'വഴക്കിന്റെ മഞ്ഞുമല ഉരുകി, പ്രിയൻ വീട്ടിൽ വന്നിരുന്നെന്ന് ലിസി, രണ്ടാം ദാമ്പത്യം തുടങ്ങാനുള്ള സാധ്യത'
സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ് സംവിധായകൻ പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹവും വേർപിരിയലും. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും. 1990 ലായിരുന്നു വിവാഹം. 2016 ലായിരുന്നു വേർപിരിയൽ. വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന സൂചന നൽകുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഇരുവരെയും അടുത്തറിയാവുന്നയാളാണ് ആലപ്പി അഷ്റഫ്.
മലയാള സിനിമയിൽ വർഷങ്ങൾക്കിപ്പുറം ഒരു രണ്ടാം ദാമ്പത്യം തുടങ്ങാനുള്ള സാധ്യത തെളിഞ്ഞ് വരുന്നുണ്ട്. ഗുരുതരമല്ലാത്ത പ്രശ്നങ്ങളാൽ വേർപിരിഞ്ഞവർ വീണ്ടും ഒന്നാകുന്നത് സന്തോഷം പകരുന്ന കാര്യമാണല്ലോ. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി ഇപ്പോൾ അവർ നല്ല സൗഹൃദത്തിലാണ്. സൗഹൃദത്തോടെയാണ് അവർ രണ്ട് പേരും ഇപ്പോൾ സംസാരിക്കുന്നത്. ബന്ധം വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രണ്ട് പേരും ചേർന്നായിരുന്നു.

പ്രിയനെ കാണാറുണ്ടോ എന്ന് ഞാൻ ലിസിയോട് ചോദിച്ചു. ഈയടുത്ത് സുരേഷ് ബാലാജിയുമായി വീട്ടിൽ വന്നിരുന്നു, ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്ന്. അവർ രണ്ട് പേരും മറ്റ് വിവാഹമൊന്നും കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെ. അവർ വീണ്ടും ഒന്നിക്കുന്ന സുന്ദര സുരഭില നിമിഷത്തിനായി നമുക്കും കാത്തിരിക്കാമെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ലിസിയുടെ ആവശ്യ പ്രകാരമാണ് വേർപിരിയൽ നടന്നത്. പ്രിയദർശനെ സംബന്ധിച്ച് ഇത് ഏറെ വിഷമിപ്പിച്ച തീരുമാനമായിരുന്നു. വിവാഹ ശേഷം അഭിനയ രംഗം വിട്ട് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയതായിരുന്നു ലിസി. എന്താണിവർക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നു. എന്നാൽ ഗോസിപ്പുകൾ ലിസി തള്ളിക്കളയുകയാണുണ്ടായത്. എന്തുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് മക്കളായ സിദ്ധാർത്ഥിനും കല്യാണിക്കും അറിയാമെന്നാണ് ലിസി ഒരിക്കൽ പറഞ്ഞത്. പ്രിയദർശനുമായുള്ള വിവാഹത്തോടെ ലിസി മതം മാറി ലക്ഷ്മി എന്ന പേര് സ്വീകരിച്ചിരുന്നു.

ലിസി തന്റെ കൗമാരകാലത്തേ കാണുന്നയാളാണ് പ്രിയദർശൻ. 1984 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസുകാരിയാണ് ലിസി. പിന്നീട് തുടരെ പ്രിയദർശൻ സിനിമകളിൽ ലിസി നായികായി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. ആറ് വർഷത്തിനുള്ളിൽ 22 പ്രിയദർശൻ സിനിമകളിൽ ലിസി അഭിനയിച്ചു. ആദ്യം പ്രണയം പറഞ്ഞത് പ്രിയദർശനാണ്. 1990 ഡിസംബർ മാസമായിരുന്നു വിവാഹം. ലിസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ഇവരുടെ സമ്മതത്തോടെയല്ല വിവാഹം നടന്നത്.
വിവാഹമോചനത്തെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത്
എവിടെയാണ് ഞങ്ങൾക്ക് തെറ്റ് പറ്റിയതെന്ന് അറിയില്ല. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് ഞാൻ ഏറെ ആലോചിച്ചു. പക്ഷെ അതിനുള്ള ഉത്തരം കിട്ടിയില്ല. പിരിഞ്ഞത് വിധിയെന്നാല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങളുടെ കുടുംബ ജീവിതം സ്വർഗമായിരുന്നു. അതൊരിക്കലും തകരരുതേ എന്നാണ് പ്രാർത്ഥിച്ചത്. വിവാഹശേഷം ലിസി അഭിനയിക്കുന്നതിന് ഒരിക്കലും ഞാൻ എതിരായിരുന്നില്ല.
തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിലുണ്ടാകരുത്. ലിസി ജീവനാംശമായി 80 കോടി ആവശ്യപ്പെട്ടു എന്ന് ആരുടെയോ ഭാവനയാണെന്നും പ്രിയദർശൻ അന്ന് പറഞ്ഞു. ഇരുവരുടെയും മകൾ കല്യാണി പ്രിയദർശൻ ഇന്ന് മോളിവുഡ് ആഘോഷിക്കുന്ന താരമാണ്. ലോക ചാപ്റ്റർ വൺ: ചന്ദ്ര മികച്ച കലക്ഷൻ നേടി പ്രദർശനം തുടരുന്നു. കല്യാണിയുടെ പ്രകടനത്തെ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രശംസിക്കുന്നു.


Click it and Unblock the Notifications











