ആ സമയത്തായിരുന്നു എന്റെ വിവാഹം, പക്ഷെ അവരൊരു കുടുംബമായി; പ്രശ്നങ്ങൾക്കിടെ ചർച്ചയായി അമലയുടെ വാക്കുകൾ
വിവാദങ്ങൾക്കും സൈബറാക്രമണങ്ങൾക്കുമിടയിലും പരസ്പരം ശക്തി പകർന്ന് മുന്നോട്ട് നീങ്ങുകയാണ് നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും. കാത്തിരിപ്പിനൊടുവിൽ നയൻതാരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോൾ തുടക്കം കുറിച്ച് ഒരുപിടി പ്രശ്നങ്ങൾക്ക് കൂടിയാണ്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിർമാതാവായ നടൻ ധനുഷ് കേസ് നൽകി. 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തന്റെ ഭാഗത്താണ് ന്യായമെന്ന് നയൻതാര വാദിക്കുന്നു.
തന്നോടും ഭർത്താവിനോടും പക വീട്ടുകയാണ് ധനുഷെന്ന് നയൻതാര ആരോപിക്കുന്നു. നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ സിനിമയാണ് നാനും റൗഡി താൻ. ഈ സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിഘ്നേശ് അന്ന് കരിയറിൽ വളർന്ന് വരുന്ന സംവിധായകനാണ്. സിനിമ ഹിറ്റായതോടെ വിഘ്നേശ് മുൻനിര സംവിധായകനായി മാറി. ഇപ്പോഴിതാ വിഘ്നേശ്-നയൻതാര ദമ്പതികളെക്കുറിച്ച് നടി അമല പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നയൻതാരയ്ക്ക് മുമ്പ് താനായിരുന്നു നാനും റൗഡി താൻ ചെയ്യാനിരുന്നതെന്ന് അമല പോൾ ഒരിക്കൽ പറയുകയുണ്ടായി. നാനും റൗഡി താൻ ഞാനാണ് ചെയ്യാനിരുന്നത്. പക്ഷെ എന്റെ വിവാഹം ആ സമയത്തായിരുന്നു. അത് കൊണ്ട് ചെയ്യാൻ പറ്റിയില്ല. പക്ഷെ അതിനേക്കാൾ മനോഹരമായി ആ സിനിമ. നയൻതാര സിനിമ ചെയ്തു. അവർ രണ്ട് പേരും ഒരു കുടുംബമായി.
എല്ലാം നല്ലതിന് വേണ്ടിയാണ് സംഭവിക്കുന്നതെന്നും അമല പോൾ അന്ന് പറഞ്ഞു. സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് അമല പോൾ നാനും റൗഡി താൻ വേണ്ടെന്ന് വെച്ചത്. 2014 ലായിരുന്നു വിവാഹം. 2017 ൽ ഇരുവരും പിരിഞ്ഞു. നടൻ മിർച്ചി ശിവയും നാനും റൗഡി താൻ സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

വിഘ്നേശും നയൻതാരയും ഒന്നിക്കാൻ കാരണം താനാണെന്ന് മിർച്ചി ശിവ പറയുന്നു. നാനും റൗഡി താനിലേക്ക് ആദ്യം നായകനായി എന്നെ പരിഗണിച്ചിരുന്നു. എന്നാൽ താൻ ഈ സിനിമ നിരസിച്ചു. നയൻതാരയും വിഘ്നേശും ഇന്ന് ഹാപ്പിയായി കഴിയുന്നതിന് കാരണം ഞാനാണ്. കാരണം ആ സിനിമ ഞാൻ നിരസിച്ചു. നാനും റൗഡി താനിൽ ഞാൻ അഭിനയിക്കാത്തതാണ് ഏറ്റവും വലിയ പ്ലസ്. കാരണം ഞാൻ അഭിനയിച്ചിരുന്നെങ്കിൽ നയൻതാര മാഡം നായികയാകില്ലായിരുന്നെന്നും മിർച്ചി ശിവ പറഞ്ഞു.
2015 ലാണ് നാനും റൗഡി താൻ റിലീസ് ചെയ്യുന്നത്. സിനിമ വൻ ഹിറ്റായി. സിനിമ നിർമ്മിച്ച ധനുഷുമായി അന്നേ നയൻതാരയ്ക്കും വിഘ്നേശ് ശിവനും പ്രശ്നമുണ്ട്. നയൻതാരയുടെ പെർഫോമൻസ് ധനുഷിന് ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമയുടെ ബഡ്ജറ്റ് കൂടിയതിലും ധനുഷിന് നീരസമുണ്ടായെന്നാണ് പുറത്ത് വരുന്ന വിവരം. വർഷങ്ങൾക്കിപ്പുറവും ഈ പ്രശ്നം തുടരുന്നു. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു നയൻതാരയും ധനുഷും. എന്നാൽ നാനും റൗഡി താനിന് ശേഷം ഇവർ വൈര്യത്തിലായി.


Click it and Unblock the Notifications