ഹിറ്റുണ്ട്, ലുക്കുണ്ട്, പക്ഷെ പൃഥ്വി എന്നും എയറിൽ; അല്ലു അർജുൻ 'മല്ലു' അർജുനായ നാളുകൾക്ക് പിന്നിൽ
പുഷ്പ 2 ദ റൂൾ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ആഗോള തലത്തിൽ 500 കോടിക്കടുത്ത് ഇതുവരെ ചിത്രം കലക്ഷൻ നേടി. പുഷ്പയുടെ ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്ക് നിരാശയുണ്ടെങ്കിലും ഇത് കലക്ഷനെ വലിയ തോതിൽ ബാധിക്കുന്നില്ല. അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്ത സിനിമയാണ് പുഷ്പ ദ റൈസ്. എന്നാൽ അതിന് മുമ്പേ മലയാളികൾക്ക് നടൻ പ്രിയങ്കരനാണ്.
മല്ലു അർജുൻ എന്നാണ് താരത്തെ മലയാളികൾ സ്നേഹത്തോടെ വിളിക്കാറുള്ളത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ അല്ലു അർജുൻ കേരളത്തിലുണ്ടാക്കിയ തരംഗം ചെറുതല്ല. 2004 ൽ ആര്യ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അല്ലു അർജുൻ കേരളത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ റൊമാന്റിക് ചിത്രത്തിന് മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു.

പിന്നാലെ വന്ന ബണ്ണി, കൃഷ്ണ, ഹാപ്പി തുടങ്ങിയ സിനിമകളെല്ലാം വൻ ജനപ്രീതി നേടി. അക്കാലത്ത് മലയാളികൾ ആഘോഷിച്ച ഏക യുവ തെലുങ്ക് താരം അല്ലു അർജുനാണ്. പ്രഭാസ്, രാം ചരൺ, ജൂനിയർ എൻടിആർ തുടങ്ങിയ താരങ്ങളെ മലയാളികളിൽ പലർക്കും അറിയുക പോലുമില്ലായിരുന്നു. അല്ലു അർജുന് മലയാളത്തിൽ സ്വീകാര്യത ലഭിച്ചതിന് പിന്നിൽ പല കാരണങ്ങളുണ്ട്.
മലയാളികൾ കാത്തിരുന്ന യൂത്ത് ഐക്കണായിരുന്നു അന്ന് അല്ലു അർജുൻ. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ താരപ്രഭയിലാണ് അന്ന് മലയാള സിനിമാ ലോകം. യുവ നടൻമാരിൽ പലരും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഫാൻ ബേസുള്ളവരായി വളരാൻ അവർക്ക് കഴിഞ്ഞില്ല. 2010 വരെയും അല്ലു അർജുന് മലയാളത്തിലെ യുവ താരങ്ങളേക്കാളും ഒരുപടി മുകളിൽ ജനപ്രീതിയുണ്ടായിരുന്നു.

നടൻ പൃഥിരാജ് മാത്രമാണ് യുവനിരയിൽ അന്ന് താര പദവി ലഭിച്ച യുവ മലയാള നടൻ. തമിഴിലും ഹിന്ദിയിലും പൃഥ്വിക്ക് സാന്നിധ്യമറിയിക്കാനായി. സ്ക്രീൻ പ്രസൻസ്, ഡാൻസ്, ആക്ഷൻ, ഫിറ്റ്നെസ് എന്നിവയിലെല്ലാം അല്ലുവിനൊപ്പം നിൽക്കാൻ പറ്റുന്ന നടൻ. പക്ഷെ പൃഥിക്ക് അന്ന് മലയാളികൾക്കിടയിൽ സ്വീകാര്യതയില്ല. മാത്രവുമല്ല നടൻ അഹങ്കാരിയാണെന്ന സംസാരം സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും അന്നുണ്ട്.
കടുത്ത പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അന്ന് പൃഥ്വിക്ക് നേരെ വന്ന് കൊണ്ടിരിക്കുന്നു. സിനിമാ സംഘടനകളും പ്രബലരും പൃഥ്വിരാജിനെതിരെ തിരിഞ്ഞ കാലഘട്ടം. പൃഥ്വിരാജിനെ മാറ്റി നിർത്തിയാൽ ജയസൂര്യ ഉൾപ്പെടെയുള്ള അന്നത്തെ യുവ താരങ്ങൾക്കാർക്കും അല്ലുവിന്റെ താരമൂല്യത്തിനടുത്തെത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കിപ്പുറമാണ് പൃഥ്വിരാജിന് ജനസ്വീകാര്യത ലഭിക്കുന്നത്. അപ്പോഴേക്കും അല്ലു തെലുങ്കിലെ സൂപ്പർതാരമായി മാറിയിട്ടുണ്ട്.
ഡിസ്ട്രിബ്യൂട്ടർ ഖാദർ ഹസനാണ് അല്ലു അർജുനെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. നടൻ മലയാളത്തിൽ തിളങ്ങുമെന്ന് മുൻകൂട്ടി കണ്ട ഇദ്ദേഹം അല്ലു അർജുന്റെ ആര്യ എന്ന സിനിമയുടെ ഡിസ്ട്രിബ്യൂഷൻ എടുത്തു. വലിയ തോതിൽ ഈ സിനിമയ്ക്ക് പിആറും നടത്തി. ആര്യയുടെ റിലീസിന് മുമ്പ് പത്രങ്ങളിലും മാഗസിനുകളുമെല്ലാം വലിയ തോതിൽ പരസ്യം കൊടുത്തു.
ടെലിവിഷൻ ചാനലുകൾക്ക് അങ്ങോട്ട് പണം നൽകി കൃത്യമായ ഇടവേളകളിൽ പാട്ടും ട്രെയിലറും കാണിച്ചു. കോളേജ് തലത്തിൽ പ്രമോഷൻ ചെയ്തു. നല്ല രീതിയിൽ പണം ചെലവഴിച്ചാണ് അല്ലു അർജുന് മലയാളത്തിൽ ശ്രദ്ധ നേടിക്കൊടുത്തതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തിൽ ഖാദർ ഹസൻ പറഞ്ഞത്. അക്കാലത്ത് പൃഥ്വിരാജിന് വലിയ ആരാധക വൃന്ദം ഇല്ലെന്ന് ഇദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്.


Click it and Unblock the Notifications