പോസ്റ്റ്മാർട്ടം ചെയ്യുന്നത് അന്ന് നേരിട്ട് കണ്ടു, വിജയിയോട് അക്കാര്യത്തിൽ നന്ദിയുണ്ട്, മോശം മനുഷ്യരുണ്ട്; അമല
ഒരു സിനിമയ്ക്ക് വേണ്ട തിരക്കഥയ്ക്കുള്ള കാര്യങ്ങൾ ഇതിനോടകം അമല പോളിന്റെ ജീവിതത്തിൽ സംഭവിച്ച് കഴിഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം റോളകോസ്റ്റർ റൈഡ് പോലെയായിരുന്നു നടിയുടെ ജീവിതം. ഭാര്യയും അമ്മയുമെല്ലാമായിട്ടും സിനിമയിൽ സജീവമാണ് അമല പോൾ. സിനിമയിൽ നിന്നും സമ്പാദിച്ച് തുടങ്ങിയശേഷം ഒരു സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു നടി. ഇപ്പോഴിതാ ദൈവത്തിരുമകൾ എന്ന സിനിമയെ കുറിച്ചും നിർമ്മാണത്തിലേക്ക് ഇറങ്ങിയപ്പോഴുള്ള അനുഭവങ്ങളും ജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അമല പോൾ.
നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമ്മാണത്തിലേക്ക് ഇറങ്ങിയശേഷമാണെന്ന് അമല പറയുന്നു. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമയാണ് ദൈവത്തിരുമകൾ. ഒരുപാട് സൗഹൃദങ്ങൾ ആ സിനിമയിലൂടെ ഉണ്ടായി. ആ സിനിമയും അണിയറപ്രവർത്തകരും ഫാമിലി പോലെയായിരുന്നു എനിക്ക്.

മൈനയ്ക്കുശേഷം ചെയ്ത സിനിമയായിരുന്നു. അതുപോലെ കുട്ടിക്കാലം മുതൽ ഞാൻ വിക്രം സാറിനെ കണ്ട് വളർന്നിട്ടുള്ളതാണ്. അന്യനൊക്കെ കണ്ടശേഷം അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്നുവെന്നതിന്റെ സന്തോഷവുമുണ്ടായിരുന്നു. തമാശയൊക്കെ പറയുന്ന ഫൺ പേഴ്സണാണ് അദ്ദേഹം.
ഞാൻ ആദ്യമായി ഒരു സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിരുമകളിൽ വിക്രം സാറിനൊപ്പമാണ്. താരമായശേഷം എങ്ങനെ പെരുമാറണം, ഒപ്പം പ്രവർത്തിക്കുന്നവരെ എങ്ങനെ കംഫർട്ടബിളായി ഒപ്പം നിർത്തണം തുടങ്ങി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. അതുപോലെ സിനിമയുടെ സംവിധായകൻ വിജയിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു.
മൈനയ്ക്കുശേഷം അടുത്ത ഘട്ടകത്തിലേക്ക് എന്നെ കൂട്ടുകൊണ്ട് പോയത് ദൈവത്തിരുമകൾ എന്ന സിനിമയാണ്. ഷൂട്ട് സമയത്ത് വിജയ് പറഞ്ഞ് തന്ന് പഠിച്ച കാര്യങ്ങളിൽ ഞാൻ വളരെ നന്ദിയുള്ളവളുമാണെന്നും അമല പറയുന്നു. എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. ഒരുമിച്ച് സിനിമകൾ ചെയ്ത സമയത്താണ് ഇരുവരും പ്രണയത്തിലായത്. 2014ൽ ഇരുവരും ആഘോഷപൂർവം വിവാഹിതരാവുകയും ചെയ്തു.
എന്നാൽ ദാമ്പത്യത്തിന് മൂന്ന് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇരുവരും 2017ൽ വേർപിരിഞ്ഞു. പിന്നീടാണ് അമല ജഗത് ദേശായിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ന് ഒരു വയസുകാരൻ ഇളൈയുടെ മാതാപിതാക്കളാണ് ജഗതും അമലയും. കടാവർ സിനിമ ഞാൻ നിർമ്മിച്ചതാണ്. ആദ്യത്തെ പ്രൊഡക്ഷൻ ആയിരുന്നു.

ക്രിയേറ്റീവായി ഞാൻ ആ പടത്തിൽ വളരെ ഇൻവോൾവ്ഡായിരുന്നു. എന്റെ പേഴ്സണൽ ലൈഫ് എങ്ങനെയാണോ അതുമായി അട്രക്ടഡാകുന്ന റോളുകളാണ് എന്നെ അട്രാക്ട് ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കടാവർ സിനിമയിൽ ഞാൻ ഒരു ഫോറൻസിക് സർജനായിരുന്നു. ആ റോൾ ചുമ്മാ അങ്ങ് പോയി ചെയ്യാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ സർജനൊപ്പം സമയം ചിലവഴിച്ച് കാര്യങ്ങൾ വ്യക്തമായി തന്നെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അതുപോലെ പോസ്റ്റ്മാർട്ടം ചെയ്യുന്നത് ലൈവായി കണ്ടിട്ടുമുണ്ട്. അതുപോലെ തന്നെ ആ സിനിമയ്ക്ക് വേണ്ടി ഞാൻ മുടി മുറിച്ചു. ആ സിനിമ ഞാൻ ചെയ്യുന്ന സമയത്ത് പപ്പ കാൻസർ രോഗിയായിരുന്നു. ഫോർത്ത് സ്റ്റേജിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആ സമയത്ത് എന്നെ ചുറ്റിപറ്റി നടന്നിരുന്നു. നടിയായിരിക്കുക എന്നത് ഗാലറിയിൽ ഇരുന്ന കളി കാണുന്നതുപോലെയാണ്.
നിർമാതാവെന്നാൽ കളത്തിൽ ഇറങ്ങി കളിക്കണം. നമുക്ക് ചുറ്റും ഒരുപാട് മോശം മനുഷ്യരുണ്ടെന്ന് നിർമാതാവായ ശേഷം എനിക്ക് മനസിലായി. ആ അനുഭവങ്ങൾ എന്നെ കൂടുതൽ പക്വതയുള്ളവളാക്കിയെന്നും അമല പോൾ പറയുന്നു.


Click it and Unblock the Notifications











