ഐശ്വര്യം പോകും, പൂജ ചടങ്ങിൽ നിന്നും ഒഴിവാക്കി, സാമ്പത്തിക ബാധ്യത, ഇന്ന് പലരുടേയും അന്നദാതാവായ രഞ്ജിത്ത്!
മലയാള സിനിമയിലെ ഫീനിക്സ് പക്ഷിയാണ് നിർമാതാവായ രഞ്ജിത്ത്. അദ്ദേഹത്തെ പ്രേക്ഷകർക്ക് പെട്ടന്ന് തിരിച്ചറിയണമെങ്കിൽ ചിപ്പി രഞ്ജിത്തെന്ന് പറയേണ്ടി വരും. സിനിമ പൊട്ടിയ നിർമാതാവിനെ പുതിയ സിനിമയുടെ പൂജയ്ക്ക് വിളിച്ചാൽ ആ ചിത്രവും പൊട്ടുമെന്നും അതൊരു ഐശ്വര്യ കുറവാണെന്നും കരുതി രഞ്ജിത്തിനെ ഒരിടയ്ക്ക് പലരും സിനിമകളുടെ പൂജയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1991ൽ മുഖചിത്രം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് നിർമ്മാണ രംഗത്തേക്ക് രഞ്ജിത്ത് എന്ന ചെറുപ്പക്കാരൻ കടന്ന് വന്നത്.
തുടർന്ന് നിർമ്മിച്ച രണ്ട് സിനിമകളിലൂടെയും സാമ്പത്തിക നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും അതിനുശേഷം നിർമ്മാണത്തിലും വിതരണത്തിലും ദയനീയ പരാജയങ്ങളായിരുന്നു രഞ്ജിത്തിനെ കാത്തിരുന്നത്. അതോടെ കടുത്ത സാമ്പത്തിക പരാധീനതയിലേക്ക് അദ്ദേഹം വീണു. ഈ സാഹചര്യങ്ങളിൽ കൂട്ടുകാരും ബന്ധുക്കളും സിനിമാ മേഖലയിലുള്ളവരും വരെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തു.

സിനിമയിൽ ആർക്കും പരസ്പരം സ്ഥായിയായ സ്നേഹം ഇല്ലല്ലോ. എല്ലാം കാര്യ സാധ്യത്തിന് വേണ്ടി മാത്രം. സിനിമയെ ബിസിനസായി കാണുന്നവർ മാത്രമെ ഇന്ന് ഇന്റസ്ട്രിയിലുള്ളു. കടുത്ത പരാജയം ഏറ്റുവാങ്ങിയിട്ടും തന്റെ ഇച്ഛാശക്തികൊണ്ടും ദൃഢനിശ്ചയം കൊണ്ടും സിനിമയിൽ തന്നെ പിടിച്ച് നിന്ന വ്യക്തി കൂടിയാണ് രഞ്ജിത്ത്. തുടരെ പരാജയമുണ്ടായപ്പോൾ നിർമാതാവ് എന്നതിൽ നിന്നും തട്ടകം മാറ്റിപിടിച്ച് പ്രൊഡക്ഷൻ കൺട്രോളർ തസ്തികയിൽ പിന്നീട് കുറച്ചുകാലം പ്രവർത്തിച്ചു.
ചിപ്പി സിനിമയിലേക്ക് കടന്ന് വന്നത് 1993ലാണ്. കന്നട സിനിമയിലായിരുന്നു ഒരു സമയത്ത് ചിപ്പിക്ക് പേരും പ്രശസ്തിയും ഏറെ ലഭിച്ചിരുന്നത്. അവിടെ ശിൽപ്പ എന്നായിരുന്നു ചിപ്പിയുടെ പേര്. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന രഞ്ജിത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് ആലപ്പി അഷ്റഫ്.
അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കല്യാണസൗഗന്ധികം സിനിമയുടെ സെറ്റിൽ വെച്ചാണ് ചിപ്പി-രഞ്ജിത്ത് പ്രണയം മൊട്ടിട്ടത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരു ബ്രാന്റ് അംബാസിഡർ ഉണ്ടാവുകയാണെങ്കിൽ അതിന് ഏറ്റവും യോഗ്യതയുള്ള ഭക്തയാണ് ചിപ്പി. ഒരു വർഷം പോലെ മുടങ്ങാതെ ചിപ്പി പൊങ്കാലയിടാറുണ്ട്. താൻ എന്ത് ആഗ്രഹം പറഞ്ഞാലും അത് ആറ്റുകാൽ അമ്മ നടത്തി തരുമെന്നതാണ് ചിപ്പിയുടെ വിശ്വാസം. അത് ചിപ്പി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇക്കഴിഞ്ഞ പൊങ്കാലയ്ക്ക് ഇപ്രാവശ്യം എന്ത് ആഗ്രഹമാണ് ദേവിയോട് പറഞ്ഞതെന്ന് മീഡിയക്കാർ ചോദിച്ചപ്പോൾ ചിപ്പി പറഞ്ഞത് രഞ്ജിത്തേട്ടനേയും ലാലേട്ടനേയും തുടരും എന്ന സിനിമയും വിജയത്തിൽ എത്താൻ വേണ്ടിയാണ് എന്നാണ്. ചിപ്പിയുടെ പ്രാർത്ഥനപോലെ തുടരും അസാമാന്യ വിജയം നേടി. 200 കോടി കലക്ട് ചെയ്തു. വളരെ നാളുകൾക്കുശേഷം കുടുംബപ്രേക്ഷകർ തിയേറ്ററിൽ പോയി കണ്ട് ആസ്വദിച്ച കുടുംബചിത്രവുമായിരുന്നു തുടരും.

രഞ്ജിത്ത് സംവിധാന രംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട്. ബ്ലാക്ക് ബട്ടർഫ്ലൈ ആയിരുന്നു സിനിമ. പക്ഷെ ചിത്രം പരാജയപ്പെട്ടു. അതോടെ സംവിധാനം ഉപേക്ഷിച്ചു. നിരവധി ഹിറ്റ് സീരിയലുകളും രഞ്ജിത്തും ചിപ്പിയും നിർമ്മിക്കുന്നുണ്ട്. വർഷങ്ങളായി നിരവധി സീരിയൽ താരങ്ങളുടെ അന്നദാതാക്കളാണ് ഇരുവരും. കടുത്ത ജീവിത പോരാട്ടങ്ങളിലൂടെ കടന്ന് വന്നതുകൊണ്ടാകാം നല്ല മനസിന് ഉടമയാണ് രഞ്ജിത്ത്. തിരിച്ച് ഒന്നും ആഗ്രഹിക്കാതെ സഹായിക്കാനുള്ള മനസ് അദ്ദേഹത്തിനുണ്ട്.
കോവിഡ് കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ തന്റെ കമ്പനിയിൽ ജോലി ചെയ്തവർക്കെല്ലാം അദ്ദേഹം 5000 രൂപ വീതം നൽകി. ഈ വിവരം പണം കൈപറ്റിയവർ തന്നെയാണ് പുറത്തുവിട്ടത്. ഇപ്പോഴും അദ്ദേഹം ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ആരും അതൊന്നും അറിയുന്നില്ലെന്ന് മാത്രം. ആവശ്യമില്ലാതെ ആരെയും വേദനിപ്പിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നയാളല്ല രഞ്ജിത്ത്. സിനിമയിൽ ശത്രുക്കളില്ലാത്ത വ്യക്തിയുണ്ടെങ്കിൽ അത് രഞ്ജിത്ത് മാത്രമാണ്.
എല്ലാക്കാലവും നിലപാടിൽ രഞ്ജിത്ത് ഉറച്ച് നിൽക്കും. ഉയർച്ചയിൽ അമിതനമായി അഹങ്കരിക്കുകയോ താഴ്ചയിൽ ഇച്ഛാശക്തി നഷ്ടപ്പെടുത്തുകയോ ചെയ്യാറില്ല അദ്ദേഹം. ചിപ്പിയും അതുപോലെ തന്നെ. ഇന്നേവരെ ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ വിവാദങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്നും രഞ്ജിത്ത്-ചിപ്പി ജോഡിയുടെ ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കവെ അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











