹോദരൻ ചാനലിലൂടെ പറഞ്ഞ ചില കാര്യങ്ങളുണ്ട്.

ചേട്ടൻ ഒന്ന് ഇറങ്ങിക്കോട്ടെ. ഞങ്ങൾ തുടങ്ങാൻ ഇരിക്കുന്നതേയുള്ളു... ഒരറ്റം മുതൽ ആരംഭിക്കാൻ ഇരിക്കുന്നതേയുള്ളുവെന്ന്. ഒരു പക്ഷെ ഇപ്പോൾ അതിന് തുടക്കം കുറിച്ചതാകാം. തുടക്കത്തിൽ സംശയത്തോടെ പറഞ്ഞ കാര്യം കഴിഞ്ഞ ദിവസത്തെ കുറിപ്പിലൂടെ മഞ്ജു വാര്യർ വ്യക്തമാക്കി തന്നു എന്നുമാണ് ആലപ്പി അഷ്റഫ് ദിലീപിന്റെ കാര്യത്തിൽ പ്രതികരിച്ച് പറഞ്ഞത്. ഈ വരുന്ന പതിനെട്ടാം തിയ്യതിയാണ് ദിലീപ് സിനിമ ഭഭബ തിയേറ്ററുകളിൽ എത്താൻ പോകുന്നത്.
പ്രിൻസ് ആന്റ് ദി ഫാമിലിയാണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച ഭഭബ നവാഗതനായ ധനഞ്ജയ്ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ മുതൽ മുടക്കിൽ വിശാലമായ ക്യാൻവാസിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപിന് പുറമെ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അവതരിപ്പിക്കുന്നു.
സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











