അവസരം ചോദിച്ച് വന്ന 16 കാരിയും അമ്മയും ചതിക്കപ്പെട്ടു; തിരിച്ചു പോയത് രണ്ട് ദിവസം കഴിഞ്ഞ്
സിനിമയുടെ ഗ്ലാമറിന്റേയും ആഘോഷത്തിന്റേയും ലോകത്തിന് പിന്നില്‍ പലപ്പോഴും ചതിക്കുഴികളുമുണ്ടാകും. സിനിമാ മേഖലിയല്‍ നിലനില്‍ക്കുന്ന കാസ്റ്റംഗ് കൗച്ചിനെക്കുറിച്ച് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മോഹന്‍ലാല്‍ നായകനായ എന്നിഷ്ടം നിന്നിഷ്ടം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുണ്ടായ സംഭവമാണ് ആലപ്പി അഷ്‌റഫ് പങ്കുവെക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫിന്റെ തുറന്ന് പറച്ചില്‍. സിനിമയില്‍ അവസരം തേടി വന്ന അമ്മയേയും മകളേയും കുറിച്ചാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഷൂട്ടിംഗിന് പോകാനായി തയ്യാറെടുക്കവെ ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ചു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരമ്മയും മകളും. പെണ്‍കുട്ടിയ്ക്ക് 16 വയസ് തോന്നിക്കും. കാഴ്ചയില്‍ ഗ്രാമത്തില്‍ നിന്നും വരുന്നവരാണെന്നാണ് തോന്നിപ്പിച്ചത്. പാവടയും ബ്ലൗസുമായിരുന്നു പെണ്‍കുട്ടിയുടെ വേഷം. മകളെ എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിപ്പിക്കണം എന്നായിരുന്നു ആ അമ്മയുടെ ആവശ്യം. മകള്‍ എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ചോദിച്ചു. അവള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാര്‍ എന്തെങ്കിലും വേഷം കൊടുക്കണമെന്നും അവര്‍ പറഞ്ഞു.
അത് കേട്ടതും ഞാന്‍ അവരോട് കയര്‍ത്തു. ഈ കുട്ടിയെ നശിപ്പിക്കാന്‍ കൊണ്ടു നടക്കുകയാണോ, അതിന്റെ പഠിത്തവും കളഞ്ഞ് ഭാവിയും തുലച്ചാലേ നിങ്ങള്‍ക്ക് സമാധാനം ആവുകയുള്ളോ എന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടതും ആ അമ്മ പൊട്ടിക്കരഞ്ഞു.
'സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് ഇവള്‍ വീട്ടില്‍ കിടന്ന് ഭയങ്കര ബഹളമാണ്. ഞങ്ങള്‍ വിടത്തില്ലെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാതെ മുറിയില്‍ കയറി ഇരുപ്പായിരുന്നു. എന്തെങ്കിലും കടുംകൈ അവളുടെ ആഗ്രഹം അതാണെങ്കില്‍ അത് നടക്കട്ടെ എന്ന് അവളുടെ അച്ഛന്‍ പറയുകയായിരുന്നു. അങ്ങനെയാണ് സാറിന്റെ അടുത്തേക്ക് വരുന്നത്. ചിലരൊക്കെ പറയുന്നു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സംവിധായകനോടും ക്യാമറാമാനോടുമെല്ലാം സഹകരിക്കണം എന്ന്.' അതും പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. അത് കേട്ട് എനിക്ക് വിഷമമായി. എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ആ പെണ്‍കുട്ടിയോട് ഇപ്പോള്‍ അച്ഛനും അമ്മയും പറയുന്നത് കേട്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും പിന്നീട് സിനിമയില്‍ അഭിനയിക്കാമെന്നും ഞാന്‍ പറഞ്ഞു. അത് ഞാനുറപ്പ് തരാമെന്നും പറഞ്ഞു. അങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞ് അവളെ ഞാന്‍ ഉപദേശിച്ചു. അവള്‍ സമ്മതം മൂളി. ആ അമ്മ എന്നോട് ഒരുപാട് നന്ദിയും പറഞ്ഞ് അവിടെ നിന്നും പോയി.

മൂന്നാല് ദിവസം കഴിഞ്ഞ് ഷൂട്ടിംഗിനിടെ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു, അണ്ണാ ഒരു അമ്മയും മോളും അവസരം ചോദിച്ച് വരികയും അണ്ണന്‍ അവരെ ഉപദേശിച്ച് തിരിച്ച് പറഞ്ഞയക്കുകയും ചെയ്‌തോ? പാവങ്ങളാണ് ലാലേ ഒന്നും അറിയാതെ പഠിത്തവും കളഞ്ഞ് അഭിനയിക്കാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ഈ വിവരം ലാല്‍ എങ്ങനെയാണ് അറിഞ്ഞതെന്ന് ഞാന്‍ ചോദിച്ചു.
ഇവിടെ വന്നപ്പോള്‍ അറിഞ്ഞ വിവരമാണ്. പക്ഷെ അവരെ ആരോ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയത്രേ. അങ്ങേര്‍ അങ്ങനയൊക്കെ പറയും, അതൊന്നും കാര്യമാക്കണ്ട എന്നും പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. രണ്ട് ദിവസം കഴിഞ്ഞാണ് അവര്‍ തിരിച്ചു പോയതെന്നാണ് പറയപ്പെടുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാം പറഞ്ഞുകൊടുത്തിട്ടും ആ അമ്മ അതൊന്നും കേട്ടില്ലല്ലോ എന്നോര്‍ത്ത് എനിക്ക് വിഷമം തോന്നി. ആ കുട്ടിയെ ഒരു സിനിമയിലും കണ്ടിട്ടുമില്ല. തന്റെ ദുരനുഭവം ഓര്‍ത്ത് അവളിന്ന് ദുഖിക്കുന്നുണ്ടാകാം. ഇതൊക്കെ ഒരു തുടര്‍ക്കഥ പോലെ ഇപ്പോഴും തുടരുകയാണ്.


Click it and Unblock the Notifications