കാര്യങ്ങൾ മനസിലായി, ഛർദ്ദിച്ചത് ഭക്ഷിക്കാനില്ലെന്ന് മോഹൻലാൽ, സ്പോൺസർഷിപ്പ് വഴി ലഭിച്ചത് രണ്ട് കോടി; അഷ്റഫ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരം വിവാദത്തിൽ ഉൾപ്പെടുന്ന സംഘടനയാണ് നടീനടന്മാരുടെ കൂട്ടായ്മയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളെ തുടർന്ന് സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തിൽ വന്നേക്കും. ഇപ്പോഴിതാ അടുത്തിടെ നടന്ന അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സംഘടനയുടെ അധികാര സ്ഥാനത്ത് ഇരിക്കുന്നതിന്റെ പേരിൽ ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാലെന്ന് അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു. സ്ത്രീ പീഡന കേസുകളുടെ ഇടി മിന്നലേറ്റ് മേൽക്കൂര തകർന്ന താരസംഘടനയായ അമ്മയ്ക്ക് പുനർജീവൻ കൊടുക്കാൻ വിളിച്ച് കൂട്ടിയതായിരുന്നു അമ്മയുടെ ജനറൽബോഡി.

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും കൊടിയ പീഡകന്മാരെ മാറ്റി നിർത്തി അവർക്ക് പകരം പുതിയ ആളുകളെ വെച്ച് സംഘടന തുടരുമെന്നായിരുന്നു വെളിയിൽ വന്ന വാർത്തകളും എല്ലാവരും ധരിച്ചിരുന്നതും. എന്നാൽ ഈ ധാരണകളെ തകിടം മറിച്ച് ഉറച്ച തീരുമാനവുമായി മോഹൻലാൽ രംഗത്ത് എത്തി. ഛർദ്ദിച്ചത് ഭക്ഷിക്കാൻ തയ്യാറല്ല. ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കട്ടെ.
അതുവരെ അഡ്ഹോക്ക് കമ്മിറ്റി ഭരിക്കട്ടെയെന്നതായിരുന്നു ലാലിന്റെ നിലപാട്. ഉറച്ചതും ധീരവുമായ ലാലിന്റെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു. ഒരു അംഗം സാമ്പത്തികമായി തകർന്ന് സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചാൽ പിന്നീട് ഒരിക്കലും അവർക്ക് സംഘടന ചുമതലയിലേക്ക് വരാനോ മത്സരിക്കാനോ അവകാശമില്ല. മനുഷ്യത്വ രഹതിമായി ഇരട്ട നീതി നടപ്പാക്കുന്ന ലോകത്തിലെ ഒരേയൊരു സംഘടന അമ്മയാണ്.
സംഘടനയ്ക്ക് ഉള്ളിൽ നിന്ന് ഇതിന് എതിരെ ശബ്ദം ഉയർത്താൻ പലർക്കും ഭയമാണ്. എന്നാൽ ചിലർ പ്രതികരിച്ച് തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാര മോഹികളായ പാനലിസ്റ്റിലുള്ള ചില വില്ലന്മാർ പെൻഷൻ വാങ്ങുന്നവരോട് സ്ഥിരം പറയുന്ന ഡയലോഗുണ്ട്. ഞങ്ങളുടെ പാനൽ വന്നില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിന്ന് പോകും. അതോടെ സർവ പീഡന വീരന്മാരും ജയിച്ച് നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും.
ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്. മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്ത മോഹൻലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ നിലകൊള്ളുകയാണ്. അതിന്റെ ഭാഗമാണ് സെപ്റ്റംബറിലെ ഇലക്ഷൻ.

ഇലക്ഷൻ റിട്ടേണിങ് ഓഫീസറെ കൂട്ടുപിടിച്ച് വോട്ടിന് വരാത്തവരുടേയും ചെയ്യാത്തവരുടേയും വോട്ടുകൾ രേഖപ്പെടുത്തിയതായി മുമ്പ് പരാതികൾ വന്നിരുന്നു. 600 അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡിയിൽ ഇത്തവണ പങ്കെടുത്തത് 300 പേർ മാത്രം. എടുത്താൽ പൊങ്ങാത്ത ഗിഫ്റ്റുകളുമായാണ് ഓരോരുത്തരും പിരിഞ്ഞ് പോയത്. കൂടാതെ ലക്കി ടിപ്പ് വേറെയും. ഒന്നാം സമ്മാനമായ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ലഭിച്ചത് നടൻ ഷിജുവിനാണ്.
ഡബ്ബിങ് ആർട്ടിസ്റ്റായ അലിയാർക്ക് ഇലക്ട്രിക്ക് സ്കൂട്ടറും. ഊർമിള ഉണ്ണിക്ക് 51 ഇഞ്ചിന്റെ ടിവിയും. മല്ലിക സുകുമാരന് ഐഫോണും ലഭിച്ചു. ഇനി ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാൽ. പുതി തലമുറയിലെ നടീനടന്മാർക്ക് ഈ സംഘടന ആവശ്യമില്ലേയെന്നാണ് ലാൽ ചോദിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഒഴികെ നിവിൻ പോളി, ഫഹദ്, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരൊന്നും ജനറൽ ബോഡിയിൽ പങ്കെടുക്കാറില്ല.
സംഘടനയിൽ നേതൃത്വസ്ഥാനം വഹിക്കാൻ അർഹനെന്ന നിലയിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്ന പേര് കുഞ്ചാക്കോ ബോബന്റേതാണ്. അദ്ദേഹം അതിന് തയ്യാറാകുമോയെന്ന് കണ്ട് അറിയണം. ഇക്കഴിഞ്ഞ ജനറൽ ബോഡിയിൽ കുറേ റെക്കോർഡുകളുമായി വന്ന് ഇടവേള ബാബു പണ സംബന്ധമായ കണക്കിൽ അവിശ്വാസം പ്രകടിപ്പിച്ചു. ഇതെല്ലാം ബാബു വരുത്തിവെച്ച ബാധ്യതകൾ സെറ്റിൽ ചെയ്ത കണക്കുകളാണ്.
താങ്കൾ ഇതൊക്കെ എന്തുകൊണ്ട് തീർത്തിട്ട് പോയില്ലെന്നായിരുന്നു ബാബുരാജ് തിരികെ ചോദിച്ചത്. പണത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത സംഘടനയാണ് അമ്മ. സ്പോൺസർഷിപ്പിന് ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുടുംബസംഗമത്തിന് രണ്ട് കോടി രൂപയാണ് സ്പോൺസർഷിപ്പ് വഴി ലഭിച്ചത്. അതിൽ ഒരു കോടി ചിലവഴിച്ചു. ബാക്കി ചികിത്സ സഹായത്തിനായി മാറ്റിവെച്ചു എന്നും അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications