വിജയ്നെ പോലൊരു മാന്യനെ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞവർക്കുള്ള മറുപടി; പ്രശ്നമാക്കിയത് സംവിധായകന്റെ കുടുംബം?
ജഗത് ദേശായിയുമായുള്ള വിവാഹത്തിന് ശേഷം അതീവ സന്തോഷവതിയാണ് അമല പോൾ. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ആഗ്രഹിച്ചത് പോലെയൊരു പങ്കാളിക്കൊപ്പം കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം അമലയുടെ മുഖത്ത് കാണാമെന്ന് ആരാധകർ പറയുന്നു. ആദ്യം വിവാഹ ബന്ധം വേർപിരിഞ്ഞതും പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം അഭിമുഖീകരിച്ച അമല പോളിന് രണ്ടാം വിവാഹത്തിൽ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം തിരിച്ച് കിട്ടുകയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
നടി പൊങ്കലിനോട് അനുബന്ധിച്ച് പങ്കുവെച്ച വീഡിയോയും ഇവർ ചൂണ്ടിക്കാട്ടുന്നു. ഭർത്താവ് ജഗത് ദേശായിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വീഡിയോയാണിത്. പൊങ്കൽ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സാരിയും സിന്ദൂരവും ധരിച്ചാണ് അമല പോൾ ഭർത്താവിനൊപ്പം ഇരിക്കുന്നത്.

ആദ്യ വിവാഹമോചനത്തിന് ശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടത് അമല പോളാണ്. തമിഴകത്തെ മാന്യനായ സംവിധായകനായാണ് അമലയുടെ മുൻ ഭർത്താവ് എഎൽ വിജയ് അറിയപ്പെടുന്നത്. സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരനാണ് ഇദ്ദേഹം. തമിഴകത്ത് വലിയ കുടുംബ മഹിമയും അവകാശപ്പെടാനുള്ള എഎൽ വിജയ്ക്ക് നിരവധി ആരാധകരുണ്ട്.
വിവാഹബന്ധം തകർന്നപ്പോൾ അമലയെയാണ് മിക്കവരും കുറ്റപ്പെടുത്തിയത്. അമല കുടുംബിനിയായി കഴിയാൻ തയ്യാറായില്ല, പണത്തിനും പ്രശസ്തിക്കും പിറകെ പോയി, ഗ്ലാമറസായി അഭിനയിക്കുന്നു തുടങ്ങി പല ആക്ഷേപങ്ങൾ അമല പോളിന് കേൾക്കേണ്ടി വന്നു. ഇന്നും ഇത്തരം കമന്റുകൾ അമല പോളിന് നേരെ വരാറുണ്ട്. അതേസമയം രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിനും കരിയറിനും അമല ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അമലയും വിജയും തമ്മിലുള്ള വിവാഹ ബന്ധത്തെ ബാധിച്ചത് വിജയുടെ മാതാപിതാക്കളുടെ ഇടപെടലാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അമല പോൾ വിവാഹിതയാകുന്നത്. നടി അഭിനയ രംഗത്ത് തുടരുന്നതിൽ വിജയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. യാഥാസ്ഥിതിക കുടുംബവുമായി ഒത്ത് പോകാൻ അമലയ്ക്കും കഴിഞ്ഞില്ല. 2014 ൽ വിവാഹിതരായ ഇരുവരും 2017 ലാണ് വേർപിരിയുന്നത്. ഡിവോഴ്സിന് ശേഷം കൂടുതൽ ഗ്ലാമറസായ അമല പോളിനെയാണ് പ്രേക്ഷകർ കണ്ടത്.
ആടൈ എന്ന സിനിമയിൽ നഗ്നയായി അഭിനയിച്ചത് വലിയ തോതിൽ പ്രാധാന്യം നേടി. അന്നും അമലയ്ക്ക് കടുത്ത വിമർശനങ്ങൾ കേട്ടു. ഈ സിനിമ അമലയുടെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചെന്നും അഭിപ്രായമുണ്ട്. 2019 ൽ എഎൽ വിജയ് രണ്ടാമത് വിവാഹിതനായിട്ടുണ്ട്. ഡോ. ആർ ഐശ്വര്യയെയാണ് സംവിധായകൻ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്.
എഎൽ വിജയ്നെ പോലൊരു നല്ല വ്യക്തിയെ അമല പോൾ നഷ്ടപ്പെടുത്തിയെന്നായിരുന്നു ഇത്രയും നാൾ സംവിധായകന്റെ ആരാധകർ വാദിച്ചിരുന്നത്. അമലയെക്കുറിച്ച് പിന്നീട് വന്ന ഗോസിപ്പുകളും ഇതിന് ആക്കം കൂട്ടി. എന്നാൽ ജഗത് ദേശായിക്കൊപ്പം സന്തോഷകരമായി ജീവിച്ച് കുറ്റപ്പെടുത്തലുകൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് അമല പോൾ. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വാർത്ത നടി ആരാധകരെ അറിയിച്ചത്.
ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല പോൾ രണ്ടാമത് വിവാഹിതയായത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ നടിയുടെ സിനിമകൾ. ആടുജീവിതം ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications