അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്, അച്ഛനെ കാണാൻ പോകാറുണ്ട്, ജീവിതത്തിൽ ഞാൻ സീരിയസ്: അമല അക്കിനേനി
മലയാളികൾക്ക് നടി അമല അക്കിനേനിയോട് പ്രത്യേക ഇഷ്ടമുണ്ട്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ അമല ഒരു കാലത്ത് മലയാള സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഇന്നും ഈ സിനിമയും അമലയുടെ പ്രകടനവും ചർച്ചയാകാറുണ്ട്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും തിരക്കുള്ള നായിക നടിമാരിൽ ഒരാളായിരുന്നു അമല അക്കിനേനി. 1992 ൽ നടൻ നാഗാർജുനയെ വിവാഹം ചെയ്തതോടെ അമല കരിയറിൽ നിന്നും ഇടവേളയെടുത്തു. പിന്നീട് തിരിച്ച് വന്നെങ്കിലും പഴയത് പോലെ സജീവമായില്ല.
കൊൽക്കത്തയിലാണ് അമല ജനിച്ചത്. അച്ഛൻ ബംഗാളിയായ നേവി ഓഫീസർ. അമ്മ ഐറിഷുകാരിയും. ചെന്നെെയിലാണ് അമല വളർന്നത്. ഒരു സഹോദരനും അമലയ്ക്കുണ്ട്. തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമല. അച്ഛനും അമ്മയും വിവാഹമോചിതരാണെന്ന് അമല പറയുന്നു. അവൾ വികടന് നൽകിയ അഭിമുഖത്തിലാണ് അമല മനസ് തുറന്നത്.

ആദ്യമായി അടയാറിൽ അമ്മയ്ക്ക് വേണ്ടി വീട് വാങ്ങി. എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. അച്ഛൻ വേറെ വിവാഹം ചെയ്തു. അമ്മ എനിക്കൊപ്പമായിരുന്നു. എന്റെ അമ്മയെ ഞാൻ നോക്കണമെന്ന് എനിക്ക് തോന്നി. അമ്മയ്ക്കായി വീട് വാങ്ങി. അമ്മ എനിക്ക് പ്രിയപ്പെട്ടയാളാണ്. ഇപ്പോഴും അമ്മ എനിക്കൊപ്പമാണുള്ളത്. 88 വയസായി അമ്മയ്ക്ക്. എല്ലാവരും അവരുടെ അമ്മയ്ക്ക് ഒരു വീട് വാങ്ങണം. അച്ഛനെയും അമ്മയെയും ഇപ്പോൾ ഞാനാണ് നോക്കുന്നത്. അച്ഛൻ ഉത്തരാഖണ്ഡിലാണ്.
അവിടെ പോയാൽ പത്ത് ദിവസം ഞാനവിടെ ആയിരിക്കും. പ്രയോരിറ്റി മാതാപിതാക്കളിലായതിനാൽ 80 സ് റീ യൂണിയൻ എന്ന പേരിൽ സഹപ്രവർത്തകർ ഒത്തുചേരുമ്പോൾ തനിക്ക് പോകാനാകാറില്ല. എന്നാൽ ഹെെദരാബാദിലാണ് ഇവന്റ് നടത്തുന്നതെങ്കിൽ ഞാൻ തീർച്ചയായും പോകും. വിദേശത്താണെങ്കിൽ എല്ലാം വിട്ട് തനിക്ക് പോകേണ്ടി വരുമെന്നും അമല അക്കിനേനി പറഞ്ഞു. ജീവിതത്തിൽ താൻ കുറച്ച് സീരിയസാണെന്നും ഒരുപാട് ഉത്തരവാദിത്വങ്ങളുള്ളതാണ് അതിന് കാരണമെന്നും അമല അക്കിനേനി പറയുന്നുണ്ട്.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഹെെദരാബാദിലെ നിശബ്ദത എന്നെ ബാധിച്ചു. നാഗ് സർ എനിക്ക് വേണ്ടി കടലോരത്തിന്റെ ശബ്ദമുള്ള സിഡി വീട്ടിൽ പ്ലേ ചെയ്തു. ഇതാ നിന്റെ കടൽ എന്ന് പറഞ്ഞു. വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും അമല പറയുന്നുണ്ട്. ഞാൻ നോ പറയില്ല. പക്ഷെ ജീവിതം ഒരുപാട് മുന്നോട്ട് പോയി. ജോലി തേടിപ്പോകില്ല. വ്യത്യസ്തമായ റോൾ വന്നാൽ ചെയ്യും. ഇപ്പോൾ എന്നേക്കാൾ നന്നായി റോൾ ചെയ്യുന്നവരുണ്ട്. പാവമായ അമ്മ കഥാപാത്രങ്ങൾക്ക് എന്നെ സമീപിക്കും. സോറി, ഞാൻ ചെയ്യില്ലെന്ന് പറയും. സ്ത്രീകൾ ഒരുപാട് മാറി. അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ട ആവശ്യമേയില്ലെന്നും അമല അക്കിനേനി വ്യക്തമാക്കി.


Click it and Unblock the Notifications











