നിത്യയുമായുള്ള സൗഹൃദത്തിൽ സംഭവിച്ചത്, വിവാദം മമ്മൂട്ടിക്കും ദുൽഖറിനും വേദന ഉളവാകുന്ന ദിവസമായി: ആലപ്പി അഷ്റഫ്
തുടരെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കെ നടൻ ദുൽഖർ സൽമാന് പിന്തുണയുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ദുൽഖറിനെതിരെ ഉണ്ടാകുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ദുൽഖറിന്റെ പേരിൽ മുമ്പ് വന്ന ഗോസിപ്പുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.വർഷങ്ങൾക്ക് മുമ്പ് ദുൽഖറിന്റെ പേരിലുയർന്ന മറ്റൊരു ആരോപണമായിരുന്നല്ലോ നിത്യ മേനോനുമായുള്ള സൗഹൃദത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചത്. അതിന് മറുപടിയുമായി നിത്യ മേനോൻ തന്നെ രംഗത്ത് വന്നിരുന്നു. ദുൽഖർ എന്റെ നല്ല സുഹൃത്താണ്.
എപ്പോഴും എന്നോട് സംസാരിക്കുമായിരുന്നു. കൂടുതലും ഭാര്യയെയും മകളെയും കുറിച്ചായിരുന്നു. അത്രത്തോളം ഭാര്യയെയും മകളെയും സ്നേഹിക്കുന്നയാളാണ് ദുൽഖർ. ഗോസിപ്പിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും നിത്യ മേനോൻ പറഞ്ഞു. നടൻ കൃഷ്ണ കുമാറിന്റെ മകൾ അഹാന പറഞ്ഞ കാര്യം ഓർമ വരികയാണ്. എന്ത് മാന്യമായ പെരുമാറ്റമാണ് ദുൽഖറിന്റേത്. എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടെയും സംസാരിക്കും. എപ്പോഴും ഭാര്യയെയും മകളെയും കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കും എന്ന് അഹാന ഒരു അഭിമുഖത്തിൽ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ ദിവസമായിരുന്നല്ലോ ഫാൽകെ അവാർഡ് വാങ്ങുന്ന ദിവസം. എന്നാൽ ആ സന്തോഷം പങ്കിടാനാകാതെ മമ്മൂട്ടിക്കും ദുൽഖറിനും വേദന ഉളവാകുന്ന ദിവസമായി മാറി. കാരണം മമ്മൂട്ടിയുടെ വീട്ടിലും ഓഫീസിലും അന്ന് ഇഡി റെയ്ഡ് നടത്തി. ഇത് മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്കും ആരാധിക്കുന്നവർക്കും വേദന ഉളവാക്കുന്നതായിരുന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ചിലർ ദുൽഖറിനെതിരെ നുണപ്രചരണങ്ങൾ നടത്തി. ദുൽഖർ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞെന്നും കാല് പിടിച്ച് അപേക്ഷിച്ചെന്നും ഇന്ന് തന്നെ അകത്ത് പോകുമെന്നും ഉണ്ട തിന്നുമെന്നും പറഞ്ഞ് നിർവൃതി കൊണ്ട് ചിലർ ആഹ്ലാദിച്ചു. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക എന്നതാണല്ലോ കണ്ട് വരുന്ന രീതിയെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.

ഇന്ന് മലയാള സിനിമയിൽ മറ്റേത് നടൻമാരേക്കാളും ഉപരി സംശുദ്ധമായ ജീവിതം നയിക്കുന്നവരാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. ഈ സത്യം നമ്മളെ പോലെ ദുൽഖറിനെതിരെ ദുഷ്പ്രചരണം അഴിച്ച് വിടുന്നവർക്കും അറിയാം. എന്നാൽ സകല കുഴപ്പങ്ങളിലും ചാടി അതിൽ നിന്നൊക്കെ വിദഗ്ദമായ രക്ഷപ്പെട്ട് മാന്യതയുടെ മുഖം മൂടി അണിഞ്ഞ് നടക്കുന്ന നിരവധി അനവധി നടൻമാർ ഉള്ളിടത്താണ് ദുൽഖറിനെ പോലെയുള്ളവർ വേട്ടയാടപ്പെടുന്നതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
വഴിയെ പോയ മറ്റൊരു വയ്യാവേലിയും ദുൽഖറിന്റെ നേരെ വന്നിരിക്കുകയാണ്.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണ് പരാതി. അസോസിയേറ്റ് ഡയരക്ടറായ ദിനിൽ ബാബുവാണ് ഇതിന്റെ പിന്നിൽ. ഭർത്താവ് തക്ക സമയത്ത് എത്തിയത് കൊണ്ടാണ് താനവിടെ നിന്നും രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദുൽഖറുമായോ ദുൽഖറിന്റെ കമ്പനിയുമായി ദിനിൽ ബാബുവിന് യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. ദിനിൽ ബാബുവിനെതിരെ ദുൽഖറിന്റെ കമ്പനി പൊലീസിലും ഫെഫ്കയിലും പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ദിനിൽ ബാബു ഇപ്പോൾ ഫെഫ്കയിൽ മെമ്പർ അല്ലെന്നാണ് ഡയരക്ടേർസ് യൂണിയൻ വക്താവ് ജിഎസ് വിജയൻ എന്നോട് പറഞ്ഞത്. ആർക്കും കേറി മേയാവുന്ന ഇടമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ സ്ഥാപനവുമെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











