നിനക്ക് ഭ്രാന്തായോ അമലേ? മഴ പെയ്ത സന്തോഷത്തില്‍ തുള്ളിച്ചാടിയ അമല പോളിനോട് അമ്മയുടെ ചോദ്യം!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായികമാരിലൊരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെ താരത്തിന്റെ സിനിമാജീവിതവും മാറി മറിയുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ ആര്‍ജ്ജവത്തോടെ സ്വന്തം നിലപാടുകളും തുറന്നുപറഞ്ഞിരുന്നു താരം. അടുത്തിടെയായിരുന്നു താരം രണ്ടാമതായി വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നുവെങ്കിലും ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല.
സോഷ്യല്‍ മീഡിയയിലൂടെ അമല പോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. പപ്പയുടെ വിയോഗത്തിന് ശേഷമുള്ള വിഷാദത്തെ താനും അമ്മയും അതിജീവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. സഹോദരന്‍ ഉള്‍പ്പടെ നിരവധി പേരാണ് പുതിയ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയത്. അമ്മയുടെ ഡയലോഗാണ് ഇത്തവണ തകര്‍ത്തത്. വീഡിയോ എടുത്തതും അമ്മയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അമല പോളിന്റെ പോസ്റ്റ്
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമല പോള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരമെത്താറുണ്ട്. ലോക് ഡൗണ്‍ കാലമായതിനാല്‍ സിനിമാതിരക്കുകളൊന്നുമില്ലാതെ വീട്ടില്‍ കഴിയുകയാണ് താരം. മഴ പെയ്തു കഴിഞ്ഞപ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കുന്ന താരത്തെയാണ് പുതിയ വീഡിയോയില്‍ കാണുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുക്കുന്നതും പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കൈയ്യിലെടുത്ത് ഓമനിച്ചുമൊക്കെയാണ് താരം സന്തോഷം പ്രകടിപ്പിക്കുന്നത്.

അമ്മയുടെ ഡയലോഗ്
ഒരു ചാറ്റല്‍ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ എന്ന് ചോദിക്കുന്നുണ്ട് അമ്മ. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ വലിയൊരു മഴ പെയ്താല്‍ എന്താവും അവസ്ഥയെന്നായിരുന്നു അമ്മയുടെ ചോദ്യം. എന്നാല്‍ ഇതൊന്നും മകള്‍ ചെവിക്കൊള്ളുന്നേയില്ല. മൂണിന്റെ ഫസ്റ്റ് റെയിനാണ് ഇതെന്നായിരുന്നു താരത്തിന്റെ ചോദ്യം. അമലയുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയാണ് മൂണ്‍. തന്റെ പൂച്ച പ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്തിയിരുന്നു.

സഹോദരന്റെ കമന്റ്
അമല പോളിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി അഭിജിത്ത് പോളും എത്തിയിരുന്നു. ജെയ്ക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചായിരുന്നു സഹോദരന്റെ ചോദ്യം. നിന്നെ മിസ്സ് ചെയ്യുന്നുവെന്ന കമന്റുമായും അമല എത്തിയിരുന്നു. തിരിച്ച് അതേ ഡയലോഗ് തന്നെ ആവര്‍ത്തിക്കുകയായിരുന്നു സഹോദരന്‍. അമ്മയുടെ ഡയലോഗ് പൊളിച്ചുവെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

ഭര്‍ത്താവിനെ കാണുന്നില്ല
അടുത്തിടെയായിരുന്നു അമല പോളിന്റെ രണ്ടാമത്തെ വിവാഹം നടന്നത്. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. ഗായകന്‍ തന്നെയായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ത്രോബാക്ക് എന്ന ഹാഷ് ടാഗോടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. പരമ്പരാഗത രാജസ്ഥാനി വേഷത്തിലുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വിവാഹം കഴിഞ്ഞുവെങ്കിലും പോസ്റ്റുകളിലൊന്നും ഭര്‍ത്താവിനെ കാണുന്നില്ലല്ലോയെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications