ഉന്നതർക്ക് സഹായിക്കാനാകാത്ത കുരുക്ക്, മോഹൻലാലിനെയും മമ്മൂട്ടിയെയും രക്ഷിച്ചത് ആ സൂപ്പർസ്റ്റാർ: ആലപ്പി അഷ്റഫ്
നടൻ മോഹൻലാൽ ഇക്കാലയളവിനിടെ ഒന്നിലേറെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മറി കടന്ന് മുന്നോട്ട് പോകാനും താരത്തിന് കഴിഞ്ഞു. മോഹൻലാലും അന്തരിച്ച എഴുത്തുകാരൻ സുകുമാർ അഴീക്കോടും തമ്മിലുള്ള വാദ പ്രതിവാദങ്ങൾ ഒരു കാലത്ത് ഏറെ ചർച്ചയായതാണ്. മോഹൻലാൽ പ്രായത്തെ അംഗീകരിക്കാതെ ചെറുപ്പക്കാരികളായ നടിമാർക്കൊപ്പം അഭിനയിക്കുന്നതിനെതിരെ സുകുമാർ അഴീക്കോട് സംസാരിച്ചിട്ടുണ്ട്.
പരസ്യ വിമർശനത്തിനപ്പുറം സുകുമാർ അഴീക്കോട് മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ തിരിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ വലുതാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. അന്ന് താരങ്ങൾ നേരിട്ട വലിയൊരു പ്രശ്നത്തെക്കുറിച്ച് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

തിലകന്റെ തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ട് സുകുമാർ അഴീക്കോട് സംസാരിച്ചു. അതിനെതിരേ മോഹൻലാൽ പ്രതികരിച്ചു. ഈ വാദ പ്രതിവാദങ്ങൾ സാഹചര്യം വഷളാക്കിയെന്ന് ആലപ്പി അഷ്റഫ് ഓർത്തു. ചാനലുകൾക്ക് അന്ന് ചാകരയായിരുന്നു. മോഹൻലാലും ഹേമ മലിനിയും അഭിനയിച്ച പരസ്യത്തെ സുകുമാർ അഴീക്കോട് വിമർശിച്ചു. പിന്നാലെ മോഹൻലാൽ മറുപടി നൽകി. ആ പരസ്യം കണ്ട് ഏതെങ്കിലും ചെറുപ്പക്കാർ വഴി തെറ്റിയതായി അറിയില്ല. ഇതെന്റെ തൊഴിലാണ്. 40 പുസ്തകമെഴുതി എന്ന് വെച്ച് ലോകത്തിലെ ഏറ്റവും വലിയ ആളാവില്ല.
ക്വാളിറ്റി ഓഫ് സോൾ ഉണ്ടാകണമെന്ന് മോഹൻലാൽ മറുപടി നൽകി. ഇത് അഴീക്കോട് മാഷെ കൂടുതൽ പ്രകോപിതനാക്കി. മോഹൻലാൽ കുങ്കുമം ചുമക്കുന്ന കഴുത ആണെന്നും കുങ്കുമത്തിന്റെ മണം അതിനറിയില്ലെന്നും മാഷ് തിരിച്ചടിച്ചു. വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും കടന്ന് പോകുന്നത്. പ്രതാപത്തിന്റെ മധ്യാഹ്നം നഷ്ടപ്പെട്ട് പോകുമെന്ന ഭയത്താൽ അവർ വെപ്രാളം കൊള്ളുകയാണെന്ന് മാഷ് പറഞ്ഞു. വൃദ്ധരായ ആൾക്കാർ വൃദ്ധരുടെ വേഷമേ സ്വീകരിക്കാവൂ എന്ന നിർദ്ദേശവും അദ്ദേഹം വെച്ചു.

ഇത് കേട്ട് ഫാൻസ് ഇളകി. പലയിടത്തും സുകുമാർ അഴീക്കോടിന്റെ കോലം കത്തിച്ചു. എന്നാൽ അദ്ദേഹം വിമർശനം തുടർന്നെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ഒരിക്കൽ തന്റെ മുടി കാണിച്ച്, ഇതെന്റെ സ്വന്തം മുടിയാണ്, ഷോപ്പിൽ നിന്ന് വാങ്ങിയതല്ലെന്ന് പറഞ്ഞു. ഇവരുടെ വിഗ് അഴിച്ചാൽ വെറും കങ്കാളൻമാരാണെന്നും മാഷ് പറഞ്ഞു.
എന്നിട്ടും കലിപ്പ് തീരാതെ മോഹൻലാലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോടതി കയറ്റി. അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിക്ക് മാഷ് കത്തെഴുതി. ആദ്യത്തെ കത്ത് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി കൊടുത്തതിന് എതിരായിട്ടായിരുന്നു. എന്നാൽ അതിന് യാതൊരു പ്രതികരണവും ലഭിച്ചില്ല. അടുത്ത കത്ത് കൂടുതൽ ശക്തമായിരുന്നു.
ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും ടാക്സ് വെട്ടിപ്പിനെക്കുറിച്ചുമാണ് കത്തിൽ പറഞ്ഞത്. അത് വായിച്ച പ്രതിരോധ മന്ത്രി കത്ത് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് ഫോർവേർഡ് ചെയ്തു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇൻകം ടാക്സുകാർ ഇരച്ച് കയറി റെയ്ഡുകൾ ആരംഭിച്ചു.
ബന്ധമുള്ള ഉന്നതർക്ക് താരങ്ങളെ സഹായിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. രണ്ട് താരങ്ങളും മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ഇതിനിടെയാണ് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ കടന്ന് വരവ്. അന്ന് ചിരഞ്ജീവി കേന്ദ്ര മന്ത്രിയാണ്. ആശ്വസിപ്പിച്ച ചിരഞ്ജീവി അവർ പെട്ട കെണിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. സോണിയ ഗാന്ധിയെ ചിരഞ്ജീവി വിവരങ്ങൾ അറിയിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ട സോണിയ ഗാന്ധി നിമിഷ നേരം കൊണ്ട് ആ പ്രശ്നം പരിഹരിച്ച് കൊടുത്തെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications