"ആ സംഭവത്തോടെ മാനസിക പരിവർത്തനം, രാഹുൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ, ഇത്തരക്കാരനായിരുന്നോ എന്ന് തോന്നി"
രാഹുൽ ഈശ്വറിനെ രൂക്ഷമായി വിമർശിച്ച് ആലപ്പി അഷ്റഫ്. സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയർക്കൊപ്പം രാഹുൽ നിൽക്കുന്നതിലാണ് ആലപ്പി അഷ്റഫിന്റെ വിമർശനം. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രാഹുൽ മുഖ്യധാരയിലേക്ക് വന്ന കാലത്തെക്കുറിച്ചും ആലപ്പി അഷ്റഫ് പരാമർശിക്കുന്നുണ്ട്. രാഹുൽ ഈശ്വറിനെക്കുറിച്ചുള്ള ധാരണകൾ തകിടം മറിച്ച് കൊണ്ട് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ വന്ന് ഇദ്ദേഹം കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ കണ്ടപ്പോൾ അയ്യേ ഇയാൾ ഇത്തരക്കാരനായിരുന്നോ എന്ന് തോന്നിപ്പോയി.
രാഹുൽ ഈശ്വറിന്റെ സ്വഭാവ വെെകൃതങ്ങളെ അപ്പാടെ തുറന്ന് കാട്ടുന്ന ഒരു ഷോ കൂടിയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ഷോ ആണെന്ന കാര്യം അദ്ദേഹം മറന്നു. അവിടെ യാതൊരു സദാചാര മാന്യതയും അദ്ദേഹം കാണിച്ചില്ല. കുലപരുഷനാണെന്ന് സ്വയം ഊറ്റം കൊള്ളുന്ന അദ്ദേഹം കുലത്തിൽ പിറന്ന എന്ത് മാന്യതയാണ് അവിടെ കാട്ടിയത്. എന്നാൽ കാലങ്ങൾ കുറച്ച് പിന്നിട്ടപ്പോൾ ജനം ഇതൊക്കെ മറന്നു.
അപ്പോഴേക്കും അദ്ദേഹം പുതിയ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്നു. തീവ്ര ഹിന്ദുത്വ വാദിയായി. അന്ന് എല്ലാവരും ധരിച്ചത് ബിജെപിയുടെ വരുംകാല നേതാവായി മാറുമെന്നാണ്. ശബരിമല വിഷയം വന്നപ്പോഴും അദ്ദേഹത്തിന്റെ പെർഫോമൻസ് ഇത് ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. എന്നാൽ പിന്നീട് ബിജെപി അദ്ദേഹത്തെ അവഗണിച്ചതാണോ രാഹുൽ ബിജെപിയെ അവഗണിച്ചതാണോ എന്നറിയില്ല, ആ ചിത്രത്തിൽ നിന്ന് രാഹുൽ ഇല്ലാതായി.
പിന്നീട് പല പ്രശ്നങ്ങളിലും ഇടപെട്ട് വാർത്തകളിലും ചാനലുകളിലും നിറഞ്ഞ് നിൽക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ആരും മുഖവിലക്കെടുത്തില്ല. പിന്നീട് രാഹുൽ ഈശ്വർ ശ്രദ്ധിക്കപ്പെടുന്നത് നടി ആക്രമിക്കപ്പെട്ട കേസിന്റെ ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുമ്പോഴാണ്. ഈ സംഭവത്തിന്റെ പ്രാരംഭ ഘട്ടത്തിലൊന്നും രാഹുൽ ചർച്ചകളിൽ പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല.

ആ സമയങ്ങളിൽ ഭാഗ്യലക്ഷ്മിയോട് രാഹുൽ സംസാരിച്ചത് അവർ ചാനലിലൂടെ വെളിപ്പെടുത്തിയത് നമ്മൾ കേട്ടതാണ്. അന്ന് പറഞ്ഞത് വേട്ടക്കാരനും കുടുംബത്തിനുമെതിരെയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം വേട്ടക്കാരന്റെ പ്രതിനിധിയെ പോലെ രാഹുൽ ചാനൽ ചർച്ചകളിൽ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം ചാനൽ ചർച്ചകളിൽ പങ്കെടുത്ത് തന്റെ അഭിപ്രായം പറയുകയല്ല ചെയ്തത്.
ഇതാരോ ഏൽപ്പിച്ച ദൗത്യം പോലെ വർഷങ്ങളോളം ചർച്ചകളിൽ വേട്ടക്കാരനൊപ്പം നിന്നു. ഈ പ്രവൃത്തി കൊണ്ട് രാഹുലിന് മറ്റു ചില നേട്ടങ്ങൾ ഉണ്ടായെങ്കിലും കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് അവമതിപ്പുണ്ടായി. ഈ സംഭവത്തോടെ രാഹുലിന് മാനസിക പരിവർത്തനം സംഭവിച്ചു. തനിക്ക് പ്രശസ്തിയുണ്ടാക്കാൻ എപ്പോഴും വേട്ടക്കാരനൊപ്പം നില കൊള്ളുക എന്ന തീരുമാനത്തിലേക്ക് മനസിനെ തിരിച്ച് വിട്ടു. നമ്മളെ സംശയത്തിന്റെ മുൻമുനയിൽ നിർത്തുന്ന ഒരു കാര്യം രാഹുൽ പിന്തുണയ്ക്കുന്ന പീഡന വീരൻമാരെല്ലാം കോടികളിട്ട് അമ്മാനമാടുന്നവരും പേരും പ്രശസ്തിയുമുള്ളവരാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications