'പിന്നിൽ മാഡമുണ്ട്, ആരാണെന്ന് അന്ന് നിങ്ങളറിയും, ഉന്നത ഇടപെടലുണ്ടായി; വിരമിച്ച ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്'
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന വിമർശനം വ്യാപകമായി ഉയരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന് താൻ മനസിലാക്കിയെന്നാണ് കോടതി വിധിക്ക് ശേഷം അതിജീവിത പ്രതികരിച്ചത്. കോടതി വിധി ന്യായം വന്നപ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട സംശയമാണ് പൾസർ സുനി പറഞ്ഞ മാഡം ആരാണെന്നത്. മാഡം ആരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയില്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്.
ഇപ്പോഴിതാ കേസിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവങ്ങൾക്ക് പിന്നിൽ ഒരു മാഡമുണ്ടെന്ന് ആലപ്പി അഷ്റഫും പറയുന്നു. ഈ കേസിനെക്കുറിച്ച് എനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. ഈ കേസന്വേഷണ സംഘത്തിലുണ്ടായിരുന്നു ഒരു ഉന്ന ഉദ്യോഗസ്ഥൻ റിട്ടയർഡ് ആയ ശേഷം എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. പൾസർ സുനിയെ കഠിനമായ മൂന്നാംമുറയിലൂടെ അതായത് ഗരുഡൻ തൂക്കമുൾപ്പെടെ നടത്തി എല്ലാ സത്യങ്ങളും അവനിൽ നിന്ന് ഞങ്ങൾ ഊറ്റിയെടുത്തിരുന്നു. ചില സിനിമാക്കാർ കൂടി ഈ കേസിൽ കുടുങ്ങേണ്ടതായിരുന്നു. എന്നാൽ ഭരണതലത്തിലെ ഉന്നതങ്ങളിൽ നിന്നും വിളി വന്നു.

ഇനി കൂടുതൽ സിനിമാക്കാരെ ഉപദ്രവിക്കേണ്ടെന്ന്. അതുകൊണ്ട് അതിൽ പലരും രക്ഷപ്പെട്ടു. വളരെ സത്യസന്ധനായ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം എന്നോട് പറഞ്ഞ സത്യങ്ങളാണിതെന്ന് ഓർക്കുക. എന്തായാലും ഈ ആക്രമണ ഗൂഢാലോചനയുടെ പിന്നിൽ ഒരു മാഡമുണ്ടെന്നത് സത്യമാണ്. ആ മാഡത്തിന്റെ പിറകെ പോകേണ്ടെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കിട്ടിയതായാണ് അറിഞ്ഞത്. എന്തായാലും മാഡവും കീടവുമൊക്കെ ആരാണെന്നുള്ള സത്യങ്ങൾ കുറച്ച് കാലം പിന്നിടുമ്പോൾ ചരിത്രം എന്നിലൂടെ എന്ന പരമ്പരയിലൂടെ ഈ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തുന്നത് നമുക്ക് കേൾക്കാവുന്നതാണ്. സത്യം ജയിക്കട്ടെ എന്നും ആലപ്പി അഷ്റഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോകാനുള്ള ഒരുക്കത്തിലാണ്. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും സർക്കാർ ഹെെക്കോടതിയിൽ അപ്പീൽ നൽകുക. കോടതി വിധിയിൽ അതിജീവിത തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ഈ വിധി പലരെയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ കേസ് അതുവരെ കെെകാര്യം ചെയ്ത് വന്ന രീതിയിൽ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പ്രോസിക്യൂഷനും മനസിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബഹുമാനപ്പെട്ട ഹെെക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിൽ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നായിരുന്നു അതിജീവിതയുടെ പ്രസ്താവനയിൽ പറഞ്ഞത്.


Click it and Unblock the Notifications











