ജഗതി പരസ്യമായി അപമാനിച്ചു, വിഷമം കടിച്ചമർത്തിയ രഞ്ജിനി ഇടവേള സമയത്ത് കരഞ്ഞു: ആലപ്പി അഷ്റഫ്
ജഗതി ശ്രീകുമാർ ആങ്കർ രഞ്ജിനി ഹരിദാസിനെ അപമാനിച്ച് സംസാരിച്ച സംഭവം ഓർത്തെടുത്ത് ആലപ്പി അഷ്റഫ്. രഞ്ജിനിയുടെ ആങ്കറിംഗിനെ കുറ്റപ്പെടുത്തി ജഗതി പറഞ്ഞ വാക്കുകൾ തെറ്റാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ജഗതി ആ സ്റ്റേജിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകവും അവഹേളനവുമായിരുന്നു. അതിഥിയായി എത്തുന്നയാൾ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വെെരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം.
ജഗതി അവരിൽ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികർത്താകാൻ പാടില്ല എന്നതായിരുന്നു. ജഗതിയുടെ പരിഹാസം കേട്ട് കാണികൾ പൊട്ടിച്ചിരിച്ചു. വിഷമവും ജാള്യതയും ഉള്ളിലൊതുക്കി രഞ്ജിനിയും ചിരിച്ചു. എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ട് പഠിക്കാൻ ഉപദേശവും കൊടുത്തു. ആ വേദിയിൽ നസ്രിയയും ഒപ്പമുണ്ടായിരുന്നു. ആ സമയങ്ങളിൽ നസ്രിയ രഞ്ജിനിയുടെ ആങ്കറിംഗ് ശെെലി അനുകരിക്കുന്നുണ്ട്. തന്റെ ഉള്ളിലെ വേദന കടിച്ചമർത്തി രഞ്ജിനി പുഞ്ചിരിയോടെ തന്റെ ജോലി തുടർന്നു. പിന്നീട് അറിയാൻ കഴിഞ്ഞത് അവർ ഇടവേള സമയത്ത് വേദിയുടെ പിന്നിൽ വന്ന് വിതുമ്പിക്കരഞ്ഞു എന്നാണ്.

ഇതെല്ലാം കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു. മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ എന്നാണ് രഞ്ജിനി പറഞ്ഞതെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറയുന്നത് നമ്മൾ ഇതുവരെ കേട്ടിട്ടില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഈയടുത്ത് ജഗതി ശ്രീകുമാറിനെക്കുറിച്ച് നടി ഉർവശിയും സംസാരിച്ചിരുന്നു. ജഗതി ശ്രീകുമാർ പേഴ്സണൽ ലെെഫിൽ ഒരു കൊമേഡിയനേ അല്ല. പുള്ളി സാധാരണ സ്റ്റേജിൽ സംസാരിക്കുമ്പോൾ പുള്ളിയോടുള്ള താൽപര്യം കുറഞ്ഞ് പോകുന്നതായി തോന്നും എനിക്ക്.
കടുത്ത വാക്കുകളൊക്കെ ഉപയോഗിച്ച് കളയും. ഞാൻ ചത്താൽ പോലും നിങ്ങൾ വരരുതെന്ന വാക്കുകളൊക്കെ ഉപയോഗിക്കും. അദ്ദേഹത്തിന്റെ മനസിൽ എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടാകും. പക്ഷെ ഒരിക്കലും നമ്മൾ ജഗതിയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കില്ല. ചിലർ വെറുതെ അദ്ദേഹത്തെ കാണുമ്പോൾ ചിരിച്ചാൽ പെട്ടെന്ന് ചൂടാകും. പുള്ളി എപ്പോൾ ദേഷ്യപ്പെടുമെന്ന് പറയാൻ പറ്റില്ല. നല്ല വിദ്യഭ്യാസമുള്ളയാളാണ്. നന്നായി പുസ്തകം വായിക്കും. അങ്ങനെ ഗൗരവമുണ്ട്. വെറുതെ ആരെങ്കിലും കോമഡി പറയാൻ ചെന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുമെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications
















