അമ്മയായാൽ കരിയർ ഉപേക്ഷിച്ച് വീട്ടിലിരിക്കണോ?; ദീപികയുടേത് ന്യായമായ ആവശ്യം, പിന്തുണ അറിയിച്ച് നടി അമല പോൾ!
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദീപിക പദുകോൺ തന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. ഗർഭിണിയായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നടിയുടെ അവസാനം റിലീസ് ചെയ്ത സിനിമകൾ കൽക്കിയും സിങ്കം എഗെയ്നുമായിരുന്നു. ദുആ എന്നാണ് തങ്ങളുടെ പെൺകുഞ്ഞിന് ദീപികയും രൺവീറും പേര് നൽകിയിരിക്കുന്നത്. മകൾ പിറന്ന് ഏഴ് മാസം പിന്നിട്ടതോടെ അഭിനയ ജീവിതത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് നടി.
പ്രഭാസിൻ്റെ സ്പിരിറ്റ് എന്ന ചിത്രത്തിലേക്ക് ദീപിക പദുകോണിനെയായിരുന്നു അണിയറപ്രവർത്തകർ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ നടി സിനിമയിൽ നിന്നും പിന്മാറിയെന്നുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം മുതൽ പുറത്ത് വരുന്നത്. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് സിനിമയാണ് സ്പിരിറ്റ്.

2023ലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ആനിമൽ എന്ന രൺബീർ കപൂർ സിനിമ സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗെയാണ് സ്പിരിറ്റിന്റെ സംവിധായകൻ. വൈകാതെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സ്പിരിറ്റിൽ അഭിനയിക്കാൻ വൻ ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വെച്ചതെന്നും അതൊന്നും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സിനിമയുടെ അണിയറപ്രവർത്തകർ നടിയെ സിനിമയിൽ നിന്നും മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലം കൂടാതെ സിനിമയുടെ ലാഭവിഹിതം എന്നിവയായിരുന്നു സ്പിരിറ്റ് അണിയറപ്രവർത്തകർക്ക് മുന്നിൽ ദീപിക വെച്ച ഡിമാന്റുകളത്രെ. ഇപ്പോഴിതാ വിഷയത്തിൽ ദീപികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി അമല പോൾ.
കൈക്കുഞ്ഞിന്റെ അമ്മയായ സ്ത്രീ ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രമെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നും അതിനുള്ള സാഹചര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് തന്നെയാണ് അമലയുടേയും അഭിപ്രായം. ഫിലിം ജേർണലിസ്റ്റിന്റെ സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. എട്ട് മാസം മാത്രം പ്രായമുള്ള ഒരു കൈകുഞ്ഞ് ദീപികയ്ക്ക് വീട്ടിലുണ്ട്. ആ കുഞ്ഞിന് അമ്മയുടെ കെയർ ആവശ്യമാണ്.
അതുകൊണ്ട് തന്നെ കൃത്യമായൊരു ജോലി സമയം അവർ ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്. അത് എങ്ങനെയാണ് അൺപ്രൊഫഷണലായ തീരുമാനമാകുന്നത്. ദീപികയുടെ ആവശ്യത്തോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അവരെ അൺപ്രൊഫഷണൽ എന്ന് മുദ്രകുത്താൻ അവകാശമില്ല. അവരുടെ കരിയറും അമ്മയെന്ന പദവിയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ വേണ്ടിയാണ് അവർ അത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

ആ ആവശ്യം ചെയ്ത് കൊടുക്കാതെ വിധിക്കുന്നത് അന്യായമാണ് എന്നായിരുന്നു സോഷ്യൽമീഡിയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ഇത് സ്റ്റോറിയിൽ ഷെയർ ചെയ്ത് അമലയും നടിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ഒപ്പം ഡീസന്റ് ഷൂട്ടിങ് ഹവേഴ്സ് എന്ന ഹാഷ്ടാഗും അമല ചേർത്തു. അമലയും ഒരു കൈക്കുഞ്ഞിന്റെ അമ്മയാണ്. തിരക്കിട്ട സിനിമാ ജീവിതത്തിനിടയിൽ പോലും കുഞ്ഞിന് വേണ്ടി ഒരു സമയം മാറ്റിവെക്കാൻ അമല എപ്പോഴും ശ്രമിക്കാറുണ്ട്.
ഭർത്താവ് ജഗതിന്റെ പിന്തുണയും നടിക്ക് അതിന് ലഭിക്കുന്നുണ്ട്. നിറവയറിലും സിനിമ പ്രമോഷന് എത്തി അഭിനേത്രി കൂടിയാണ് അമല പോൾ. പ്രസവശേഷം പുതിയ സിനിമകളൊന്നും നടിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഒരു സമയത്ത് വിവാഹശേഷം കരിയർ അവസാനിപ്പിച്ച് വീട്ടിൽ ഒതുങ്ങി കൂടുന്ന അഭിനേത്രികളായ സ്ത്രീകളുടെ എണ്ണം കൂടുതലായിരുന്നു.
സിനിമ മേഖലയിൽ നിന്ന് ദീപികയ്ക്കുണ്ടായത് പോലുള്ള അനുഭവങ്ങൾ നേരിട്ടതും വിവാഹത്തോടെ നടിമാർ കരിയർ ഉപേക്ഷിക്കാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ആനിമലിലെ നായികമാരിൽ ഒരാളായിരുന്ന തൃപ്തി ദിമ്രിയാണ് ദീപികയ്ക്ക് പകരം സ്പിരിറ്റിൽ നായിക വേഷം ചെയ്യാൻ പോകുന്നത്.


Click it and Unblock the Notifications











