അമേരിക്കയിൽ കരഞ്ഞ് സത്യം ചെയ്താണ് ടിനി രക്ഷപ്പെട്ടത്; പല്ല് ദ്രവിച്ച നടനെക്കുറിച്ച് പറഞ്ഞപ്പോൾ: അഷ്റഫ്
പ്രേം നസീറിനെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായതാണ്. നിരവധി പേർ ടിനി ടോമിനെ വിമർശിച്ചു. സിനിമകൾ ഇല്ലാതായപ്പോൾ പ്രേം നസീർ കരഞ്ഞിരുന്നെന്നും എല്ലാ ദിവസവും മേക്കപ്പിട്ട് ഇറങ്ങുമായിരുന്നുമെന്നാണ് ടിനി ടോം പറഞ്ഞത്. ഇതിൽ ടിനി ടോമിനെ രൂക്ഷമായി വിമർശിച്ചവരിൽ ഒരാളാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സീർ സർ ആരാണെന്ന് ഈ തള്ളൽ വീരൻ ഇന്നും മനസിലാക്കിയിട്ടില്ല. നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാഠ പുസ്തകമാണ്. താനാദ്യം അദ്ദേഹത്തിന്റെ ജീവചരിത്രമെടുത്ത് വായിച്ച് പഠിക്കൂ എന്ന് ആലപ്പി അഷ്റഫ് തുറന്നടിച്ചു.
ഇപ്പോഴിതാ ടിനിയെക്കുറിച്ചുള്ള ഒരു സംഭവകഥ പങ്കുവെക്കുകയാണ് ആലപ്പി അഷ്റഫ്. തന്നോട് ഒരാൾ പങ്കുവെച്ച വിവരമാണ് ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഒരു സീനിയർ ആർട്ടിസ്റ്റ് പറഞ്ഞ കഥയെന്ന് പറഞ്ഞാണ് പ്രേം നസീറിന്റെ കഥ ടിനി പറഞ്ഞത്. എന്നാൽ വളരെ സീനിയർ ആർട്ടിസ്റ്റായ എന്നോട് ടിനിയുടെ ഒരു കഥ അയാൾ പറഞ്ഞിട്ടുണ്ട്. ഞാൻ അന്തരീക്ഷത്തിൽ നിന്നും ആവാഹിച്ചെടുത്ത കഥയല്ല ഇത്. പണ്ടൊരിക്കൽ അമേരിക്കയിലെ പ്രോംഗ്രാം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരാനായി അവിടത്തെ എയർപോർട്ടിലെത്തിയപ്പോൾ സംഭവിച്ച കഥയാണ്.

ബാഗേജെല്ലാം കയറ്റി അയച്ച് ഹാൻഡ് ബാഗുമായി ടിനി സെക്യൂരിറ്റി പരിശോധനയ്ക്ക് എത്തിയപ്പോൾ എക്സറേയിലൂടെ കടന്ന് പോയ ടിനിയുടെ ഹാൻഡ് ബാഗിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി. അതിനകത്ത് ഒരു മുഴം നീളമുള്ള വലിയ കത്തി. കയ്യോടെ തൂക്കിയെടുത്ത് അവർ അകത്തേക്ക് കൊണ്ട് പോയി. പെട്ടി തുറന്ന പൊലീസ് ഉദ്യോഗസ്ഥർ കത്തി കണ്ട് അമ്പരന്നു. അവർ നോക്കുമ്പോൾ ഒരു തടിമാടൻ വിമാനം തട്ടിയെടുക്കാൻ വന്നതാണോ എന്ന് അവർ സംശയിച്ചിട്ടുണ്ടാകാം.
അമേരിക്കയാണെന്ന് ഓർക്കണം. ജീവിതത്തിൽ വെളിച്ചം കാണാതെ പോകുന്ന സന്ദർഭം. ചെറിയ കത്തി പോലും ഫ്ലെെറ്റിൽ കൊണ്ട് പോകാനാകില്ലെന്ന് ഓർക്കണം. പ്രോഗ്രാമിന് കൂടെ വന്ന് അവിടെ മുങ്ങിയ കൂട്ടുകാരൻ അയാളുടെ അമ്മച്ചിക്ക് തന്ന് വിട്ട കറിക്കത്തിയാണല്ലോ എന്ന് അപ്പോഴാണ് ടിനി ഓർത്തത്. സ്വതസിദ്ധമായ കരച്ചിലും കാലുപിടുത്തവും അവിടെയും അരങ്ങേറി. അതൊന്നും അവർ ചെവിക്കൊണ്ടില്ല.

തന്റെ രക്ഷകനായത് പെട്ടിയിലുണ്ടായിരുന്ന ബെെബിളാണെന്ന് ടിനി പറയുന്നു. ബെെബിളെടുത്ത് വെച്ച് കരഞ്ഞ് നെഞ്ചോട് ചേർത്ത് സത്യം ചെയ്തു. അത് കണ്ട് മനസലിഞ്ഞാണ് അവർ ടിനിയെ വിട്ടത്. ടിനി മുമ്പ് ആരോപിച്ചത് മയക്കുമരുന്ന് ഉപയോഗിച്ച നായകന്റെ പല്ല് ദ്രവിച്ച് പോയി എന്നാണ്. ആളിന്റെ പേര് വെളിപ്പെടുത്താത്തത് കാരണം പല യുവ നടൻമാരും സംശയത്തിന്റെ നിഴലിലായി. ഇന്നും ആ സംശയം ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
പലപ്പോഴും സിനിമാ ലോകത്തെ സംഭവങ്ങളെക്കുറിച്ച് ടിനി സംസാരിക്കാറുണ്ട്. എന്നാൽ വ്യക്തമായി തുറന്ന് പറയാത്തത് കാരണം ഇത് അഭ്യൂഹങ്ങൾക്കും വഴി വെക്കും. മയക്കു മരുന്ന് ഉപയോഗിക്കുന്ന പ്രമുഖ നടനെക്കുറിച്ച് ടിനി ടോം നടത്തിയ പരാമർശം നേരത്തെ വലിയ ചർച്ചയായതാണ്. എന്നാൽ ആരാണ് ഈ നടനെന്ന് തുറന്ന് പറയാൻ ടിനി തയ്യാറായില്ല. പ്രേം നസീറിനെക്കുറിച്ച് നടത്തിയ പ്രസ്താവന ടിനി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പ്രേം നസീറിനെക്കുറിച്ച് പറയാൻ താൻ ആരുമല്ലെന്നും തന്നോട് ഈ കഥ പറഞ്ഞയാൾ ഇപ്പോൾ മാറ്റിപ്പറഞ്ഞെന്നും ടിനി ടോം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ടിനിയുടെ വിശദീകരണം ട്രോളുകൾക്കും കാരണമായി.


Click it and Unblock the Notifications











