അന്നത്തെ നവ്യയല്ലല്ലോ ഇന്ന്, ആ പേടി കാരണം മകന്റെ കാര്യം ചോദിച്ചില്ല! നവ്യയെ കുറിച്ച് നടന്‍ ആലപ്പി സുദര്‍ശനന്‍
നടന്‍, സംവിധായകന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് ആലപ്പി സുദര്‍ശനന്‍. മൂന്നടി പൊക്കത്തില്‍ നായകനായി അഭിനയിച്ചിട്ടുള്ള താരം സംവിധായകന്റെ റോളിലും തിളങ്ങിയിരുന്നു. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി 'കുട്ടിക്കാലം' എന്ന പേരിലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്റെ ശിഷ്യയും നടിയുമായ നവ്യ നായരുടെ മകനെ ആലോചിച്ചിരുന്നതായി പറയുകയാണ് താരമിപ്പോള്‍. മകന്റെ കാര്യം ആലോചിച്ചിട്ടും എന്തുകൊണ്ട് നവ്യയെ സമീപിക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. സിവിടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സുദര്‍ശനന്‍.

നവ്യ നായരുമായിട്ടുള്ള ബന്ധം അവര്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. അന്ന് മോണോക്ട് പഠിപ്പിച്ചത് ഞാനാണ്. ആ സമയത്ത് നവ്യ ജില്ലയില്‍ കലാതിലകവും ഫസ്റ്റുമാണ്. എല്ലാ ഐറ്റവും ഉണ്ടെങ്കിലും മോണോക്ടാനിന് മാത്രമാണ് ഏറ്റവും അവസാനത്തെ മാര്‍ക്കുള്ളത്. അതൂടി ഉണ്ടെങ്കിലെ കലാതിലകം ആവുകയുള്ളു.
മറ്റുള്ളവരൊക്കെ മോണോക്ടാണ് നോട്ടമിട്ടിരിക്കുന്നതും. അങ്ങനെ ഞാന്‍ പഠിപ്പിച്ചതോടെ നവ്യ അതില്‍ താഴേക്ക് പോയിട്ടില്ല. അതിലവര്‍ ലീഡ് ചെയ്ത് നിന്നിരുന്നു. ആദ്യം അഭിനയിക്കുന്ന സമയത്ത് നവ്യ പ്ലസ്ടുവിന് പഠിക്കുകയാണ്. അന്ന് വടക്കന്‍ പറവൂരിലാണ് ചിത്രീകരണം നടക്കുന്നത്. അവിടെ ലൊക്കേഷനില്‍ പോയിട്ടാണ് ഞാന്‍ പഠിപ്പിച്ചത്. എന്നിട്ടാണ് നവ്യയ്ക്ക് സ്റ്റേറ്റില്‍ ഫസ്റ്റ് കിട്ടിയത്.
പഠിത്തത്തോട് കൂടി ആ ബന്ധമൊക്കെ തീരുമല്ലോ. പിന്നെ ഒന്നുരണ്ട് തവണ ചാനലിലെ അഭിമുഖത്തിനിടെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്ലാതെ വേറെ കോണ്‍ടാക്ട് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്റെ സിനിമയില്‍ നവ്യ നായരുടെ മകനെ അഭിനയിപ്പിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ട് വിളിച്ചില്ലെന്ന് ചോദിക്കുമായിരിക്കും. പക്ഷേ അത് ഞാന്‍ വേണ്ടെന്ന് വെച്ചതാണ്.

എന്റെ ശിഷ്യയുടെ കുട്ടിയാണ്. പക്ഷേ ഇന്ന് ശിഷ്യയുടെ ലെവല്‍ മാറിയില്ലേ. ഞാനിനി ചെല്ലുമ്പോള്‍ പ്രതികരണം എങ്ങനെയായിരിക്കും എന്നോര്‍ക്കുമ്പോള്‍ ഒരു ഭയം ഉണ്ടായി. ഒരു പക്ഷേ കുട്ടിയെ അഭിനയിക്കാന്‍ വിടില്ലെന്ന് പറഞ്ഞാല്‍ എനിക്കത് താങ്ങാന്‍ പറ്റിയെന്ന് വരില്ല. അതിലുംഭേദം വിളിക്കാതെ ഇരിക്കുന്നതാണ്.
സാറ് വിളിച്ചില്ലല്ലോ, വിളിച്ചിരുന്നെങ്കില്‍ വിടുമായിരുന്നു എന്ന് പറയുന്നതാണ് വിളിച്ചിട്ട് പറ്റില്ലെന്ന് പറയുന്നതിലും നല്ലത്. ഒരു പക്ഷേ അന്നത്തെ നവ്യ ആയിരിക്കില്ലല്ലോ ഇന്ന് എന്നും ചിന്തിച്ചതായി നടന്‍ പറയുന്നു.
കുട്ടികളെ വെച്ച് കുട്ടിക്കാലം എന്നൊരു സിനിമ ഞാന്‍ ചെയ്തിരുന്നു. അതില്‍ നവ്യയുടെ മകനെ അഭിനയിപ്പിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ വെച്ച് ചെയ്‌തൊരു പടമാണ്. നവ്യയുടെ മകന്‍ അതിന് കറക്ടായിരുന്നു. ഈ സിനിമയുടെ കഥ എഴുതുമ്പോള്‍ രണ്ട് തവണ ഞാന്‍ നവ്യയുടെ വീട്ടില്‍ പോയി. പക്ഷേ അച്ഛനെയും അമ്മയെയും കാണാന്‍ പറ്റിയില്ല. ഫോണില്‍ വിളിച്ചപ്പോഴും കിട്ടിയില്ല. അതുകൊണ്ടാണ് ഈ വിഷയത്തെ പറ്റി പറയാതിരുന്നത്.


Click it and Unblock the Notifications